തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ വനിത പൊലീസ് കോൺസ്റ്റബ്ൾമാരുടെ പാസിങ്ഔട്ട് പരേഡിനിടയിൽ മഴ പെയ്തപ്പോൾ (ചിത്രം: ടി.എച്ച്. ജദീർ)
തൃശൂർ: കോരിച്ചൊരിയുന്ന പെരുമഴയെ വകവെക്കാതെ, ബൂട്ടണിഞ്ഞ കാലുകൾ ഒട്ടും പിഴക്കാതെ ചടുലതയോടെ അവർ മാർച്ച് ചെയ്തു നീങ്ങി. ഒമ്പതു മാസത്തെ കഠിനമായ പരിശീലനം പൂർത്തിയാക്കിയ 144 വനിത കോൺസ്റ്റബ്ൾമാർകൂടി കേരള പൊലീസിന്റെ ഭാഗമാകുന്ന ആവേശകരമായ നിമിഷത്തിന് തൃശൂർ രാമവർമപുരം കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ട് സാക്ഷ്യംവഹിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് നടന്ന പാസിങ്ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു.
കനത്ത കാറ്റും മഴയുമുണ്ടായിട്ടും പതറാതെനിന്ന വനിത കാഡറ്റുകളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പെരുമഴ തോറ്റു. യൂനിഫോം നനഞ്ഞുകുതിർന്നിട്ടും അച്ചടക്കത്തിന്റെ ഒരു കണികപോലും ചോരാതെ അവർ പരേഡിൽ അണിനിരന്നു. പരിശീലന കാലയളവില്‍ മികവു തെളിയിച്ച വിവിധ ബറ്റാലിയനുകളില്നിന്നുള്ള റിക്രൂട്ട് സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങള്‍ വിതരണംചെയ്തു. മികച്ച ഇന്‍ഡോര്‍ കാഡറ്റായി എം.ആര്. ശ്രുതിയും മികച്ച ഷൂട്ടറായി ജെ. ദൃശ്യയും തിരഞ്ഞെടുക്കപ്പെട്ടു. പരേഡ് കമാന്‍ഡറായ പി.കെ. ഗീതു മികച്ച ഔട്ട് ഡോര്‍ കാഡറ്റ്, ഓള്‍റൗണ്ടര്‍ എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കി.
സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹെബ്, ആംഡ് പൊലീസ് ബറ്റാലിയന് എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.