അംഗങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ പരിഷ്കാരങ്ങൾ ഇ.പി.എഫ്.ഒ 3.0 (EPFO 3.0) വഴി നടപ്പിലാക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തയ്യാറെടുക്കുകയാണ്. വരിക്കാർക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് ബാലൻസ് യു.പി.ഐ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിൻവലിക്കാനുള്ള നിർദ്ദേശവും ഇതിൽ ഉൾപ്പെടുന്നു. പേപ്പർ ജോലികൾ കുറക്കാനും സെറ്റിൽമെന്‍റുകൾ വേഗത്തിലാക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
പി.എഫ് പണം ലഭ്യത കൂടുതൽ എളുപ്പമാകുമ്പോഴും ഇത് നികുതി രഹിതമാണോ എന്നൊരു സംശയം ആളുകൾക്കിടയിലുണ്ട്. ഇ.പി.എഫിന് കാര്യമായ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, എല്ലാ പിൻവലിക്കലുകളും നികുതി ഒഴിവാക്കലിന് അർഹമല്ല. നിങ്ങൾ പണം പിൻവലിക്കുമ്പോൾ അത് നികുതിരഹിതമാണോ എന്നത് നിങ്ങളുടെ സേവന കാലാവധി, പിൻവലിക്കാനുള്ള കാരണം, ജോലി മാറുമ്പോൾ ബാലൻസ് ട്രാൻസ്ഫർ ചെയ്യുകയാണോ അതോ പിൻവലിക്കുകയാണോ ചെയ്യുന്നത് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
നികുതി ബാധ്യത നിർണയിക്കുന്ന ഏറ്റവും വലിയ ഘടകം തുടർച്ചയായ സേവന കാലയളവാണ്.
അഞ്ച് വർഷത്തിന് ശേഷം: തുടർച്ചയായി അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷം നിങ്ങൾ ഇ.പി.എഫ് ബാലൻസ് പിൻവലിക്കുകയാണെങ്കിൽ, ആ തുക പൂർണമായും നികുതിരഹിതമാണ്. അക്കൗണ്ട് അംഗീകൃതമാണെങ്കിൽ നിങ്ങളുടെ സ്വന്തം വിഹിതം, തൊഴിലുടമയുടെ വിഹിതം, അതിൽ ലഭിച്ച പലിശ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജോലി മാറുമ്പോൾ: ഈ കാലയളവിനുള്ളിൽ നിങ്ങൾ ജോലി മാറുകയാണെങ്കിൽ, മുമ്പത്തെ തൊഴിലുടമയുടെ കീഴിലുള്ള സേവനവും കണക്കിലെടുക്കും. എന്നാൽ ഇതിനായി പഴയ ഇ.പി.എഫ് ബാലൻസ് പിൻവലിക്കുന്നതിന് പകരം പുതിയ തൊഴിലുടമയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. എന്നിരുന്നാലും, തുടർച്ചയായി അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് നിങ്ങൾ പണം പിൻവലിച്ചാൽ, നികുതി നിയമങ്ങൾ പൂർണമായി മാറും.
കാലാവധിക്ക് മുമ്പുള്ള പിൻവലിക്കലുകൾ പൂർണമായും നികുതിരഹിതമല്ല.
സ്വന്തം വിഹിതം: നിങ്ങളുടെ സ്വന്തം ഇ.പി.എഫ് വിഹിതം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു, കാരണം ഇത് നികുതി കുറച്ച നിങ്ങളുടെ ശമ്പളത്തിൽ നിന്നാണ് അടച്ചിട്ടുള്ളത്. എന്നാൽ, ഈ തുകക്ക് ലഭിച്ച പലിശക്ക് "മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം" എന്ന നിലയിൽ നികുതി നൽകണം.
തൊഴിലുടമയുടെ വിഹിതം: തൊഴിലുടമയുടെ വിഹിതവും അതിന് ലഭിച്ച പലിശയും പൂർണമായും നികുതിക്ക് വിധേയമാണ്. ഇത് ശമ്പള വരുമാനമായി കണക്കാക്കും.
അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾ പിൻവലിക്കുന്ന തുക 50,000-ത്തിന് മുകളിലാണെങ്കിൽ, പാൻ കാർഡ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ 10% നിരക്കിൽ സ്രോതസിൽ നിന്ന് നികുതി (TDS) കുറക്കും. പാൻ കാർഡ് നൽകിയിട്ടില്ലെങ്കിൽ ടി.ഡി.എസ് 20% ആയി ഉയരും. പിൻവലിക്കുന്ന തുക 50,000ൽ താഴെയാണെങ്കിൽ ടി.ഡി.എസ് ഈടാക്കില്ല. എന്നാൽ, അതുകൊണ്ട് മാത്രം ആ തുക നികുതിരഹിതമാകില്ല. നിങ്ങളുടെ ആകെ നികുതി വിധേയമായ വരുമാനം അടിസ്ഥാന നികുതി ഒഴിവാക്കൽ പരിധിയേക്കാൾ കൂടുതലാണെങ്കിൽ, ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിങ്ങൾ നികുതി ഒടുക്കേണ്ടി വരും.
കാലാവധിക്ക് മുമ്പുള്ള പിൻവലിക്കലുകൾ നികുതിരഹിതമാകുന്ന സാഹചര്യങ്ങൾ
ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഇ.പി.എഫ്.ഒ പൂർണമായി പണം പിൻവലിക്കാൻ അനുവദിക്കൂ. വരിക്കാർക്ക് 55 വയസിൽ വിരമിച്ച ശേഷം മുഴുവൻ തുകയും പിൻവലിക്കാം. എന്നാൽ വിരമിക്കുന്നതിന് ഒരു വർഷം മുൻപ്, അതായത് 54 വയസ്സ് പൂർത്തിയായ ശേഷം കോർപ്പസിന്റെ 90% വരെ പിൻവലിക്കാൻ സാധിക്കും.
ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് ഒരു മാസത്തെ തൊഴിലില്ലായ്മയ്ക്ക് ശേഷം ബാലൻസിന്റെ 75%-വും, തുടർന്നും ജോലി ലഭിച്ചില്ലെങ്കിൽ രണ്ട് മാസത്തിന് ശേഷം ബാക്കി തുകയും പിൻവലിക്കാം. ചികിത്സ, ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങൽ അല്ലെങ്കിൽ നിർമാണം, ഭവന വായ്പ തിരിച്ചടവ്, വീട് പുതുക്കിപ്പണിയൽ തുടങ്ങിയ നിർദിഷ്ട ആവശ്യങ്ങൾക്കായി ജോലിയിലായിരിക്കുമ്പോൾ തന്നെ ഭാഗികമായി പണം പിൻവലിക്കാനും നിബന്ധനകൾക്ക് വിധേയമായി അനുവാദമുണ്ട്.
"പി.എഫ് എപ്പോഴും നികുതിരഹിതമാണ്" എന്ന വിശ്വാസം ഭാഗികമായി മാത്രം ശരിയാണ്. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി സേവനം പൂർത്തിയാക്കുകയോ അല്ലെങ്കിൽ ജോലി മാറുമ്പോൾ പി.എഫ് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യുന്ന ഭൂരിഭാഗം ദീർഘകാല ശമ്പള ജീവനക്കാർക്കും ഇ.പി.എഫ് പിൻവലിക്കലുകൾ പൂർണമായും നികുതിരഹിതമാണ്.
എന്നാൽ, നിശ്ചിത ഇളവുകൾക്ക് യോഗ്യത നേടാതെ കാലാവധിക്ക് മുമ്പ് പി.എഫ് പിൻവലിക്കുന്ന ജീവനക്കാർക്ക് നികുതി നൽകേണ്ടി വരും; പല കേസുകളിലും ടി.ഡി.എസും നേരിടേണ്ടി വരും. യു.പി.ഐ അധിഷ്ഠിത സെറ്റിൽമെന്‍റുകൾ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഇ.പി.എഫ്.ഒ പണം പിൻവലിക്കൽ വേഗത്തിലാക്കുമ്പോൾ, പണം എങ്ങനെ കൈപ്പറ്റണമെന്ന് അറിയുന്നതുപോലെ തന്നെ ഈ നികുതി നിയമങ്ങൾ മനസിലാക്കുന്നതും പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.