ഇക്കുറി നീറ്റ് യു.ജി പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തിയ ദീപ്നിയ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ആവള സ്വദേശിയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നല്ലൊരു ജോലി വേണമെന്ന ചിന്തയാണ് താൻ ഡോക്ടർ കുപ്പായമിടാൻ ആഗ്രഹിച്ചതിനു പിന്നിലെന്ന് ദീപ്നിയ പറയുന്നു. നീറ്റ് യു.ജിയിൽ അഖിലേന്ത്യ തലത്തിൽ 109 ആണ് ഈ മിടുക്കിയുടെ റാങ്ക്.
ജി.എച്ച്.എസ് ആവള കുട്ടോത്തായിരുന്നു പ്ലസ്ടു പഠനം. ഇതേ സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകരാണ് അച്ഛനും അമ്മയും. അച്ഛൻ ദിനേശൻ ഹയർസെക്കൻഡറിയിലാണ്. അമ്മ ഹൈസ്കൂളിലും. ഇളയ സഹോദരൻ ദീപകും ഇവിടെയാണ് പഠിക്കുന്നത്.
നമ്മൾ തെരഞ്ഞെടുക്കുന്ന ജോലി മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുന്ന ഒന്നാകണമെന്നാണ് ദീപ്നിയയുടെ അഭിപ്രായം. അങ്ങനെയാണ് ഡോക്ടറാകണമെന്ന ആഗ്രഹം മനസിലുറച്ചത്. പ്ലസ്ടുവിന് പഠിക്കുമ്പോഴേ അതുറപ്പിച്ചിരുന്നു.
പ്ലസ്ടു കഴിഞ്ഞയുടൻ ആദ്യമായി നീറ്റ് പരീക്ഷയെഴുതി. വലിയ തയാറെടുപ്പ് ഒന്നുമുണ്ടായിരുന്നില്ല. അന്ന് 29000ത്തിനടുത്തായിരുന്നു റാങ്ക്. പരിശ്രമിച്ചാൽ മികച്ച റാങ്ക് നേടാൻ സാധിക്കുമെന്ന് മനസിലായതോടെ റിപ്പീറ്റ് ചെയ്യാൻ ദീപ്നിയ തീരുമാനിച്ചു.
ഒരു വർഷം പഠനത്തിനായി മാറ്റിവെച്ചു. കോച്ചിങ് സെന്ററിന്റെ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. മൊബൈൽ ഫോൺ പൂർണമായി ഒഴിവാക്കി. ദിവസവും 12 മണിക്കൂർ വരെ പഠിച്ചു. അന്നന്ന് പഠിപ്പിക്കുന്നത് അതതുദിവസംതന്നെ തീർത്തു. പരീക്ഷകളെ ഗൗരവത്തോെട സമീപിച്ചു. റിവിഷൻ പതിവാക്കിയെന്നും ദീപ്നിയ പറയുന്നു.
പ്രയാസമുള്ള പാഠഭാഗങ്ങൾ ആവർത്തിച്ചു പഠിക്കുക എന്നതായിരുന്നു ദീപ്നിയയുടെ സൂത്രവാക്യം. ഓർഗാനിക് കെമിസ്ട്രിയായിരുന്നു അൽപം ബുദ്ധിമുട്ടിച്ചത്.ഇഷ്ടത്തോടു കൂടി പഠിച്ചാൽ ഏത് വിഷയത്തെയും വരുതിയിലാക്കാമെന്നാണ് ദീപ്നിയയുടെ അഭിപ്രായം. പഠനഭാരം വല്ലാതെ തലയിൽ കയറ്റിവെച്ചില്ല. ഒരു ദിവസം ഉറങ്ങുന്നതിന് മുമ്പ് അന്ന് പഠിപ്പിച്ച കാര്യങ്ങൾ പൂർണമായും മനസിലുറപ്പിക്കും. നന്നായി പഠിച്ച് പരീക്ഷയെഴുതിയതിനാൽ മികച്ച റാങ്ക് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും കേരളത്തിൽ ഒന്നാമതെത്തുമെന്ന് ദീപ്നിയ ഒട്ടും കരുതിയിരുന്നതേയില്ല.
ജിപ്മെറിൽ എം.ബി.ബി.എസിന് ചേരാനാണ് ദീപ്നിയയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.