ഇന്ത്യാനയിലെ പർദ്യൂ യൂനിവേഴ്സിറ്റിയിൽ നിന്ന് അടുത്തിടെയാണ് വൈഷ്ണവേശ്വർ എന്ന 23കാരൻ ബിരുദം നേടിയത്. എന്നാൽ തൊഴിൽ പ്രശ്നങ്ങൾ കാരണം ജൻമനാടായ ബംഗളൂരുവിലേക്ക് മടങ്ങാൻ നിർബന്ധിതനായിരിക്കുകയാണ്. കഴിഞ്ഞ വർഷം ജോലികൾ കണ്ടെത്താൻ മാത്രമല്ല, മികച്ച റെസ്യൂമെയുള്ള ആളുകൾ പോലും ഇന്റേൺഷിപ്പ് നേടാൻ പാടുപെടുകയായിരുന്നു. 2022ലും 2023ലും ഇതായിരുന്നില്ല സ്ഥിതി. കൂടുതൽ കമ്പനികൾ വിദേശ വിദ്യാർഥികളെ സ്പോൺസർ ചെയ്യാനായി എത്തിയിരുന്നു. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും വിശ്വേശ്വര്‍ ഇന്റേൺ ആയിരുന്ന ഒരു യു.എസ് കമ്പനിയിൽ ജോലി തരപ്പെടുത്തിയിരുന്നു. എന്നാൽ വിസ പ്രശ്നങ്ങൾ കാരണം ആ കമ്പനിയുടെ ബംഗളൂരുവിലെ ബ്രാഞ്ചിലേക്ക് മാറാൻ നിർബന്ധിതനായി.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്നവരോ വിദേശരാജ്യങ്ങളിൽ താമസിക്കാൻ ആഗ്രഹിക്കുന്നവരോ ആയ ഇന്ത്യൻ വിദ്യാർഥികളുടെ മാത്രം ലക്ഷ്യമായി വിദേശ വിദ്യാഭ്യാസം മാറിക്കഴിഞ്ഞു. അതേസമയം, പഠനത്തിന് ശേഷമുള്ള വിസ നിയന്ത്രണങ്ങൾ വർധിക്കുന്നതും യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലെ മോശം തൊഴിൽ വിപണിയും മൂലം ബംഗളൂരുവിലേക്ക് മടങ്ങാനായി പലരും വിദേശരാജ്യങ്ങളിലെ ജോലി രാജിവെക്കുകയാണ്. യു.കെയിലും യു.എസിലും ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കാനെത്തിയിരുന്നത് ഇന്ത്യയിൽ നിന്നായിരുന്നു. അതിനൊക്കെ പുറമെ എ.ഐ ആധിപത്യം നേടിയതും മികച്ച ജോലികൾ ലഭിക്കാൻ തടസ്സമായി. യു.എസും യു.കെയും വിട്ട് അയർലൻഡിലേക്കും ജർമനിയിലേക്കും പോകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ജനുവരിയിൽ ഡോണൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡൻറായി അധികാരമേറ്റതോടെ തീരുവകൾ കുത്തനെ വർധിപ്പിക്കുകയും കുടിയേറ്റ നയങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു. എച്ച്‍വൺബി വിസകൾക്ക് കമ്പനികളിൽ നിന്ന് ഒരുലക്ഷം ഡോളർ ഫീസ് ഈടാക്കാനുള്ള തീരുമാനമായിരുന്നു അതിലൊന്ന്. യു.എസിനെ പോലെ യു.കെയും കുടിയേറ്റനയങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
അതോടൊപ്പം വിദഗ്ധ തൊഴിലാളികൾക്ക് നിശ്ചയിച്ചിരുന്ന ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തി. യു.എസ് കുടിയേറ്റനയം കടുപ്പിച്ചതോടെയാണ് ഓക്സ്ഫഡ് ബിരുദധാരിയായ ഷുബോർണോ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. കുടിയേറ്റക്കാരെ ശത്രുക്കളെ എന്ന പോലെയാണ് ട്രംപ് ഭരണകൂടം കണ്ടത്. അവിടെ സുരക്ഷ വലിയ പ്രശ്നമായി തോന്നുകയും ചെയ്തു. ഈ സാഹചര്യത്തിൽ നാട്ടിലെ വലിയൊരു കമ്പനി ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്തപ്പോൾ ഷുബോർണോക്ക് തിരിച്ചുവരാൻ രണ്ടാമതൊന്ന് ആലോചിക്കാൻ പോലുമുണ്ടായിരുന്നില്ല.
ബംഗളൂരു ആണ് യു.എസ്, യു.കെ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരുടെ പ്രധാന ആശ്രയകേന്ദ്രം. കാര്യങ്ങൾ ഇങ്ങനെ തന്നെ പോവുകയാണെങ്കിൽ പല വിദേശ കമ്പനികളും ഇന്ത്യയിൽ യൂനിറ്റുകൾ തുടങ്ങും. 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം 46.4 ശതമാനം(24,298 ൽ നിന്ന് 13,027 ആയി) കുറഞ്ഞതായി യു.എസ് ഇന്റർനാഷനൽ ട്രേഡ് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചെയ്ത ഡാറ്റയിൽ പറയുന്നു. യു.കെ ആഭ്യന്തര ഓഫിസിന്റെ ഡാറ്റ പ്രകാരം കഴിഞ്ഞ ആഗസ്റ്റിനെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർഥികളിൽ 11ശതമാനം കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.