ഏഴിമല നേവല്‍ അക്കാദമിയില്‍ ബി.ടെക് പഠനവും സബ് ലഫ്റ്റനന്‍റ് പദവിയില്‍ ജോലിയും

കടലോളം അവസരങ്ങള്‍ നല്‍കുന്ന നാവികസേനയില്‍ പ്ളസ് ടു വിജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് സൗജന്യ എന്‍ജിനീയറിങ് പഠനത്തിനും മികച്ച തൊഴിലിനും വീണ്ടും അവസരമൊരുക്കുന്നു. ശാസ്ത്രവിഷയങ്ങളില്‍ പ്ളസ് ടു വിജയിച്ച ചുണക്കുട്ടികള്‍ക്ക് ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ 2017 ജൂലൈ മാസത്തിലാരംഭിക്കുന്ന 10+2 (ബി.ടെക്) കേഡറ്റ് എന്‍ട്രി സ്കീം വഴി സൗജന്യ ബി.ടെക് പഠനത്തിനും പെര്‍മനന്‍റ് കമീഷന്‍ വഴി സബ് ലഫ്റ്റനന്‍റ് പദവിയില്‍ തൊഴില്‍ നേടാനും വേണ്ടി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത: ഇനി പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 17നും 19 1/2ക്കും മധ്യേയാവണം. 1998 ജനുവരി രണ്ടിനും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരെയാണ് പരിഗണിക്കുക. സീനിയര്‍ സെക്കന്‍ഡറി/ഹയര്‍സെക്കന്‍ഡറി/പ്ളസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവരാകണം. പത്ത് അല്ളെങ്കില്‍ 12 ക്ളാസ് പരീക്ഷയില്‍ ഇംഗ്ളീഷിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. ഇനി പറയുന്ന ശാരീരികയോഗ്യതകളും ഉണ്ടായിരിക്കണം. മിനിമം ഉയരം 157 സെ.മീറ്റര്‍, അതിനനുസൃതമായ ഭാരം, നല്ല കാഴ്ചശക്തി, ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവ ഉണ്ടാകണം. അപേക്ഷ: www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 12 മുതല്‍ ജനുവരി രണ്ടുവരെ സ്വീകരിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. സിസ്റ്റം ജനറേറ്റ് ചെയ്യുന്ന അപ്ളിക്കേഷന്‍ നമ്പരോടുകൂടിയ ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ട് പ്രിന്‍റ് ഒൗട്ട് എടുത്ത് നിര്‍ദിഷ്ട സ്ഥാനത്ത് അടുത്തിടെ എടുത്ത പാസ്പോര്‍ട്ട് വലിപ്പമുള്ള കളര്‍ ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. അപേക്ഷയില്‍ ഒരെണ്ണം ഒപ്പുവെച്ച്, പത്ത്, പന്ത്രണ്ടാം ക്ളാസ് ബോര്‍ഡ് പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്ലിസ്റ്റ് ഉള്‍പ്പെടെ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍ സഹിതം ഓര്‍ഡിനറി തപാലില്‍മാത്രം 2017 ജനുവരി 12ന് മുമ്പായി കിട്ടത്തക്കവണ്ണം Postbox No. 04, Nirman Bhawan, New Delhi - 110011 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ONLINE APPLICATION NO......, APPLICATION for 10+2 (B.Tech) for June 2017 course, percentage........ or JEE (Main) Rank....... (as applicable) NCC ‘C’ Yes/No എന്ന് യഥാവിധി രേഖപ്പെടുത്തിയിരിക്കണം. മറ്റൊരപേക്ഷ കൈവശം കരുതണം. തെരഞ്ഞെടുപ്പ്: മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി) 2017 ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളില്‍ ബംഗളൂരു/ഭോപാല്‍/വിശാഖപട്ടണം/കോയമ്പത്തൂര്‍ കേന്ദ്രങ്ങളിലായി ഇന്‍റര്‍വ്യൂവിന് ക്ഷണിക്കും. ആദ്യ ദിവസം നടത്തുന്ന ഇന്‍റലിജന്‍സ്, പിക്ച്ചര്‍ പെര്‍സെപ്ഷന്‍ ടെസ്റ്റുകളിലും ഗ്രൂപ് ചര്‍ച്ചയിലും വിജയിക്കുന്നവരെ തുടര്‍ന്നുള്ള സൈക്കോളജിക്കല്‍, ഗ്രൂപ് ടെസ്റ്റിങ്ങിലും ഇന്‍റര്‍വ്യൂവിലും പങ്കെടുപ്പിക്കും. നാല്-അഞ്ച് ദിവസം നീളുന്നതാണ് എസ്.എസ്.ബി ഇന്‍റര്‍വ്യൂ. അന്തിമ തെരഞ്ഞെടുപ്പ് വൈദ്യപരിശോധനക്ക് വിധേയമായിരിക്കും. ആദ്യമായി ഇന്‍റര്‍വ്യൂവിന് ഹാജരാകുന്നവര്‍ക്ക് തേര്‍ഡ് എ.സി റെയില്‍ഫെയര്‍ നല്‍കും. 2017 ജൂലൈയിലാണ് പരിശീലനം തുടങ്ങുക. കേഡറ്റുകളെ നാലു വര്‍ഷത്തെ ബി.ടെക് പഠനത്തിന് നിയോഗിക്കും. അപൈ്ളഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ അല്ളെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളിലാണ് പഠനം. കേരളത്തിലെ ഏഴിമല നേവല്‍ അക്കാദമിയിലാണ് പഠന പരിശീലനങ്ങള്‍ നല്‍കുക. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയാണ് വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി.ടെക് ബിരുദം സമ്മാനിക്കുക. മുഴുവന്‍ പഠനച്ചെലവുകളും നേവി വഹിക്കും. വസ്ത്രവും ഭക്ഷണവുമെല്ലാം സൗജന്യമായിരിക്കും. വിജയകരമായി പഠനവും പരിശീലനങ്ങളുമെല്ലാം പൂര്‍ത്തിയാക്കുന്ന കേഡറ്റുകളെ നേവിയില്‍ സബ് ലഫ്റ്റനന്‍റ് പദവിയില്‍ 15600-39100 രൂപ ശമ്പളനിരക്കില്‍ സ്ഥിരമായി നിയമിക്കും. ഏകദേശം 74100 രൂപ ശമ്പളം ലഭിക്കും. കമാന്‍ഡര്‍ പദവിവരെ ഉദ്യോഗക്കയറ്റം ലഭിക്കാവുന്നതാണ്. ഇതുസംബന്ധിച്ച സമഗ്രവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.joinindianavy.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.