ന്യൂഡൽഹി: ഫേസ്ബുക്ക്, വാട്സ് ആപ് സാമൂഹിക മാധ്യമങ്ങളുടെ മാതൃസ്ഥാപനമായ മെറ്റയിലെ കൂട്ടപ്പിരിച്ചു വിടലിന് ഇരയായവരിൽ ഇന്ത്യൻ വംശജയായ മാതാവും. 11,000 ജീവനക്കാരെയാണ് കമ്പനി ഒറ്റയടിക്ക് പിരിച്ചുവിടുന്നത്. മാതൃത്വ അവധിയിൽ പ്രവേശിച്ച മെറ്റയിലെ കമ്മ്യൂണിക്കേഷൻസ് മാനേജർ അനഘ പട്ടേൽ ആണ് പിരിച്ചുവിടൽ നോട്ടീസിനു മുന്നിൽ പകച്ചുനിൽക്കുന്നത്.
പുലർച്ചെ മൂന്നിന് മൂന്നു മാസം പ്രായമുള്ള മകൾക്ക് മുലയൂട്ടാനാണ് എഴുന്നേറ്റത്. 5.35 ന് മെറ്റയുടെ ഇ-മെയിൽ സന്ദേശം ലഭിച്ചു. തുറന്നുനോക്കിയപ്പോൾ പിരിച്ചുവിടാനുള്ളവരുടെ പട്ടികയാണ്. അതിൽ എന്റെ പേരുമുണ്ടെന്ന് കണ്ടപ്പോൾ ചങ്കിടിച്ചു പോയി-അനഘ പറയുന്നു.
കമ്പനി നിരവധി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണെന്ന വിവരം കേട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇ-മെയിൽ പരിശോധിച്ചതെന്നും അവർ പറഞ്ഞു. ഇനിയെന്താണ് എന്നത് ജീവിതത്തിലെ ഏറ്റവും കഠിനമായ ചോദ്യമാണ്. മാതൃത്വ അവധി ഫെബ്രുവരിയിലാണ് അവസാനിക്കുക.
മാതൃത്വത്തിന്റെ ആദ്യ മൂന്നുമാസം വലിയ പരീക്ഷണങ്ങളുടെതായിരുന്നുവെന്നും അനഘ സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇന്നിൽ കുറിച്ചു. കുറച്ചുകാലം കൂടി മകൾക്കൊപ്പം സന്തോഷമായിരിക്കണം. പുതിയ ജോലി കണ്ടെത്തൽ വലിയ പ്രയാസമാണ്. കാരണം ട്വിറ്ററും മൈക്രോസോഫ്റ്റും പോലുള്ള എല്ലാ കമ്പനികളിലും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്ന സാഹചര്യമാണുള്ളത്.
ഫേസ്ബുക്കിലെ ജോലി തന്റെ സ്വപ്നമായിരുന്നുവെന്നും ജോലിയാവശ്യാർഥമാണ് ലണ്ടനിൽ നിന്ന് യു.എസിലേക്ക് കുടിയേറിയതെന്നും അവർ എഴുതി. രണ്ടര വർഷമാണ് ഫേസ്ബുക്കിന്റെ ഭാഗമായത്. ജോലി നഷ്ടപ്പെട്ടവരെ കുറിച്ചാണിപ്പോൾ ചിന്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.