ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്; സിവിൽ സർവിസസ് പരീക്ഷക്കൊരുങ്ങാം

സമർഥരായ ബിരുദധാരികൾക്ക് ബ്യൂറോക്രസിയുടെ കൊടുമുടി കയറാൻ മികച്ച അവസരം. യു.പി.എസ്.സിയുടെ 2024ലെ സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷക്ക് ഓൺലൈനായി മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in ൽ.​ പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് മെയിൻ പരീക്ഷയിലും തുടർന്നുള്ള പേഴ്സനാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖത്തിലും പ​ങ്കെടുക്കാവുന്നത്. ഇവയിലെല്ലാം മികവ് പുലർത്തി ഉയർന്ന റാങ്ക് നേടുന്നവർക്ക് ഐ.എ.എസ്, ഐ.എഫ്.എസ്, ​ഐ.പി.എസ് ഉൾപ്പെടെ 21 കേന്ദ്ര സർവിസുകളിൽ പ്രവേശിക്കാം. ഇത്തവണ 1056 ഒഴിവുകളാണുള്ളത്.

യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. എം.ബി.ബി.എസ്, ബി.ഇ/ബി.ടെക് അടക്കമുള്ള പ്രഫഷനൽ ബിരുദക്കാർക്കും അപേക്ഷിക്കാം. പ്രായം 2024 ആഗസ്റ്റ് ഒന്നിന് 21 വയസ്സ് തികഞ്ഞിരിക്കണം. 32 വയസ്സ് കവിയരുത്. പട്ടികജാതി/വർഗക്കാർക്ക് 5 വർഷവും ഒ.ബി.സി വിഭാഗങ്ങൾക്ക് 3 വർഷവും വിമുക്തഭടന്മാർ ഉൾപ്പെടെ മറ്റ് ചില വിഭാഗങ്ങൾക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ബി.ഡി) 10 വർഷത്തെ ഇളവ് ലഭിക്കും.

ആറു തവണ എഴുതാം: ജനറൽ വിഭാഗത്തിൽപെടുന്നവർക്ക് ആറു തവണയും ഒ.ബി.സി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് ഒമ്പത് തവണയും പരീക്ഷയെഴുതാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് തവണ ബാധകമല്ല. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.

അപേക്ഷാ ഫീസ്: അപേക്ഷാഫീസ് 100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. https://upsconline.nic.inൽ ഓൺലൈനായി മാർച്ച് അഞ്ച് വൈകീട്ട് 6 മണി വരെ അപേക്ഷ സമർപ്പിക്കാം. അപാകതയുണ്ടെങ്കിൽ മാർച്ച് 6-12 വരെ പരിഹരിക്കാം

പ്രാഥമിക പരീക്ഷ: പ്രാഥമിക പരീക്ഷ മേയ് 26ന്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്. രണ്ട് നിർബന്ധ പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷക്ക്. 200 മാർക്കിന്റെ ഓരോ പേപ്പറിലും ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ.

പൊതു വിജ്ഞാനം വിലയിരുത്തുന്ന ജനറൽ സ്റ്റഡീസാണ് ഒന്നാം പേപ്പർ. രണ്ടാം പേപ്പർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റായിരിക്കും. പേപ്പർ രണ്ടിൽ 33 ശതമാനം മാർക്കിൽ കുറയാതെ നേടുന്നവർക്കാണ് യോഗ്യത നേടാനാവുക.

മലയാളത്തിലും എഴുതാം: മലയാളം, കന്നട, ഹിന്ദി, തമിഴ്, ഉറുദു ഉൾപ്പെടെ 15 ഭാഷകളിൽ പരീക്ഷയെഴുതാം. മെയിൻ പരീക്ഷക്ക് രണ്ട് ഓപ്ഷനൽ വിഷയങ്ങൾ തെരഞ്ഞെടുക്കാം. അഗ്രികൾചർ, അനിമൽ അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ആ​ന്ത്രോപ്പോളജി, ബോട്ടണി, കെമിസ്ട്രി, സിവിൽ, എൻജിനീയറിങ്, കോമേഴ്സ് ആൻഡ് അക്കൗണ്ടൻസി, ഇക്കണോമിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്, ജ്യോഗ്രഫി, ജിയോളജി, ഹിസ്റ്ററി, ലോ, മാനേജ്മെന്റ്, മാത്തമാറ്റിക്സ്, മെഡിക്കൽ സയൻസ്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്, സൈ​ക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, ഉറുദു, തമിഴ് ഉൾപ്പെടെ ഭാഷാവിഷയങ്ങൾ എന്നിവയാണ് ഓപ്ഷനൽ വിഷയങ്ങളിലുള്ളത്.

വിവരണാത്മക പരീക്ഷയാണ് മെയിൻ. മെയിൻ പരീക്ഷയിൽ രണ്ട് യോഗ്യത പേപ്പറുകളുണ്ടാകും. പേപ്പർ എയിൽ ഇന്ത്യൻ ഭാഷകളിലൊന്ന് തെരഞ്ഞെടുക്കാം. പേപ്പർ ബി ഇംഗ്ലീഷ്. മെരിറ്റിന് പരിഗണിക്കപ്പെടുന്ന ഏഴ് പേപ്പറുകളുണ്ട്. ഉപന്യാസം, ജനറൽ സ്റ്റഡീസ്, ഓപ്ഷനൽ വിഷയങ്ങൾ എന്നിവ ഇതിൽപെടും. മെയിൻ പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. മെയിൻ പരീക്ഷക്കുശേഷം അഭിമുഖം. ശേഷം ഫലം പ്രസിദ്ധീകരിക്കും. വിജയികൾ മുസോറി അക്കാദമിയിൽ ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കണം.

സർവിസുകൾ: നിയമനം ലഭിക്കാവുന്ന സർവിസുകളിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസ് (ഐ.എ.എസ്), ഫോറിൻ സർവിസ് (ഐ.എഫ്.എസ്), പൊലീസ് സർവിസ് (ഐ.പി.എസ്) , ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ്, സിവിൽ അക്കൗണ്ട്സ്, കോർപറേറ്റ് ലോ, ഡിഫൻസ് അക്കൗണ്ട്സ്/എസ്റ്റേറ്റ്സ്, ഇൻഫർമേഷൻ, പോസ്റ്റൽ, പോസ്റ്റ് ആൻഡ് ടെലി​ഗ്രാഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റവന്യൂ, ട്രേഡ്, റെയിൽവേ മാനേജ്മെന്റ് സർവിസ് മുതലായവ ഉൾപ്പെടും. റാങ്കടിസ്ഥാനത്തിലാണ് സർവിസ് ലഭിക്കുക.

ഇന്ത്യൻ ഫോറസ്റ്റ് സർവിസിലേക്കും ഒരേ പ്രാഥമിക പരീക്ഷ

യു.പി.എസ്.സിയുടെ 2024ലെ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് പരീക്ഷ വിജ്ഞാപനം www.upsc.gov.inൽ ലഭിക്കും. മെയിൻ പരീക്ഷക്കുള്ള സ്ക്രീനിങ് സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷതന്നെയാണ്. ഇതിൽ യോഗ്യത നേടുന്നവർക്ക് ഫോറസ്റ്റ് സർവിസ് മെയിൻ പരീക്ഷയും അഭിമുഖവുമുണ്ടാകും. ഉയർന്ന റാങ്ക് നേടുന്നവർക്കാണ് നിയമനം. ഇക്കൊല്ലം 150 ഒഴിവുകളാണുള്ളത്.

യോഗ്യത: അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രികൾചർ, ഫോറസ്ട്രി, എൻജിനീയറിങ് വിഷയങ്ങളിലൊന്നിൽ ബിരുദം.വിശദാംശങ്ങൾ: www.upsconline.nic.inൽ. മാർച്ച് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. അപാകത പരിഹരിക്കുന്നതിന് മാർച്ച് 6-12 വരെ സൗകര്യം ലഭിക്കും.

Tags:    
News Summary - Prepare for civil services exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.