പ്ലസ്​ വൺ പ്രവേശം മെയ്​ 17 മുതൽ

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിന് മേയ് 17മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മേയ് 31ആണ് അവസാന തീയതി. ട്രയല്‍ അലോട്ട്മെന്‍റ് ജൂണ്‍ ഏഴിനും ആദ്യ അലോട്ട്മെന്‍റ് 13നും നടക്കും. ക്ളാസുകള്‍ ജൂണ്‍ 27ന് ആരംഭിക്കും. www.hscap.kerala.gov.in ലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാതല സീറ്റുകളുടെയും ബാച്ചുകളുടെയും വിശദാംശങ്ങള്‍ ഇതില്‍ ലഭിക്കും.

സ്വന്തമായോ 10ാംതരം പഠിച്ചിരുന്ന സ്കൂളിലെ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗപ്പെടുത്തിയോ അപേക്ഷ നല്‍കാം. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാനും പ്രിന്‍റൗട്ടും അനുബന്ധ രേഖകളും സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ സമര്‍പ്പിക്കാനും മേയ് 31വരെയാണ് സമയം. ജൂണ്‍ ഏഴിനാണ് ട്രയല്‍ അലോട്ട്മെന്‍റ്. ജൂണ്‍ 13നാണ് ആദ്യ അലോട്ട്മെന്‍റ്.

മുഖ്യഘട്ടത്തില്‍ രണ്ട് അലോട്ട്മെന്‍റുകള്‍ക്കുശേഷം ജൂണ്‍ 27ന് പ്ളസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കും. പ്രധാന അലോട്ട്മെന്‍റുകള്‍ക്കുശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തി ശേഷിക്കുന്ന ഒഴിവുകള്‍ നികുത്തും. ജൂലൈ 30ന് പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കും. സ്പോര്‍ട്സ് ക്വോട്ടയില്‍ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനമാണ് അപേക്ഷക്ക് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ അവരുടെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

രണ്ടാംഘട്ടത്തില്‍ സ്കൂള്‍, കോഴ്സ് ഓപ്ഷനുകള്‍ സഹിതം ഓണ്‍ലൈനായി പ്രവേശത്തിന് അപേക്ഷിക്കണം. ഏകജാലകത്തിലെ അവസാന അലോട്ട്മെന്‍റിന് മുമ്പ് രണ്ട് പ്രത്യേക അലോട്ട്മെന്‍റുകള്‍ സ്പോര്‍ട്സ് ക്വോട്ട പ്രവേശത്തിനായി നടത്തും. മേയ് 17മുതല്‍ 31വരെയാണ് ഒന്നാംഘട്ട രജിസ്ട്രേഷന്‍. ജൂണ്‍ ഒന്നുമുതല്‍ ആറുവരെയാണ് സ്പോര്‍ട്സ്ക്വോട്ട രണ്ടാംഘട്ട രജിസ്ട്രേഷന്‍. ജൂണ്‍ ഒമ്പതിനാണ് ഒന്നാം സ്പോര്‍ട്സ് അലോട്ട്മെന്‍റ്. ജൂണ്‍ 15ന് രണ്ടാം അലോട്ട്മെന്‍റ് നടത്തും.
സംസ്ഥാനത്ത് 356730 പ്ളസ് വണ്‍ സീറ്റാണുള്ളത്. ഇതില്‍ 183982 സയന്‍സ് സീറ്റുകളും 68838 ഹ്യുമാനിറ്റീസ് സീറ്റുകളും 103910 കോമേഴ്സ് സീറ്റുകളുമാണ്. 20 ശതമാനം ആനുപാതിക സീറ്റ് വര്‍ധനക്കും കഴിയും.

27500 വി.എച്ച്.എസ്.സി സീറ്റുകളും കൂടി ചേര്‍ത്താല്‍ നാലര ലക്ഷത്തിലേറെ കുട്ടികള്‍ക്ക് സീറ്റുകള്‍ ലഭ്യമാണെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ 140950 സീറ്റുകളും എയ്ഡഡ് മേഖലയില്‍ 164850 സീറ്റുകളും അണ്‍എയ്ഡഡ് മേഖലയില്‍ 50930 സീറ്റുകളുമാണ് പ്ളസ്വണിനുള്ളത്. 817 സര്‍ക്കാര്‍ സ്കൂളുകളും 844 എയ്ഡഡ് സ്കൂളുകളും 362 അണ്‍എയ്ഡഡ് സ്കൂളുകളും 48 സ്പെഷല്‍-ടെക്നിക്കല്‍-റെസിഡന്‍ഷ്യല്‍ സ്കൂളുകളും അടക്കം 2071 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുണ്ട്. 3683 സയന്‍സ് ബാച്ചുകളും 1386 ഹ്യുമാനിറ്റീസ് ബാച്ചുകളും 2082 കോമേഴ്സ് ബാച്ചുകളുമാണ് ഈ സ്കൂളുകളിലെല്ലാമായി ഉള്ളത്.

പ്ളസ് ടു സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ ആദ്യവാരം  

പ്ളസ് ടു സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കും. പ്ളസ് വണ്‍, പ്ളസ് ടു പൊതുപരീക്ഷകളുടെ സ്കോറുകളും നിരന്തരമൂല്യനിര്‍ണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്തും. വിദ്യാര്‍ഥിക്ക് ഓരോ വിഷയത്തിനും ലഭിച്ച സ്കോറും ഗ്രേഡും ഉണ്ടാവും. സ്കൂള്‍ സീലും പ്രിന്‍സിപ്പലിന്‍െറ സീലും രേഖപ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. സര്‍ട്ടിഫിക്കറ്റിന്‍െറ കൗണ്ടര്‍ഫോയിലുകള്‍ സ്കൂളില്‍ സൂക്ഷിക്കും. കമ്പാര്‍ട്ട്മെന്‍റലായി പരീക്ഷയെഴുതി ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അവര്‍ മുന്‍ പരീക്ഷയില്‍ യോഗ്യത നേടിയ സ്കോറുകളും ഇത്തവണ നേടിയതും ചേര്‍ത്തുള്ള കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റുകളും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കാനുള്ള സൗകര്യങ്ങള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ഒരുക്കിയിട്ടുണ്ട്.

മാര്‍ച്ചിലെ പരീക്ഷയില്‍ ഉന്നതപഠനത്തിന് അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍നിന്ന് സര്‍ട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും കൈപ്പറ്റാം. ഇതിന് വേറെ ഫീസ് നല്‍കേണ്ടതില്ല. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയവരും ഡ്യൂപ്ളിക്കേറ്റ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരും പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ നിശ്ചിത ഫീസിനൊപ്പം ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളുകളിലേക്ക് അയക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.