പ്രതിമാസം വെറും 1,000 രൂപ വീതം എസ്.ഐ.പി വഴി 30 വർഷത്തേക്ക് നിക്ഷേപിച്ചാൽ, നിങ്ങൾ ആകെ നിക്ഷേപിക്കുന്നത് 3.6 ലക്ഷം രൂപ മാത്രമാണ്. എന്നാൽ ഈ തുകയല്ല നിങ്ങളുടെ നേട്ടം. മറിച്ച് ദശകങ്ങളിലൂടെ ലഭിക്കുന്ന ആദായത്തിൽ നിന്നും ആ ആദായത്തിന് ലഭിക്കുന്ന റിട്ടേണിൽ നിന്നുമാണ്.
നിക്ഷേപത്തിന് ശരാശരി 10 ശതമാനം വാർഷിക ആദായം ലഭിക്കുകയാണെങ്കിൽ, 30 വർഷം കഴിയുമ്പോൾ അത് ഏകദേശം 22.6 ലക്ഷം രൂപയായി വളരും. അതായത് നിങ്ങൾ നിക്ഷേപിച്ച തുകയുടെ ആറിരട്ടിയിലധികം. 12 ശതമാനം വാർഷിക ആദായം ലഭിച്ചാൽ ഇതേ എസ്.ഐ.പി ഏകദേശം 35 ലക്ഷം രൂപയായും, 15 ശതമാനം ആദായം ലഭിച്ചാൽ ഏകദേശം 69.2 ലക്ഷം രൂപയായും വളരും.
'വിപണിയെ കൃത്യമായി ടൈം ചെയ്യാൻ ശ്രമിക്കുന്നതിനേക്കാൾ, വിപണിയിൽ എത്ര കാലം തുടരുന്നു എന്നതാണ് പ്രധാനം'. ഈ നിക്ഷേപ തത്വമാണ് ഇവിടെ പ്രവർത്തിക്കുന്നത്. നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് ചെറിയ പ്രതിമാസ നിക്ഷേപങ്ങൾ പോലും വലിയ സമ്പത്തായി മാറാൻ സഹായിക്കും. ഒരു 10 വർഷം വൈകിയാൽ, പ്രതിമാസ നിക്ഷേപം തുല്യമാണെങ്കിൽ പോലും അവസാനമുണ്ടാകുന്ന തുകയിൽ വലിയ കുറവുണ്ടാകും.
ചെറിയ നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപ മാർഗമാണ് എസ്.ഐ.പി. കാരണം, ഇത് അച്ചടക്കമുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കും. എപ്പോഴും വിപണിയിലെ ഏറ്റ കുറച്ചിലുകൾ നോക്കിയിരിക്കേണ്ട അവസ്ഥയുമില്ല. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ, വിപണി താഴെ എത്തുമ്പോൾ കൂടുതൽ യൂനിറ്റുകളും വിപണി മുകളിൽ നിൽക്കുമ്പോൾ കുറഞ്ഞ യൂനിറ്റുകളും ലഭിക്കുന്നു. ഇത് ദീർഘകാലയളവിൽ നിക്ഷേപത്തിന്‍റെ ശരാശരി ചെലവ് കുറയ്ക്കാൻ സഹായിക്കും. സാമ്പത്തിക ലക്ഷ്യങ്ങളെ എസ്.ഐ.പി നിക്ഷേപവുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് സാമ്പത്തിക വിദഗ്ദർ നിർദേശിക്കുന്നു. എല്ലാ വർഷവും നിക്ഷേപ തുക ചെറിയൊരു ശതമാനം വർധിപ്പിക്കുന്നത്, 30 വർഷത്തിന് ശേഷമുള്ള തുകയിൽ വലിയ മാറ്റമുണ്ടാക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും ഈ കണക്കുകൾ ഒരു ഉദാഹരണത്തിന് മാത്രമാണെന്ന് ഓർക്കുക. ഓഹരി വിപണി നിശ്ചിത ആദായം ഉറപ്പ് നൽകുന്നില്ല. നിക്ഷേപകർ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി, റിസ്ക് എടുക്കാനുള്ള ശേഷി എന്നിവ അനുസരിച്ച് വേണം മ്യൂച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കാൻ.
സമ്പാദ്യം വർധിപ്പിക്കാൻ തുകകൾ തന്നെ വേണമെന്നില്ല എന്നത് ശ്രദ്ധിക്കുക. പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുന്ന ശീലവും ദീർഘകാലം നിക്ഷേപം തുടരുന്നതും ചെറിയൊരു തുകയെ പോലും വലിയൊരു സാമ്പത്തിക സുരക്ഷാകവചമാക്കി മാറ്റും. സ്ഥിരതയും ക്ഷമയും കൂട്ടുപലിശയുടെ കരുത്തും വ്യക്തിഗത സാമ്പത്തിക രംഗത്തെ ഏറ്റവും ശക്തമായ ഘടകങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.