തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നൽകിയ തെറ്റായ സീറ്റ് വിഹിതത്തിൽ വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് നടത്തിയ അലോട്ട്മെന്റ് പിൻവലിച്ചു. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.ടി) ഉൾപ്പെടെയുള്ള കോഴ്സുകളിലെ സീറ്റ് വിഹിതത്തിലാണ് പിഴവ് സംഭവിച്ചത്.
നാല് സീറ്റ് മാത്രമുള്ള സ്ഥാപനങ്ങളിലേക്ക് 30 വിദ്യാർഥികൾക്കുവരെ അലോട്ട്മെന്റ് നൽകാവുന്ന രീതിയിലാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സീറ്റ് മെട്രിക്സ് നൽകിയത്. ഇതിന് ആരോഗ്യവകുപ്പ് അംഗീകാരം നൽകിയാണ് അലോട്ട്മെന്റിനായി എൽ.ബി.എസിന് കൈമാറിയത്. കഴിഞ്ഞ 23ന് എൽ.ബി.എസ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഫീസടച്ച് പ്രവേശനത്തിനായി കോളജുകളിൽ എത്തിയപ്പോഴാണ് ഇല്ലാത്ത സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് ലഭിച്ചതെന്ന് വ്യക്തമായത്. ഇതോടെ വിദ്യാർഥികൾ എൽ.ബി.എസിൽ ബന്ധപ്പെടുകയായിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് തയാറാക്കി അയച്ച സീറ്റ് മെട്രിക്സിൽ പിഴവ് സംഭവിച്ചെന്ന് വ്യക്തമായതോടെ അലോട്ട്മെന്റ് പിൻവലിച്ചു. പുതുക്കിയ അലോട്ട്മെന്റ് അടുത്ത ദിവസംതന്നെ പ്രസിദ്ധീകരിക്കും. നിലവിൽ അലോട്ട്മെന്റ് ലഭിച്ചവർ കോളജുകളിൽ ചേരേണ്ടതില്ലെന്ന് നിർദേശവും നൽകിയിട്ടുണ്ട്.
നേരത്തേ അലോട്ട്മെന്റ് ലഭിച്ച പല വിദ്യാർഥികളും പുതുക്കിയ അലോട്ട്മെന്റിൽ പുറത്താകുകയോ കോഴ്സുകളിൽ മാറ്റം സംഭവിക്കുകയോ ചെയ്തേക്കും. ഡി.ഫാം, ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ, ഡി.എം.എൽ.ടി തുടങ്ങി 16 ഡിപ്ലോമ കോഴ്സുകളിലേക്കാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നത്.
2019-20 വർഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകിയ തെറ്റായ സീറ്റ് വിഹിതം വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇ.ഡബ്ല്യു.എസ് സംവരണത്തിന് ആ വർഷം 26 എം.ബി.ബി.എസ് സീറ്റുകളാണ് അധികമായി അനുവദിച്ചത്. മാധ്യമ വാർത്തകളെതുടർന്ന് 2020 -21ൽ അധിക സീറ്റ് പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.