അതിർത്തി രക്ഷാ സേനയിൽ (ബി.എസ്.എഫ്) മികച്ച കായികതാരങ്ങൾക്ക് കോൺസ്റ്റബ്ൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ 391 ഒഴിവുകളിലേക്ക് ഓൺലൈനിൽ നവംബർ 4 രാത്രി 11.59 മണി വരെ അപേക്ഷിക്കാം. വിവിധ ഇടങ്ങളിൽ സ്പോർട്സ് ക്വോട്ടയിൽ പുരുഷന്മാർക്ക് 197 ഒഴിവുകളിലും വനിതകൾക്ക് 194 ഒഴിവുകളിലും നിയമനം ലഭിക്കും. ഗ്രൂപ് സി വിഭാഗത്തിൽപെടുന്ന ഈ തസ്തികയുടെ ശമ്പളനിരക്ക് 21,700-69,100 രൂപ. കേന്ദ്രസർക്കാർ ജീവനക്കാർക്ക് അനുവദനീയമായ എല്ലാ ആനുകൂല്യങ്ങളുമുണ്ട്.
ആർച്ചറി, അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, ബോക്സിങ്, സൈക്ലിങ്, ഡൈവിങ്, ഇക്വിസ്ട്രിയൻ, ഫെൻസിങ്, ഫുട്ബാൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബാൾ, ഹോക്കി, കബഡി, ജൂഡോ, കരാട്ടേ, സ്വിമ്മിങ്, ഷൂട്ടിങ്, ടേബ്ൾ ടെന്നിസ്, തൈക്വാൻഡോ, സെപക് താക്റ, വോളിബാൾ, വാട്ടർപോളോ, വെയ്റ്റ്ലിഫ്റ്റിങ്, റെസ്ലിങ് (ഫ്രീസ്റ്റൈൽ), റെസ്ലിങ് (ജി.ആർ), വാട്ടർ സ്പോർട്സ്, വുഷു, യോഗ എന്നീ 29 ഇനങ്ങളിലാണ് അവസരം.
യോഗ്യത: മെട്രിക്കുലേഷൻ/ എസ്.എസ്.എൽ.സി/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ദേശീയ/അന്തർദേശീയ വ്യക്തിഗത/ടീം ഇനങ്ങളിൽ കഴിഞ്ഞ രണ്ടുവർഷത്തിനകം പങ്കെടുത്തവരോ മെഡൽ ജേതാക്കളോ ആയിരിക്കണം. പ്രായപരിധി 18-23 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ശാരീരിക യോഗ്യതകൾ: പുരുഷന്മാർക്ക് ഉയരം 170 സെ.മീറ്റർ, വനിതകൾക്ക് 157 സെ. മീറ്റർ (ചില പ്രത്യേക വിഭാഗങ്ങൾക്ക് ഇളവുണ്ട്). നെഞ്ചളവ് പുരുഷന്മാർക്ക് 80-85 സെ.മീറ്റർ. ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരം ഉണ്ടാകണം. നല്ല കാഴ്ചശക്തി അടക്കമുള്ള ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.
യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rectt.bsf.gov.inൽനിന്ന് ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫീസ് 159 രൂപ. വനിതകൾക്കും പട്ടികജാതി/വർഗ വിഭാഗക്കാർക്കും ഫീസില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.