ഇന്ത്യയിൽ നിന്നുള്ള യുവ പ്രഫഷനലുകൾക്ക് ഓരോ വർഷവും 3,000 വിസ അനുവദിച്ച് ​ബ്രിട്ടൻ

ലണ്ടൻ: ബ്രിട്ടനിൽ രണ്ടു വർഷം ജോലി ചെയ്യുന്നതിന് 18നും 30നുമിടക്ക് പ്രായമുള്ള ഇന്ത്യക്കാർക്ക് 3000 വിസ നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതി. യു.കെ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ് പദ്ധതിയുടെ ഭാഗമായി ഒപ്പുവെച്ച ധാരണപത്രത്തിലാണ് ഇക്കാര്യമുള്ളത്.

അടുത്തവർഷം തുടക്കം മുതലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഇരുരാജ്യങ്ങളുടെയും വിദേശ മന്ത്രാലയങ്ങൾ അറിയിച്ചു. ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി യു.കെയുടെ ഇന്ത്യ-പസഫിക് ഫോക്കസിലാണ് സുനക് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

''കഴിഞ്ഞ വർഷം അംഗീകരിച്ച യു.കെ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടർച്ചയായി ഇന്ന് യു.കെ ഇന്ത്യ യങ് പ്രഫഷനൽ സ്‌കീം യഥാർഥ്യമായിരിക്കുന്നു. ബിരുദധാരികളായ 18 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് രണ്ട് വർഷത്തേക്ക് വിസയുടെപ്രയോജനം ലഭിക്കും'', ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റിലൂ​ടെ അറിയിച്ചു.

യു.കെയിൽ രണ്ട് വർഷം ജീവിക്കാനും തൊഴിൽ ചെയ്യാനുമാണ് വിസ അനുവദിക്കുക. യു.കെയിലെ വിദേശ വിദ്യാർഥികളിൽ നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽനിന്നുള്ള നിക്ഷേപം യു.കെയിലാകമാനം 95000 തൊഴിലവസരങ്ങൾ ഒരുക്കുന്നുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വർഷം യു.കെ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യൻ പ്രഫഷനലുകളുടെ തൊഴിൽപരമായ നൈപുണ്യവും വിശാലമായ വിപണിയും ബ്രിട്ടന്റെ സാമ്പത്തിക ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവും കരാരിനുണ്ട്. ജി20 സമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ചയിൽ യു.കെയിൽ ഇന്ത്യക്കാർക്കുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു.

Tags:    
News Summary - Britain to grant 3,000 visas every year to young professionals from India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.