ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന തൊഴിലുകൾ ഏതൊക്കെ?

കരിയർ തെരഞ്ഞെടുക്കുമ്പോഴോ ഉന്നത വിദ്യാഭ്യാസം നേടുമ്പോഴോ, തൊഴിൽ സാധ്യത മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഭാവിയിലെ തൊഴിൽ സാധ്യതകൾ മനസിലാക്കിയാൽ മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന തൊഴിലുകൾ പരിചയപ്പെടാം.

ഐ.ടി ഡയറക്ടർ, കൊമേഴ്‌സ്യൽ പൈലറ്റ്, മാനേജ്‌മെന്റ് കൺസൾട്ടന്റ്, പ്രൊഡക്റ്റ് മാനേജർ, ഡാറ്റ സയന്റിസ്റ്റ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ, എ.ഐ എഞ്ചിനീയർ, ചാർട്ടേഡ് അക്കൗണ്ടന്റ്, മാർക്കറ്റിങ് മാനേജർ എന്നിവ നിലവിൽ ഇന്ത്യയിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികളിൽ ചിലതാണ്.

ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലിയാണ് ഐ.ടി ഡയറക്ടർ. സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മുതൽ സൈബർ സുരക്ഷാ നടപടികൾ ശക്തവും കാലികവുമാണെന്ന് ഉറപ്പാക്കുന്നത് വരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടും. വിവിധ വകുപ്പുകളിൽ പ്രവർത്തിക്കാൻ സാങ്കേതിക വൈദഗ്ദ്ധ്യം, നേതൃത്വം, തന്ത്രപരമായ ചിന്ത, മികച്ച ആശയവിനിമയ കഴിവുകൾ എന്നിവ ആവശ്യമാണ്. കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ മേഖലയിലോ ബിരുദം, ഐ.ടി മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കിൽ എം.ബി.എ എന്നിവയാണ് യോഗ്യതകൾ.

2025-ൽ ഇന്ത്യയിൽ ഉയർന്ന ശമ്പളമുള്ള കരിയറുകളിൽ ഒന്നാണ് പൈലറ്റ്. വാണിജ്യ പൈലറ്റിനു പ്രതിവര്‍ഷം 20 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. ഈ ജോലിക്ക് കഠിനമായ പരിശീലനവും പ്രതിബദ്ധതയും ആവശ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുള്ള പന്ത്രണ്ടാം ക്ലാസ് ബിരുദം, കൊമേഴ്‌ഷ്യൽ പൈലറ്റ് ലൈസൻസ് എന്നിവ ജോലിക്ക് ആവശ്യമാണ്.

ബിസിനസ്, സാമ്പത്തിക ശാസ്ത്രം, മാനേജ്മെന്റ് എന്നിങ്ങനെയുള്ള ഏതെങ്കിലും മേഖലകളിൽ ബിരുദമാണ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ആകാൻ ആവശ്യമായ യോഗ്യത. ബിസിനസ്സിലോ എഞ്ചിനീയറിങ്ങിലോ പരിചയം, ഉൽപ്പന്നം വികസിപ്പിക്കൽ, മാർക്കറ്റിങ് എന്നിവയാണ് പ്രൊഡക്റ്റ് മാനേജർ ആകാനുള്ള യോഗ്യത.

കമ്പനികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയുമൊക്കെ സമ്പത്ത് വളരാന്‍ സഹായിക്കുന്നവരാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളത് ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയാണ്.

കമ്പനികൾ ഡാറ്റാധിഷ്ഠിത തന്ത്രങ്ങളെ കൂടുതലായി ആശ്രയിക്കുമ്പോൾ ഡാറ്റാ സയന്റിസ്റ്റുകളുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കും. ഡാറ്റാ സയന്റിസ്റ്റ് ആകാൻ ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ നിങ്ങൾക്ക് ശക്തമായ അടിത്തറ ആവശ്യമാണ്. പൈത്തൺ പോലുള്ള പ്രോഗ്രാമിങ് ഭാഷകളിലെ പ്രാവീണ്യം, ഡാറ്റ വിശകലനത്തിലെ പരിചയം എന്നിവ നിങ്ങളുടെ സാധ്യതകൾ വർധിപ്പിക്കും.

മനുഷ്യന്റെ പെരുമാറ്റത്തെ അനുകരിക്കാൻ കഴിവുള്ള ഇന്റലിജന്റ് സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നവരാണ് എ.ഐ എഞ്ചിനീയർമാർ. കമ്പ്യൂട്ടർ സയൻസിലോ എഞ്ചിനിയറിങ്ങിലോ ബിരുദവും എ.ഐ അല്ലെങ്കിൽ മെഷീൻ ലേണിങ്ങിൽ മാസ്റ്റേഴ്സ് ബിരുദവുമാണ് യോഗ്യത.

ബ്രാൻഡിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും, ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, വിൽപ്പന വർധിപ്പിക്കുന്നതിനും സഹായിക്കുന്ന കാമ്പയിനുകൾക്ക് പിന്നിലെ തലച്ചോറാണ് മാർക്കറ്റിങ് മാനേജർ. മാർക്കറ്റിങ്ങിലോ ബിസിനസ്സിലോ ബിരുദമാണ് യോഗ്യത. മാർക്കറ്റിങ്ങിൽ എം.ബി.എ തൊഴിൽ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കും. ഏതൊരു കമ്പനിയുടെയും സാമ്പത്തിക നട്ടെല്ലാണ് ചാർട്ടേഡ് അക്കൗണ്ടന്റുമാർ. കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സി.എക്കാരാകാനുള്ള പരീക്ഷ പാസ്സായിരിക്കണം.

Tags:    
News Summary - Top 10 Highest Paying Jobs in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.