പ്രോംപ്റ്റ് എൻജിനീയറിങ് അറിയാം നിർമിത ബുദ്ധിയുടെ അമരക്കാരനാകാം

രാവിലെ എഴുന്നേറ്റ്, അന്നത്തെ യോഗങ്ങളുടെ ഇമെയിലുകൾ തയാറാക്കാൻ നിർമിതബുദ്ധിയോട് (എ.ഐ) ആവശ്യപ്പെടുന്ന മാർക്കറ്റിങ് മാനേജർ, അല്ലെങ്കിൽ, സങ്കീർണമായ ശാസ്ത്രവിഷയം ലളിതമായി വിശദീകരിക്കുന്ന വിഡിയോ സ്ക്രിപ്റ്റ് തയാറാക്കാൻ എ.ഐയുടെ സഹായം തേടുന്ന വിദ്യാർഥി. ഇതെല്ലാം ഇന്ന് യാഥാർഥ്യമാണ്. ചാറ്റ് ജി.പി.ടി, ജെമിനി, മിഡ്ജേണി പോലുള്ള എ.ഐ ടൂളുകൾ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ, ഇവയിൽ നിന്ന് എപ്പോഴും നമുക്ക് മികച്ച ഫലങ്ങൾ ലഭിക്കാറുണ്ടോ? ‘കേരള ടൂറിസത്തെക്കുറിച്ച് ലേഖനം എഴുതുക’ എന്ന് പറയുമ്പോൾ, നെറ്റിൽ ലഭ്യമായ കുറെ പൊതു വിവരങ്ങൾ കോർത്തിണക്കിയ, പുതുമയുമില്ലാത്ത മറുപടിയാവാം എ.ഐ നൽകുന്നത്. ഇവിടെയാണ് സാധാരണ ഉപയോക്താവും വിദഗ്ദ്ധനും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നത്. ആ വൈദഗ്ധ്യത്തിന്റെ പേരാണ് ‘പ്രോംപ്റ്റ് എൻജിനീയറിങ്’. എ.ഐ എന്ന അതിവിദഗ്ദ്ധനായ, എന്നാൽ അക്ഷരാർഥത്തിൽ മാത്രം ചിന്തിക്കുന്ന സഹായിയോട്, എന്ത്, എങ്ങനെ, എപ്പോൾ ചെയ്യണമെന്ന് കൃത്യമായി നിർദേശിച്ച് ഏറ്റവും മികച്ച ഫലം നേടിയെടുക്കുന്ന കലയാണിത്.

എന്താണ് പ്രോംപ്റ്റ് എൻജിനീയറിങ്?

ബൃഹത്തായ ഭാഷാ മാതൃകകൾ (എൽ.എൽ.എം) കോടിക്കണക്കിന് ഡാറ്റയിൽ പരിശീലനം നേടിയവയാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് ഏത് വിഷയത്തെക്കുറിച്ചും എഴുതാനും സംസാരിക്കാനും കഴിയും. എന്നാൽ, അവയ്ക്ക് സ്വന്തമായി ചിന്തിക്കാനോ നമ്മുടെ മനസ്സിലിരുപ്പ് ഊഹിച്ചെടുക്കാനോ കഴിയില്ല. നമ്മൾ നൽകുന്ന നിർദേശങ്ങൾ (Prompts) ആണ് അവയുടെ ചിന്തയുടെയും പ്രവർത്തനത്തിന്റെയും വഴികാട്ടി.

മികച്ച പ്രോംപ്റ്റിന് സാധാരണ നാല് പ്രധാന ഘടകങ്ങളുണ്ടാകും:

1. വ്യക്തിത്വം: എ.ഐ ആരുടെ റോളിലാണ് സംസാരിക്കേണ്ടതെന്ന് നിർവചിക്കുക. ഇത് ഉത്തരത്തിന്റെ ശൈലിയെയും ഉള്ളടക്കത്തെയും കാര്യമായി സ്വാധീനിക്കും. ഉദാഹരണം: ‘ഒരു പ്രഫഷണൽ കരിയർ ഗൈഡ് എന്ന നിലയിൽ... അല്ലെങ്കിൽ ‘യാത്രാവിവരണങ്ങൾ എഴുതുന്ന ഒരു ബ്ലോഗർ എന്ന നിലയിൽ...’

2. സന്ദർഭം: എന്തിനാണ് നിങ്ങൾക്ക് ഈ വിവരം ആവശ്യമുള്ളതെന്ന് വ്യക്തമാക്കുക. ഇത് കൂടുതൽ അനുയോജ്യമായ മറുപടി നൽകാൻ എ.ഐയെ സഹായിക്കും. ഉദാ: ‘ഞാൻ പത്താം ക്ലാസ് വിദ്യാർഥികൾക്കായി ഒരു സെമിനാർ തയാറാക്കുകയാണ്. അതിന്റെ ഭാഗമായി...’

3. കൃത്യമായ നിർദേശം: എന്താണ് ചെയ്യേണ്ടതെന്ന് വളരെ വ്യക്തമായി പറയുക. താരതമ്യം ചെയ്യുക, സംഗ്രഹിക്കുക, പട്ടിക തയാറാക്കുക, ആശയങ്ങൾ നൽകുക എന്നിങ്ങനെ എന്തുമാവാം.

4. ഫോർമാറ്റ്: ഉത്തരം ഏത് രൂപത്തിലാണ് വേണ്ടതെന്ന് മുൻകൂട്ടി നിശ്ചയിക്കുക. ഉദാ: ഉത്തരം ബുള്ളറ്റ് പോയന്റുകളായി നൽകുക അല്ലെങ്കിൽ പട്ടിക രൂപത്തിൽ തയാറാക്കുക എന്നിങ്ങനെ.

പ്രോംപ്റ്റ് എൻജിനീയറിങ് എന്ന കരിയർ

പ്രോംപ്റ്റ് എൻജിനീയറിങ് ഒരു ഹോബി മാത്രമല്ല, അതിവേഗം വളരുന്ന കരിയർ മേഖല കൂടിയാണ്. ടെക് കമ്പനികൾ ഇന്ന് പ്രോംപ്റ്റ് എൻജിനീയർമാർക്ക് ഉയർന്ന ശമ്പളം നൽകി നിയമിക്കുന്നു. കാരണം, ഒരു എ.ഐ മോഡലിന്റെ പൂർണമായ കഴിവ് പുറത്തുകൊണ്ടുവരാൻ ഇവർക്ക് സാധിക്കുന്നു.

പ്രധാന തൊഴിൽ മേഖലകൾ:

പ്രോംപ്റ്റ് എൻജിനീയർ: എ.ഐ മോഡലുകൾക്കായി മികച്ച പ്രോംപ്റ്റുകൾ ഉണ്ടാക്കുകയും അവയുടെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

എ.ഐ കോണ്ടെന്റ് സ്ട്രാറ്റജിസ്റ്റ്: മാർക്കറ്റിങ്, പരസ്യം തുടങ്ങിയ മേഖലകളിൽ എ.ഐ ഉപയോഗിച്ച് മികച്ച ഉള്ളടക്കം ഉണ്ടാക്കുന്നതിന് നേതൃത്വം നൽകുന്നു.

മെഷീൻ ലേണിങ് എൻജിനീയർ: പ്രോംപ്റ്റ് എൻജിനീയറിങ് തത്ത്വങ്ങൾ ഉപയോഗിച്ച് എ.ഐ മോഡലുകളെ പരിശീലിപ്പിക്കുന്നു. ഇതുകൂടാതെ, ജേണലിസം, വിദ്യാഭ്യാസം, നിയമം, ആരോഗ്യം, കല, ഡിസൈനിങ് തുടങ്ങി ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രോംപ്റ്റ് എൻജിനീയറിങ് അധിക യോഗ്യതയായി മാറിയിരിക്കുന്നു.

ഈ കഴിവുള്ളവർക്ക് അവരുടെ ജോലികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ചെയ്യാൻ സാധിക്കും.

വെല്ലുവിളികൾ

എ.ഐ മോഡലുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഈ രംഗത്തെ അറിവ് എപ്പോഴും പുതുക്കേണ്ടിവരും. എ.ഐയുടെ പക്ഷപാതപരമായ മറുപടികളെ തിരിച്ചറിയാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും പ്രോംപ്റ്റ് എൻജിനീയർമാർക്ക് ധാർമികമായ ഉത്തരവാദിത്തമുണ്ട്.

ഓൺലൈൻ കോഴ്‌സുകളും പ്ലാറ്റ്‌ഫോമുകളും

മികച്ച കരിയർ സാധ്യതകളുള്ള, ഈ രംഗത്ത് അറിവ് നേടാൻ സഹായിക്കുന്ന ലോക നിലവാരമുള്ള ചില

കോഴ്‌സുകളും പ്ലാറ്റ്‌ഫോമുകളുമാണ് താഴെ

1. Coursera:

ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള കോഴ്സുകൾ ഇവിടെ ലഭ്യമാണ്. പല കോഴ്സുകളും സൗജന്യമായി പഠിക്കാനും സർട്ടിഫിക്കറ്റിനായി മാത്രം പണമടക്കാനും സാധിക്കും.

•Vanderbilt Universityകോഴ്സുകൾ: പ്രോംപ്റ്റ് എൻജിനീയറിങ്ങിൽ തുടക്കക്കാർക്ക് മുതൽ വിദഗ്ധർക്കുവരെ പ്രയോജനപ്പെടുന്ന കോഴ്‌സുകൾ ഇവർ നൽകുന്നു. ലളിതമായ ഭാഷയിൽ പ്രോംപ്റ്റുകൾ എങ്ങനെ തയാറാക്കാം എന്ന് പഠിപ്പിക്കുന്ന ‘പ്രോംപ്റ്റ് എൻജിനീയറിങ് സ്പെഷൈലസേഷൻ’ വളരെ മികച്ച ഒന്നാണ്. ലിങ്ക്: https://www.coursera.org/specializations/prompt-engineering

• DeepLearning.AI കോഴ്സുകൾ: എ.ഐ രംഗത്തെ പ്രമുഖനായ ആൻഡ്രൂ എൻഗിന്റെ നേതൃത്വത്തിലുള്ള ഈ സ്ഥാപനം ജനറേറ്റിവ് എ.ഐ, പ്രോംപ്റ്റ് എൻജിനീയറിങ് എന്നിവയിൽ മികച്ച കോഴ്‌സുകൾ നൽകുന്നുണ്ട്. ഡെവലപ്പർമാർക്കായി തയാറാക്കിയ ‘ചാറ്റ് ജി.പി.ടി പ്രോംപ്റ്റ് എൻജിനീയറിങ് ഫോർ ഡവലപ്പേഴ്സ്’ എന്ന കോഴ്സ് ഏറെ ശ്രദ്ധേയമാണ്. ലിങ്ക്: https://www.coursera.org/learn/chatgpt-prompt-engineering-for-developers

2. Udemy & LinkedIn Learning

തൊഴിൽ രംഗത്ത് ആവശ്യമായ കഴിവുകൾ നേടാൻ സഹായിക്കുന്ന ആയിരക്കണക്കിന് കോഴ്‌സുകൾ ഈ പ്ലാറ്റ്‌ഫോമുകളിലുണ്ട്. തുടക്കക്കാർക്കും പ്രഫഷനലുകൾക്കും ഇവ പ്രയോജനപ്പെടും.

കുറഞ്ഞ വിലയിൽ വിവിധ കോഴ്‌സുകൾ യൂഡെമിയിൽ ലഭിക്കും. പ്രോംപ്റ്റ് എൻജിനീയറിങ്ങിലും കോഴ്‌സുകൾ ലഭ്യമാണ്. (https://www.udemy.com/topic/prompt-engineering/)

ലിങ്ക്ഡ്ഇൻ പ്രൊഫൈലുമായി ബന്ധിപ്പിച്ച് കോഴ്‌സുകൾ ചെയ്യാനും സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിൽ ചേർക്കാനും സാധിക്കും.(https://www.linkedin.com/learning/topics/prompt-engineering)

3. ഗൂഗ്ൾ, മൈക്രോസോഫ്റ്റ് കോഴ്സുകൾ:

ടെക് ഭീമന്മാരായ ഗൂഗ്ളും മൈക്രോസോഫ്റ്റും എ.ഐ, മെഷീൻ ലേണിങ്, പ്രോംപ്റ്റ് എൻജിനീയറിങ് എന്നിവയിൽ സൗജന്യമായി പഠിക്കാനുള്ള ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്. (https://www.cloudskillsboost.google/course_templates/536)

• മൈക്രോസോഫ്റ്റ് ലേൺ: മൈക്രോസോഫ്റ്റിന്റെ എ.ഐ ടൂളുകളെക്കുറിച്ചും ജനറേറ്റിവ് എ.ഐയെക്കുറിച്ചും പഠിക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. (https://learn.microsoft.com/en-us/azure/ai-services/openai/prompt-engineering)

എ.ഐ ടൂളുകളിൽ നിരന്തരം പരിശീലിക്കുന്നത് വഴി പ്രോംപ്റ്റ് എൻജിനീയറിങ്ങിൽ വൈദഗ്ധ്യം നേടാനാകും. സംഭാഷണങ്ങൾക്കും എഴുത്തുകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന എ.ഐ അസിസ്റ്റന്റാണ് ആന്ത്രോപിക് ക്ലോഡ് [https://claude.ai]. വാക്കുകൾ ഉപയോഗിച്ച് മനോഹരചിത്രങ്ങൾ നിർമിക്കാൻ സഹായിക്കുന്ന എ.ഐ ടൂളാണ് മിഡ്‌ജേർണി. (www.midjourney.com).

Tags:    
News Summary - Prompt Engineering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.