വ്യോമസേനയിൽ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (അഫ്കാറ്റ്) 02/2025/എൻ.സി.സി സ്പെഷൽ എൻട്രി വഴി കമീഷൻഡ് ഓഫിസറാകാം. ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലായി ആകെ 283 ഒഴിവുകളുണ്ട്.
വിവിധ ബ്രാഞ്ചുകളിൽ ലഭ്യമായ ഒഴിവുകൾ യോഗ്യത, മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.
അർഹതയുള്ളവർക്ക് ഓൺലൈനിൽ ജൂലൈ ഒന്നിന് മുമ്പായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലന കോഴ്സുകൾ 2026 ജൂലൈയിൽ ആരംഭിക്കും.
ഫ്ലൈയിങ് ബ്രാഞ്ചിൽ ഷോർട്സ് കമീഷൻഡ് ഓഫിസറായി നിയമനം ലഭിക്കുന്നവർക്ക് 14 വർഷവും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ ബ്രാഞ്ചുകളിൽ നിയമനം ലഭിക്കുന്നവർക്ക് 10 വർഷം സേവനമനുഷ്ഠിക്കാം. തുടർന്ന് സർവിസിൽ ആവശ്യമുള്ള പക്ഷം സേവന മികവും മെറിറ്റും ഒഴിവുകളുടെ ലഭ്യതയും പരിഗണിച്ച് പെർമനന്റ് കമീഷൻ നേടാനും അവസരമുണ്ട്.
ഫ്ലൈറ്റ് കാഡറ്റുകൾക്ക് പരിശീലന കാലം പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡായി നൽകും. പരിശീലനം പൂർത്തിയാവുമ്പോൾ 56,100 -1,77,500 രൂപ ശമ്പള നിരക്കിൽ ഫ്ലൈയിങ് ഓഫിസറായി സേവനം തുടരാം. എസ്.എസ്.സി ഓഫിസർക്ക് പെൻഷന് അർഹതയില്ല. പെൻഷൻ ലഭിക്കുന്നതിന് പെർമനന്റ് കമീഷൻ നേടണം.
ഫ്ലൈയിങ് ബ്രാഞ്ചിലേക്ക് 2026 ജൂലൈ ഒന്നിന് 20-24 വരെയും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലേക്ക് 20-26 വരെയും പ്രായമുള്ളവർക്കാണ് അവസരം. പ്രാബല്യത്തിലുള്ള കമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് 26 വയസ്സുവരെയാകാം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുമുണ്ടായിരിക്കണം.
ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന അഫ്കാറ്റ് ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ 550 രൂപ+ജി.എസ്.ടി ഫീസടക്കണം. എൻ.സി.സി സ്പെഷൽ എൻട്രിയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫീസില്ല. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.