കൗശിക് രാജ്

മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; 89 ലക്ഷം രൂപയുടെ കൊളംബിയ സ്കോളർഷിപ്പിച്ച് ലഭിച്ച ഇന്ത്യൻ വിദ്യാർഥിക്ക് വിസ നിഷേധിച്ച് യു.എസ്

ന്യൂഡൽഹി: 87 ലക്ഷം രൂപയുടെ കൊളംബിയ സ്കോളർഷിപ്പിന് അർഹനായ ഇന്ത്യൻ വിദ്യാർഥിക്ക് വിസ നിഷേധിച്ച് യു.എസ് അധികൃതർ. കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഡാറ്റ ജേണലിസത്തിൽ മാസ്റ്റേഴ്സ് ചെയ്യാനാണ് കൗശിക് രാജ് എന്ന മാധ്യമ പ്രവർത്തകന് സ്കോളർഷിപ്പ്. എന്നാൽ അതിനായി അപേക്ഷയും നൽകി കാത്തിരിക്കുമ്പോഴാണ് വിസ നിഷേധിച്ചതായി കൗശിക് രാജിന് അറിയിപ്പ് ലഭിച്ചത്. ഡൽഹിയിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്യുകയായിരുന്നു ഈ 27കാരൻ.

ആഗസ്റ്റിൽ ആരംഭിച്ച കോഴ്സിന് ചേരാൻ രാജിന് ഇതുവരെ സാധിച്ചിട്ടില്ല. തന്റെ സമൂഹ മാധ്യമ പോസ്റ്റുകളായിരിക്കും വിസ നിഷേധിക്കാൻ കാരണമെന്നാണ് രാജ് കരുതുന്നത്.

അഭിമുഖമടക്കം വിസക്കായുള്ള എല്ലാ നടപടിക്രമങ്ങളും രാജ് ഇതിനകം തന്നെ പൂർത്തിയാക്കിയിരുന്നു. അതിനു ശേഷമാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളെ കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ നിർദേശം ലഭിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും സുരക്ഷക്ക് ഭീഷണിയാകുന്ന എന്തെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വിസ മരവിപ്പിക്കുമെന്നും അടുത്തിടെ ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞതാണ് വിസ നിരസിക്കാൻ കാരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടിയുള്ളത്. എന്നാൽ സമൂഹ മാധ്യമങ്ങളിലെ തന്റെ സാന്നിധ്യമാണ് വിസ നിരസിക്കാൻ കാരണമെന്നാണ് രാജ് ഉറച്ചുവിശ്വസിക്കുന്നത്. ഇന്ത്യയിലെ വർധിച്ചു വരുന്ന വിദ്വേഷ കുറ്റങ്ങളെ കുറിച്ചും ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള കേന്ദ്രസർക്കാറിന്റെ അതിക്രമങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകളാവാം കാരണമെന്നും ഈ മാധ്യമപ്രവർത്തകൻ സംശയിക്കുന്നു.

അതെ സമയം താൻ, ഓൺലൈനിൽ അത്രത്തോളം സജീവമായിരുന്നില്ലെന്നും ഗസ്സ വിഷയത്തിൽ ഒരിക്കലും ​പ്രതികരണം നടത്തിയിട്ടില്ലെന്നും രാജ് പറയുന്നു. എന്നാൽ ഇന്ത്യയിൽ വർധിച്ചുവരുന്ന വിദ്വേഷ കുറ്റങ്ങളെയും മുസ്ലിംകളെ അടിച്ചമർത്തുന്നതിനെയും കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ യു.എസ് അധികൃതർക്ക് കൈമാറിയിരുന്നു. അവർക്ക് അപേക്ഷയിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നുവെങ്കിൽ അത് അഭിമുഖത്തിന്റെ ഘട്ടത്തിൽ പറയേണ്ടിയിരുന്നു. എന്നാൽ തന്റെ സമൂഹ മാധ്യമങ്ങളിലെ വിശദാംശങ്ങളെ കുറിച്ച് ചോദിച്ച ശേഷം അവർ അപേക്ഷ പൂർണമായി നിരസിക്കുകയായിരുന്നുവെന്നും രാജ് ചൂണ്ടിക്കാട്ടുന്നു.

സമാനമായ രീതിയിൽ ചുരുങ്ങിയ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് യു.എസ് വിസ നിഷേധിച്ചതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഈ തിരസ്കരണം എന്നത് ശ്രദ്ധേയമാണ്.

Tags:    
News Summary - US Denies Visa To Indian Student Awarded ₹89 Lakh Columbia Scholarship After Social Media Screening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.