പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുമ്പോൾ കിഴിവുകളും ഇളവുകളും പൂർണമായും നഷ്ടപ്പെടും എന്നത് പല നികുതിദായകരും കരുതുന്ന ഒരു തെറ്റിദ്ധാരണയാണ്. പഴയ നികുതി വ്യവസ്ഥയെ അപേക്ഷിച്ച് ഇതിൽ അനുവദനീയമായവയുടെ എണ്ണം കുറവാണെങ്കിലും, നികുതി ഭാരം കുറക്കാൻ സഹായിക്കുന്ന ചില പ്രധാന ആനുകൂല്യങ്ങൾ പുതിയ വ്യവസ്ഥയിലും ലഭ്യമാണ്. അവ താഴെ പറയുന്നവയാണ്:
ശമ്പള വരുമാനമുള്ളവർക്ക് തങ്ങളുടെ വരുമാനത്തിൽ നിന്ന് 75,000 രൂപ വരെ സ്റ്റാൻഡേർഡ് ഡിഡക്ഷനായി ക്ലെയിം ചെയ്യാം. ഇതിനായി പ്രത്യേക നിക്ഷേപങ്ങളോ രേഖകളോ ആവശ്യമില്ല. നികുതി വിധേയമായ വരുമാനത്തിൽ നിന്ന് ഈ തുക നേരിട്ട് കുറക്കാവുന്നതാണ്. പുതിയ നികുതി വ്യവസ്ഥയിൽ ശമ്പളക്കാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യങ്ങളിൽ ഒന്നാണിത്.
വാടകക്ക് നൽകിയ വീടിനായി എടുത്ത വായ്പയുടെ പലിശയിന്മേൽ സെക്ഷൻ 24(b) പ്രകാരം നികുതി ഇളവ് ലഭിക്കും. ഇതിന് പരമാവധി പരിധിയില്ല. എന്നാൽ, പുതിയ നികുതി വ്യവസ്ഥ പ്രകാരം 'ഹൗസ് പ്രോപ്പർട്ടി' വിഭാഗത്തിലുണ്ടാകുന്ന നഷ്ടം മറ്റ് വരുമാനങ്ങളുമായി ക്രമീകരിക്കാനോ അടുത്ത വർഷങ്ങളിലേക്ക് കൊണ്ടുപോകാനോ സാധിക്കില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
തൊഴിലുടമ ജീവനക്കാരന്റെ നാഷണൽ പെൻഷൻ സിസ്റ്റം (NPS) അക്കൗണ്ടിലേക്ക് നൽകുന്ന വിഹിതത്തിന് സെക്ഷൻ 80CCD(2) പ്രകാരം നികുതി ഇളവ് ലഭിക്കും. ജീവനക്കാരന്റെ ശമ്പളത്തിന്റെ 14% വരെ ഈ ഇനത്തിൽ ക്ലെയിം ചെയ്യാം. സർക്കാർ/സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാണ്.
ഫാമിലി പെൻഷൻ ലഭിക്കുന്നവർക്ക് നികുതി ഇളവിന് അർഹതയുണ്ട്. ലഭിക്കുന്ന പെൻഷന്റെ മൂന്നിലൊന്ന് (1/3) ഭാഗമോ അല്ലെങ്കിൽ 25,000 രൂപയോ, ഇതിൽ ഏതാണോ കുറവ്, അത് നികുതിയിൽ നിന്ന് കുറക്കാം.
വിരമിക്കൽ സമയത്ത് ലഭിക്കുന്ന ചില ആനുകൂല്യങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥയിലും ഇളവുകൾ തുടരുന്നുണ്ട്.
ഗ്രാറ്റിവിറ്റി: സെക്ഷൻ 10(10) പ്രകാരം.
ലീവ് എൻക്യാഷ്മെന്റ്: സെക്ഷൻ 10(10AA) പ്രകാരം.
വി.ആർ.എസ് (VRS) നഷ്ടപരിഹാരം: സെക്ഷൻ 10(10C) പ്രകാരം.
(ഈ ഇളവുകൾ നിശ്ചിത വ്യവസ്ഥകൾക്കും പരിധികൾക്കും വിധേയമായിരിക്കും).
ചുരുക്കത്തിൽ, പുതിയ നികുതി വ്യവസ്ഥയിൽ പഴയതിനെ അപേക്ഷിച്ച് ഇളവുകൾ കുറവാണെങ്കിലും, മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾ വഴി നികുതി ബാധ്യത കുറക്കാൻ സാധിക്കും. അതിനാൽ, ഏത് നികുതി വ്യവസ്ഥയാണ് നിങ്ങൾക്ക് കൂടുതൽ ലാഭകരം എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഈ ആനുകൂല്യങ്ങൾ കൂടി പരിഗണിച്ച് കണക്കുകൂട്ടലുകൾ നടത്തുന്നത് നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.