കണ്ണൂർ: കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ ഈമാസം 21ന് നടക്കുന്ന വിജ്ഞാനകേരളം മെഗാ തൊഴിൽ മേളയിൽ 35,000ത്തിലേറെ ഒഴിവുകൾ. ഇതുവരെയുള്ള അപേക്ഷകരാവട്ടെ, 5500 പേരും. സ്വകാര്യ മേഖലയിൽ ഇത്രയും ഒഴിവുകളുണ്ടായിട്ടും ഇടനിലക്കാരനായി സർക്കാർ സംവിധാനമുണ്ടായിട്ടും അപേക്ഷിക്കാൻ ആളില്ലെന്നതാണ് ഏറെ ആശ്ചര്യകരം.
പ്ലസ് ടു മുതൽ പി.ജി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന തൊഴിലവസരങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയത്. ഐ.ടി.ഐ തത്തുല്യ യോഗ്യതയുള്ളവർക്കാണ് ഏറ്റവും കൂടുതൽ തൊഴിലവസരമുള്ളത്- 12,838 ഒഴിവുകൾ. പ്ലസ് ടുക്കാർക്ക് 3200ൽ അധികം ഒഴിവുണ്ട്.
സാങ്കേതിക ഡിപ്ലോമ നേടിയവർക്ക് 6500ലധികം ഒഴിവുകളും ബിരുദധാരികൾക്കും വിവിധ എൻജിനിയറിങ് ബിരുദധാരികൾക്കും 8000 ഒഴിവുകളുമുണ്ട്. ജർമനിയിലേക്ക് 1050 നഴ്സുമാരുടെ ഒഴിവുമുണ്ട്. സാങ്കേതിക ഡിപ്ലോമക്കാർക്കായി 2600ലധികം ഒഴിവുകളിലേക്ക് വെർച്വൽ ജോബ് ഫെയറും നടത്തും. ഒരു ഉദ്യോഗാർഥിക്ക് പരമാവധി അഞ്ച് കമ്പനികളിലേക്ക് അപേക്ഷ സമർപ്പിക്കാം.
യോഗ്യതയനുസരിച്ച് 10,000 മുതൽ 3,50,000 രൂപ വരെയുള്ള വേതനം ഉറപ്പാക്കുന്നുണ്ട്. 10,000 രൂപയിൽ താഴെ വേതനമുള്ള 30 ഒഴിവുകൾ, 10,000- 15,000 നിരക്കിൽ 2215 ഒഴിവുകൾ, 15,000- 25000 നിരക്കിൽ 27,030 ഒഴിവുകൾ, 25,000- 40,000 നിരക്കിൽ 300ലധികം ഒഴിവുകൾ എന്നിങ്ങനെയാണ് കണക്ക്. 40000-ഒരു ലക്ഷം രൂപ വേതനനിരക്കിൽ രണ്ട് ഒഴിവുകളുണ്ട്. ഒരു ലക്ഷം മുതൽ 1,75,000 രൂപ വേതനത്തിൽ 1050 ഒഴിവുകളുണ്ട്. 2,50,000-3,50,000 രൂപ സ്കെയിലിൽ 350 ഒഴിവുകൾ.
കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം https://knowledgemission.kerala.gov.in/ പോർട്ടൽ വഴി മുൻകൂട്ടി അപേക്ഷ നൽകിയാണ് തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്. അവസാന തീയതി ജൂൺ 18. അപേക്ഷിച്ചവർ അന്ന് രാവിലെ 8.30ന് എൻജിനിയറിങ് കോളജിൽ എത്തണം.
മെഗാ ജോബ് ഫെയറിന്റെ അനുബന്ധമായി പ്രാദേശിക തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. 50ലധികം കമ്പനികൾ 5000ത്തിലധികം തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആവശ്യമായ തൊഴിൽ അന്വേഷകരെ കണ്ടെത്താനുള്ള പ്രവർത്തനം കുടുംബശ്രീ യൂനിറ്റുകൾ വഴിയാണ് നടത്തുന്നത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായുള്ള ജില്ല വിജ്ഞാന കൗൺസിൽ ജില്ലയിലെ വിജ്ഞാന കേരളം ജനകീയ കാമ്പയിന് നേതൃത്വം നൽകുന്നത്. എം.വി. ഗോവിന്ദൻ എം.എൽ.എ ചെയർമാനായുള്ള സംഘാടക സമിതിയാണ് മേളയുടെ സംഘടന ചുമതല നിർവഹിക്കുന്നത്.
5000 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് മേള നടത്തുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഇത്രയും ഒഴിവുള്ളപ്പോൾ പുറംനാടുകളിൽ സമാന ജോലിയിൽ പ്രവേശിക്കുന്ന അവസ്ഥയുണ്ടെന്ന് കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു.
ജില്ല കലക്ടർ അരുൺ കെ. വിജയൻ, വിജ്ഞാനകേരളം ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.