ഏഷ്യൻ അരി കയറ്റുമതി വിലയിൽ കുതിപ്പ്; ഇന്ത്യൻ നിരക്ക് ഒരു വർഷത്തിലേറെയുള്ള ഉയരത്തിൽ
ന്യൂഡൽഹി: പ്രധാന കേന്ദ്രങ്ങളിലെ ഏഷ്യൻ അരി കയറ്റുമതി വില ഈ ആഴ്ച സ്ഥിരത പുലർത്തി. ഇന്ത്യയുടെ അരി കയറ്റുമതി വില ഒരു വർഷത്തിലേറെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തു. രൂപയുടെ മൂല്യം ഉയർന്നതും ആഭ്യന്തര വിളകളുടെ ലഭ്യത കുറഞ്ഞതുമാണ് ഇതിന് കാരണം.
ഇന്ത്യയുടെ 5 ശതമാനം ഉടഞ്ഞ (ബ്രോക്കൺ) പുഴുങ്ങലരിക്ക് ടണ്ണിന് 384 മുതൽ 389 ഡോളർ വരെയായിരുന്നു ഈ ആഴ്ചയിലെ വില. കഴിഞ്ഞ ആഴ്ച ഇത് 378 - 384 ഡോളർ ആയിരുന്നു. 5 ശതമാനം ഉടഞ്ഞ വെള്ള അരിക്ക് ടണ്ണിന് 385 മുതൽ 390 ഡോളർ വരെ വിലയുണ്ട്.
അതേസമയം, കൂടുതൽ ആവശ്യക്കാരുണ്ടാകുമെന്ന പ്രതീക്ഷയിൽ വിയറ്റ്നാമീസ് അരിയുടെ വിലയും ഉയർന്നു. ഒരു മെട്രിക് ടണ്ണിന് 440 മുതൽ 450 ഡോളർ വരെയാണ് വില. കഴിഞ്ഞ ആഴ്ച ഇത് 420 മുതൽ 430 ഡോളർ ആയിരുന്നു. ആഗസ്റ്റ് 21ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
നവംബർ മുതൽ ഫിലിപ്പീൻസ് വിയറ്റ്നാമിൽ നിന്ന് വീണ്ടും അരി വാങ്ങാൻ തുടങ്ങും എന്നാണ് പ്രതീക്ഷയെന്ന് ഹോ ചി മിൻ സിറ്റിയിലെ വ്യാപാരി പറഞ്ഞു. ഈ വർഷം ശേഷിക്കുന്ന സമയത്ത് അരി കയറ്റുമതി പ്രവർത്തനങ്ങൾ തിരക്കേറിയതായിരിക്കുമെന്ന് വിയറ്റ്നാമീസ് കാർഷിക മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പ്രതീക്ഷ പങ്കുവെച്ചു. 8 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്യുക എന്ന രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് കൂട്ടിച്ചേർത്തു.
തായ്ലൻഡിലും സമാനമാണ് സ്ഥിതി. 5 ശതമാനം ഉടഞ്ഞ അരി ടണ്ണിന് 480 ഡോളറാണ് വില. സെപ്റ്റംബർ 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ആഴ്ച ഇത് 465 -468 ഡോളർ ആയിരുന്നു. വെള്ളപ്പൊക്കം കാരണം കപ്പലുകളിൽ അരി കയറ്റുന്നത് വൈകിയതും ഓഫ്-സീസൺ വിളവെടുപ്പ് അവസാനിക്കാറായതിനാൽ ചില കയറ്റുമതിക്കാർ കൂടുതൽ അരി വാങ്ങിയതുമാണ് തായ് വില ഉയരാൻ കാരണം. ഇന്ത്യ, പാകിസ്ഥാൻ എന്നിവരിൽ നിന്നുള്ള മത്സരവും പ്രധാന ഉപയോക്താക്കളിൽ നിന്നുള്ള കുറഞ്ഞ ആവശ്യവും കാരണം തായ്ലൻഡിന്റെ കയറ്റുമതി കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ
അതേസമയം, ബംഗ്ലാദേശിൽ കഴിഞ്ഞ ആഴ്ച അരി വില വർധിച്ചു. ഇന്ധന വിലയും നെല്ലിന്റെ വിലയും കൂടിയതാണ് ഇതിലേക്ക് വഴിവെച്ചത്. നല്ല അരിയുടെ വില കിലോഗ്രാമിന് 72 ടാകയിൽ നിന്ന് 74-75 ടാകയായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.