ഫ്രഷ് ആപ്പിൾ മാത്രമല്ല! ഇന്ത്യയുടെ ഫുഡ് പ്രൊസസിങ് ഭൂപടത്തിൽ ഇനി കശ്മീരിന് വൻ കുതിച്ചുചാട്ടം
ശ്രീനഗർ: ഇന്ത്യയിലുടനീളമുള്ള വിപണികളുമായി കശ്മീരിന്റെ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി പുതിയ വികസന രേഖ പുറത്തിറക്കി നീതി ആയോഗ്. ആപ്പിൾ വിളവെടുത്ത അതേപടി പഴമായി വിൽക്കുന്നതിനപ്പുറം സംസ്കരണത്തിലും പാക്കിങ്ങിലും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും ശ്രദ്ധസകേന്ദ്രീകരിക്കുന്ന സംരംഭങ്ങൾ വളർത്തിയെടുക്കാൻ കർഷകരെ സഹായിക്കുന്നതിനായി 100ലധികം ചെറുകിട ഭക്ഷ്യ സംസ്കരണ യൂനിറ്റുകളാണ് ഇതിൽ ശുപാർശ ചെയ്യുന്നത്.
2026 ഏപ്രിലിൽ പുറത്തിറക്കിയ 'ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശത്തെ തോട്ടവിള വികസനത്തിനായുള്ള നയരേഖ' ഗുണനിലവാരം തിരിക്കൽ, ഡ്രൈ ഫ്രൂട്ട്, പൾപ്പ് വേർതിരിക്കൽ എന്നിവയ്ക്കുള്ള സൗകര്യങ്ങൾക്കൊപ്പം കൂടുതൽ സാധ്യതകളുള്ള ജില്ലകളിൽ വ്യവസായ അടിത്തറയുള്ള വലിയ തോട്ടവിള സംസ്കരണ യൂനിറ്റുകൾ സ്ഥാപിക്കാനും നീതി ആയോഗ് നിർദ്ദേശിക്കുന്നു.
രാജ്യത്തുടനീളമുള്ള വിപണികളിലേക്ക് ആപ്പിൾ എത്തിക്കുന്നതിന് പേരു കേട്ട ഒരിടം എന്ന നിലയിൽ, ഈ നിർദ്ദേശം കൂടുതൽ വിശാലമായ ഒരു ഭക്ഷ്യ ഉൽപ്പാദന അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതകൾ തുറന്നുനൽകുന്നു. ജ്യൂസ്, പൾപ്പ്, കോൺസെൻട്രേറ്റുകൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ഉൽപ്പാദിപ്പിക്കുന്ന ബിസിനസുകൾക്കും, പാക്കിങ്, ഫുഡ് പ്രൊസസിങ് സേവനങ്ങൾക്കും ഇവിടെ വലിയ അവസരങ്ങളുണ്ട്.
റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് സെന്റർ കണക്കുകൾ പ്രകാരം, ജമ്മു കശ്മീരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 2,247 ഭക്ഷ്യ സംസ്കരണ യൂനിറ്റുകളുണ്ട്. ഇതിൽ 872 എണ്ണം തോട്ടവിള അധിഷ്ഠിതമായി തരംതിരിച്ചിട്ടുള്ളവയാണ്. ഈ കണക്കുകളിൽ വിവിധ തരം വിളകളും പ്രവർത്തനങ്ങളും ഉൾപ്പെടുന്നു എന്നതിനാൽ, ഇതിൽ എത്ര യൂനിറ്റുകൾ ആപ്പിൾ സംസ്കരിക്കുന്നുണ്ടെന്നോ വർഷത്തിൽ എത്രത്തോളം പഴങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നോ വ്യക്തമല്ല. ആപ്പിൾ അധിഷ്ഠിത സംസ്കരണത്തെക്കുറിച്ചുള്ള സംയോജിത വിവരങ്ങളുടെ അഭാവം മൂലം, നിലവിലെ സംസ്കരണ ശേഷി അളക്കാനോ നിർദ്ദിഷ്ട പുതിയ യൂനിറ്റുകൾ എത്രത്തോളം അധിക ശേഷി ഉണ്ടാക്കുമെന്ന് നിർണ്ണയിക്കാനോ പ്രയാസമാണ്.
അനന്ത്നാഗ്, ബാരാമുള്ള, പുൽവാമ, ജമ്മു, കഠ്വ എന്നീ ജില്ലകളിലാണ് വൻകിട വ്യവസായ സംസ്കരണ സൗകര്യങ്ങൾ നയരേഖ വിഭാവനം ചെയ്യുന്നത്. 'പ്രധാൻ മന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രൊസസിങ് എന്റർപ്രൈസസ്' (PMFME) പദ്ധതിക്ക് കീഴിൽ, 2025 ഡിസംബർ 31 ഓടെ ജമ്മു കശ്മീരിലെ 389 സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടുകയും 126.71 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കണക്കുകളും പൊതുവായ ഭക്ഷ്യ സംസ്കരണ മേഖലയുടേതാണ്, ആപ്പിളിന് മാത്രം സവിശേഷമായുള്ളതല്ല.
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, വിശ്വസനീയമായ ഉൽപ്പന്നങ്ങളുടെ ലഭ്യത, അനുയോജ്യമായ സാങ്കേതികവിദ്യ, പ്രവർത്തന മൂലധനം, ഉപഭോക്താക്കളിലേക്കുള്ള പ്രവേശനം എന്നിവയെ ആശ്രയിച്ചായിരിക്കും ഈ പ്രോജക്ടിന്റെ വിജയം.
കർഷകരെ സംബന്ധിച്ച്, ഉയർന്ന ഗുണനിലവാരമുള്ള ഫ്രഷ് ആപ്പിൾ, വിപണിയിലേക്ക് അയക്കാൻ കഴിയാത്ത ഫലവർഗങ്ങൾ എന്നിവ വിറ്റഴിക്കാൻ വലിയൊരു സംസ്കരണ വ്യവസായ വിപണി ലഭിക്കും. സംസ്കരണ യൂനിറ്റുകൾ അനുയോജ്യമായ സംഭരണ വില നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്ന് മാത്രം.
പ്രാദേശിക സംരംഭങ്ങളെ ദേശീയ ഭക്ഷ്യ ഉൽപ്പാദകരുമായും വിതരണ ശൃംഖലകളുമായും ബന്ധിപ്പിക്കുന്നതിലൂടെ, ഈ വികസനം കശ്മീരിന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള വാണിജ്യപരമായ സംയോജനത്തെ കൂടുതൽ ശക്തമാക്കും. നഗരങ്ങളിലെ ഉപഭോക്താക്കൾക്ക്, വാണിജ്യപരമായി വിജയിക്കുന്ന ബിസിനസുകൾ ഉയർന്നുവരുന്നതിനനുസരിച്ച്, കശ്മീരിൽ നിന്നുള്ള പഴങ്ങൾ കൊണ്ടുള്ള കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമായിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.