നിഫ്റ്റിയും സെൻസെക്സും റെക്കോഡിൽ; എന്നിട്ടും ചെറുകിട നിക്ഷേപകരുടെ ഓഹരികൾ നഷ്ടത്തിൽ, കാരണമിതാണ്

മുംബൈ: ഓഹരി വിപണിയിൽ ചരിത്രം കുറിച്ച മുന്നേറ്റത്തിനാണ് കഴിഞ്ഞ ആഴ്ച സാക്ഷ്യം വഹിച്ചത്. 14 മാസത്തെ ഇടവേളക്ക് ശേഷം സുപ്രധാന ഓഹരി സൂചികയായ നിഫ്റ്റിയും സെൻസെക്സും സർവകാല റെക്കോഡ് തകർത്തു. പക്ഷെ, ചെറുകിട നിക്ഷേപകർ ആകെ ആശയക്കുഴപ്പത്തിലാണ്. കാരണം വിപണി കുതിച്ചിട്ടും അവരുടെ പോർട്ട്​ഫോളിയോയിലുള്ള ഓഹരികൾ പലതും നഷ്ടത്തിലാണ്. മ്യൂച്ച്വൽ ഫണ്ട് നിക്ഷേപത്തിലും ഒരു വളർച്ചയുമുണ്ടായില്ലെന്നാണ് ​സമൂഹ മാധ്യമ ചർച്ച.

ചെറുകിട നിക്ഷേപകരുടെ ചോദ്യത്തിനുള്ള ഉത്തരം വ​ളരെ സിംപിളാണ്. വിപണിയിൽ റെക്കോഡ് തകർത്ത മുന്നേറ്റത്തിന്റെ പിന്നിൽ വിരലിൽ എണ്ണാവുന്ന ഓഹരികൾ മാത്രമായിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.​സി.ഐ.സി.ഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് അങ്ങനെ ചുരുക്കം ചില ഓഹരികളാണ് കുതിച്ചുകയറിയത്. നിഫ്റ്റി 50 സൂചികയിലെ ബാക്കി പകുതിയിലേറെ ഓഹരികളും ഒരു വർഷത്തെ ഏറ്റവും ഉയർന്ന വിലയുടെ അടുത്തു പോലും എത്തിയിട്ടില്ല.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ്, എച്ച് വൺ ബി വിസ നയം കാരണം ഐ.ടി, ഫാർമ ഓഹരികൾ ഇപ്പോഴും ശക്തമായ വിൽപന സമ്മർദമാണ് നേരിടുന്നത്. ജനുവരി മുതൽ സെൻസെക്സും നിഫ്റ്റിയും 10 ശതമാനം വളർച്ച കൈവരിച്ചിട്ടും ഐ.ടി, ഫാർമ ഓഹരികൾ കനത്ത നഷ്ടത്തിലാണ്. ചെറുകിട കമ്പനികളുടെ സൂചികയായ സ്മാൾ കാപ് ഇൻഡക്സ് അഞ്ച് ശതമാനം ഇടിവിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. വാങ്ങിക്കൂട്ടിയതിൽ ഭൂരിഭാഗവും സ്മാൾ കാപ് ഓഹരികളായതിനാലാണ് ചെറുകിട നിക്ഷേപകർക്ക് വിപണി മുന്നേറ്റത്തിന്റെ നേട്ടം ലഭിക്കാതെ പോയത്. 2020 മാർച്ചിലുണ്ടായ കോവിഡ് തകർച്ചക്ക് ശേഷം ഓഹരി വിപണിയിലെത്തിയ പുതിയ നിക്ഷേപകരാണ് നഷ്ടം നേരിടുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവിസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു. സ്മോൾ ക്യാപ് ഓഹരികളോടുള്ള ചില്ലറ നിക്ഷേപകരുടെ അമിതമായ താൽപര്യവും മൂല്യം പരിഗണിക്കാതെ തന്നെ ഈ ഓഹരികൾ മികച്ച മുന്നേറ്റം നടത്തുമെന്ന വിശ്വാസവുമാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ, നിഫ്റ്റിയും സെൻസെക്സും ഇടിവിൽനിന്ന് കരകയറി കഴിഞ്ഞ വർഷം സെപ്റ്റംബറിലെ നിലവാരത്തിലേക്ക് തിരിച്ചെത്തുക മാത്രമാണ് ചെയ്തത്. അതുകൊണ്ടാണ് പുതിയ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപകർക്കും നേട്ടമൊന്നും ലഭിക്കാതിരിക്കാൻ കാരണം. അതായത് ഈ വർഷം ഏപ്രിലിലെ 73,000 എന്ന നിലവാരത്തിൽനിന്ന് സെൻസെക്സ് 17 ശതമാനം ഉയർന്നിട്ടുണ്ടെങ്കിലും, ഒരു വർഷം മുമ്പ് ഒരു വലിയ തുക നിക്ഷേപിച്ചവർക്ക് സാങ്കൽപിക നഷ്ടം വീണ്ടെടുക്കാൻ മാത്രമേ കഴിഞ്ഞുട്ടുള്ളൂ. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) നിക്ഷേപകർക്ക് സെൻസെക്സിന്റെ വളർച്ചയിൽനിന്ന് ഒരു നേട്ടവും ലഭിച്ചില്ല.

ചുരുക്കി പറഞ്ഞാൽ സെൻസെക്സിലെയും നിഫ്റ്റിയിലേയും നാലിലൊന്നിൽ താഴെ ഓഹരികൾ മാത്രമാണ് ഓഹരി വിപണിയിലെ റാലിയെ നയിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ ഓഹരി വിപണിയിലുണ്ടായ റാലിയിൽ സ്മാൾ കാപുകളിലേക്കാണ് വലിയൊരു ശതമാനം നിക്ഷേപം ഒഴുകിയത്. സ്മാൾ കാപ് ഓഹരികളുടെ മൂല്യം അമിതമായി ഉയർന്നു നിൽക്കുന്നതിനാൽ റാലി തിരിച്ചുവരുമോയെന്ന കാര്യത്തിൽ വിദഗ്ധർക്ക് സംശയമുണ്ട്. അതേസമയം, വൻകിട കമ്പനികളുടെ സൂചികയായ ലാർജ് കാപ് ഇൻഡക്സിലെ ഓഹരികളുടെ മൂല്യം വളരെ ആകർഷകമാണെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

ഈ വർഷം ഓഹരി വിപണിയിലെ ഏറ്റവും വലിയ ചർച്ചയായിരുന്നു പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ). എന്നാൽ, ഐ.പി.ഒകളുടെ ചൂട് നഷ്ടപ്പെട്ടുതുടങ്ങിയെന്നാണ് വിപണി നൽകുന്ന സൂചന. പല കമ്പനികളുടെയും സ്ഥാപകരും ഉടമകളും നിക്ഷേപകരും ഐ.പി.ഒയിലൂടെ വൻതോതിൽ ഓഹരികൾ വിറ്റ് കമ്പനികളിൽനിന്ന് ഒഴിവാകുന്നതാണ് വിപണി കണ്ടത്. ഐ.പി.ഒകളിലേക്ക് വലിയ തോതിൽ ചെറുകിട നിക്ഷേപകരുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും പണം ഒഴുകുന്നുണ്ടെങ്കിലും ​ഇതൊന്നും കമ്പനികളുടെ വളർച്ചക്ക് വേണ്ടിയല്ല ഉപയോഗിക്കുന്നത്. പകരം കമ്പനി വിട്ടുപോകാൻ ശ്രമിക്കുന്ന പ്രമോട്ടർമാരുടെയും ആദ്യകാല നിക്ഷേപകരുടെയും കീശയിലേക്കാണ് പോകുന്നത്. ഐ.പി.ഒകളുടെ ട്രെൻഡ് അവസാനിക്കുന്നതോടെ നിക്ഷേപകരുടെ പണം വീണ്ടും മ്യൂച്ച്വൽ ഫണ്ടുകളിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

യു.എസ്, യൂറോപ്, ചൈന, ജപ്പാൻ തുടങ്ങിയ വിപണികളിൽ കഴിഞ്ഞ മാസങ്ങളിൽ ​ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനികളുടെ ഓഹരികളിൽ വൻ മുന്നേറ്റമുണ്ടായി. എന്നാൽ ഇന്ത്യയിൽ അങ്ങനെയൊരു റാലി നടന്നില്ല. മാത്രമല്ല, വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിലെ ഐ.ടി ഓഹരിക​ൾ കൂട്ടമായി വിൽക്കുകയാണ് ചെയ്തത്. യു.എസിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ റിസർവ് ബാങ്കും സമാന നടപടി സ്വീകരിച്ചേക്കും. പലിശ നിരക്ക് കുറക്കുന്നതോടെ ഇന്ത്യയുടെ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകർ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.  

Tags:    
News Summary - Why many retail investors are not making money even as Nifty, Sensex hit new highs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.