പൊയ്ക്കാലിലിരുന്ന് അവൾ പൊരുതി; മുറിവേറ്റ കൈയും മുറിവേൽക്കാത്ത മനസ്സുമായി

പാലക്കാട്: ആനവണ്ടി മുറിച്ചെടുത്ത വലതുകാലിന്റെ സ്ഥാനത്തുറപ്പിച്ച പൊയ്ക്കാലിലിരുന്നാണ് ദിവ്യ കുട്ട നെയ്ത്തുതുടങ്ങിയത്. ഒരേ ഇരിപ്പിൽ വെപ്പുകാലിലൂടെ വേദന അരിച്ചിറങ്ങിയിട്ടും മനസ്സിളകാതെ അവളുടെ കൈകളിൽ മുള അലകുകൾ നൃത്തം ചെയ്തു. മുളച്ചീന്തിൽ പാഞ്ഞ കത്തിയൊന്ന് പാളി കൈവിരലിൽ മുറിവേൽപിച്ചപ്പോൾ ഡിഫൻസ് അംഗങ്ങൾ ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി.

വെച്ചുകെട്ടിയ വിരലുമായി വീണ്ടും ദിവ്യ കർമനിരതയായി. മുറിവേറ്റ കൈയും മുറിവേൽക്കാത്ത മനസ്സുമായി. മൂന്ന് മണിക്കൂറിനുള്ളിൽ മുറം, കുട്ട, പൂക്കൊട്ട, കൊട്ടക്കയിൽ എന്നിവ പൂർത്തിയാക്കി. കുട്ട, മുറംനെയ്ത്ത് ദിവ്യക്ക് വെറുമൊരു മത്സരമല്ല. പാരമ്പരാഗതമായി പകർന്നുകിട്ടിയ നൈപുണ്യമാണ്. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കുലത്തൊഴിലാണ്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്നതിനാൽ മുള കൊണ്ടുള്ള നിർമാണം കൗതുകത്തോടെ നോക്കി നിന്നിരുന്നു ദിവ്യ.

അച്ഛനമ്മമാരായ അട്ടപ്പാടി പുത്തൻപുരയിൽ ചന്ദ്രനും കുമാരിയും പാരമ്പര്യം വിട്ട് ചായക്കടയിൽ ഉപജീവനം തേടിയപ്പോഴും മുത്തച്ഛനും മുത്തശ്ശിയും നെയ്ത്തിനെ നെഞ്ചോട്‌ ചേർത്തു. കുഞ്ഞുനാൾ മുതൽ കുഞ്ഞു ദിവ്യയുടെ മനസ്സ് ഇവരോടൊപ്പമായിരുന്നു. സ്വയം പഠിച്ചെടുത്ത മുള കൊണ്ടുള്ള ഉൽപന്ന നിർമാണത്തിൽ മൂന്നാം തവണയാണ് ഈ അട്ടപ്പാടിക്കാരി സംസ്ഥാനതലത്തിൽ മാറ്റുരക്കുന്നത്. കഴിഞ്ഞ തവണ നാലാം സ്ഥാനം കിട്ടിയിരുന്നു.

ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിവ്യക്ക് വലതുകാൽ നഷ്ടപ്പെട്ടത്. അഗളി ചെമ്മണ്ണൂരിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് മുട്ടിന് താഴെ മുറിച്ചുമാറ്റുകയായിരുന്നു. അന്ന് മുതൽ അച്ഛനാണ് അവളുടെ കാലുകൾ. സ്‌കൂളിലേക്കുള്ള പോക്കുംവരവുമൊക്കെ അച്ഛന്റെ കൂടെയാണ്.

കുലത്തൊഴിൽ വിട്ടെങ്കിലും ദിവ്യയുടെ സ്വപ്നങ്ങൾക്ക് നിറംപകരാൻ കാട്ടിൽനിന്ന് മുള ശേഖരിച്ച് പകപ്പെടുത്തിക്കൊടുക്കുന്നത് അച്ഛനും അമ്മയും തന്നെയാണ്. അഗളി ജി.എച്ച്.എസ്.എസിൽ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയാണ് ദിവ്യ.

Tags:    
News Summary - State school science fair 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.