ഇന്ത്യയിലെ ഏറ്റവും പ്രശസ്ത വ്യവസായ കുടുംബമായ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് നിർണായക മാറ്റത്തിന് കളമൊരുങ്ങുന്നു. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ 2027 ഫെബ്രുവരി 20ന് നിലവിലെ കാലാവധി അവസാനിക്കുമ്പോൾ പുനർനിയമനം തേടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾ ടാറ്റ ട്രസ്റ്റുകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ടാറ്റ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരികൾ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയുൾപ്പെടെയുള്ള ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. അതിനാൽ, പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതിലും ഗ്രൂപ്പിന്റെ ദീർഘകാല ദിശ നിർണയിക്കുന്നതിലും ട്രസ്റ്റുകൾക്ക് നിർണായക പങ്കുണ്ട്.
2017ൽ ടാറ്റ സൺസ് ചെയർമാനായ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് വ്യോമയാനം, സെമികണ്ടക്ടർ, ഡിജിറ്റൽ ബിസിനസ് തുടങ്ങിയ പുതിയ മേഖലകളിലേക്ക് ചുവടുവെച്ചു. എയർ ഇന്ത്യയുടെ ഏറ്റെടുക്കലായിരുന്നു അദ്ദേഹത്തിന്റെ കാലത്തെ ശ്രദ്ധേയ നീക്കങ്ങളിലൊന്ന്. എന്നാൽ, വലിയ നിക്ഷേപങ്ങൾക്കൊപ്പം എയർ ഇന്ത്യ ഉൾപ്പെടെയുള്ള പുതിയ ബിസിനസുകളുടെ സാമ്പത്തിക പ്രകടനം, മൂലധന വിനിയോഗം തുടങ്ങിയ വിഷയങ്ങളും വെല്ലുവിളികളായി. ടാറ്റ സൺസിന്റെ ഓഹരി വിപണി ലിസ്റ്റിങ്ങും വർഷങ്ങളായി തർക്ക വിഷയമാണ്.
രത്തൻ ടാറ്റയുടെ മരണശേഷം ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായ നോയൽ ടാറ്റയാണ് ഇപ്പോൾ ടാറ്റയുടെ ഉടമസ്ഥതാ ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാൾ. പുതിയ ചെയർമാനെ കണ്ടെത്തുന്നതിൽ അദ്ദേഹത്തിന്റെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ട്രസ്റ്റ് ചെയർമാൻ സ്ഥാനവും ടാറ്റ സൺസ് ചെയർമാൻ സ്ഥാനവും ഒരേസമയം ഒരാൾ തന്നെ കൈയാളുന്നത് വിലക്കി 2022ൽ ഗ്രൂപ്പിെന്റ ഭരണ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. അതിനാൽ, നോയൽ ടാറ്റയുടെ സാധ്യത കുറവാണെന്നും വിലയിരുത്തലുണ്ട്.
ചരിത്രത്തിലാദ്യം; എ.ജി.എം മാറ്റിവെച്ചു
നേതൃത്വമാറ്റത്തിനിടയിൽ ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം ആവശ്യമായ ക്വാറം തികയാത്തതിനാൽ മാറ്റിവെക്കേണ്ടിവന്നതും അടുത്തിടെയാണ്. ടാറ്റ സൺസിന്റെ നൂറിലേറെ വർഷത്തെ ചരിത്രത്തിൽ അപൂർവമായ സംഭവമാണിത്. ട്രസ്റ്റുകളുടെ പ്രാതിനിധിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ചുരുക്കത്തിൽ, ടാറ്റ ഗ്രൂപ്പിൽ ഇപ്പോൾ നടക്കുന്നത് ഒരു സാധാരണ ചെയർമാൻ മാറ്റമല്ല. രത്തൻ ടാറ്റക്ക് ശേഷമുള്ള കാലഘട്ടത്തിൽ ടാറ്റ ട്രസ്റ്റുകളും പ്രൊഫഷണൽ മാനേജ്മെന്റും തമ്മിലുള്ള അധികാരസന്തുലനം എങ്ങോട്ട് നീങ്ങുമെന്നതിന്റെ സൂചന കൂടിയാണിത്.
പിൻഗാമിപ്പട്ടികയിൽ മലയാളി
പുതിയ ചെയർമാൻ സ്ഥാനത്തേക്ക് ഉയരുന്ന പേരുകളിൽ ഏറ്റവും ശ്രദ്ധേയമായത് മലയാളിയായ ടി.വി. നരേന്ദ്രന്റേതാണ്. ടാറ്റ സ്റ്റീലിന്റെ എം.ഡിയും സി.ഇ.ഒയുമായ നരേന്ദ്രന് ടാറ്റ ഗ്രൂപ്പിൽ ദീർഘകാലത്തെ പരിചയമുണ്ട്.
ടാറ്റ സൺസ് ഗ്രൂപ്പ് സി.എഫ്.ഒ സൗരഭ് അഗർവാൾ, ടാറ്റ പവർ എം.ഡിയും സി.ഇ.ഒയുമായ പ്രവീർ സിൻഹ തുടങ്ങിയവരുടെ പേരുകളും സാധ്യതാ പട്ടികയിൽ ഉയരുന്നുണ്ട്. ടാറ്റ ട്രസ്റ്റുകൾ രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ ഇതിൽ നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.