പെൻഷൻ തുക വൈകി ലഭിക്കുമ്പോൾ പ്രത്യേകിച്ച് ഒരു സാമ്പത്തിക വർഷത്തിൽ ലഭിക്കേണ്ട തുക അടുത്ത വർഷമാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്നതെങ്കിൽ അത് നികുതിയെക്കുറിച്ച് പ്രധാനപ്പെട്ട ചില സംശയങ്ങൾ ഉയരാറുണ്ട്. ഇ.പി.എഫ്.ഒ പെൻഷൻ വൈകി ലഭിച്ചാൽ എങ്ങനെ നികുതി ഈടാക്കും? കുടുംബ പെൻഷനും ഇതേ നിയമമാണോ ബാധകമാവുന്നത്? ഇങ്ങനെ.
ഇ.പി.എഫ്.ഒ പെൻഷൻ സാധാരണയായി "ശമ്പളം" (Salaries) എന്ന തലത്തിലാണ് നികുതിക്ക് വിധേയമാക്കുന്നത്. എന്നാൽ ഇത് കുടുംബ പെൻഷനാകുമ്പോൾ നികുതി നിയമങ്ങൾ വ്യത്യാസപ്പെടാം. ആദായനികുതി വ്യവസ്ഥ പ്രകാരം, ശമ്പള വരുമാനം ലഭിക്കുന്ന തീയതിയോ അതല്ലെങ്കിൽ ഡ്യൂ ഡേറ്റോ ഇവയിൽ ഏതാണോ ആദ്യം വരുന്നത് ആ വർഷമാണ് നികുതിക്ക് വിധേയമാകുന്നത്. അതിനാൽ, അഡ്വാൻസായി ലഭിക്കുന്ന ശമ്പളം അത് ലഭിക്കേണ്ട വർഷമാകുന്നതിന് മുമ്പ് തന്നെ ലഭിച്ച വർഷത്തിൽ നികുതിക്ക് വിധേയമാകുന്നു. അതുപോലെ, ശമ്പളം വൈകിയാണ് ലഭിക്കുന്നതെങ്കിലും അത് ലഭിച്ചില്ലെങ്കിലും ലഭിക്കേണ്ടിയിരുന്ന വർഷത്തിലാണ് നികുതി നൽകേണ്ടത്.
അതുകൊണ്ട്, ഇ.പി.എഫ്.ഒ പെൻഷൻ നിലവിലെ വർഷമാണ് ക്രെഡിറ്റ് ചെയ്യപ്പെട്ടതെങ്കിലും അത് 2025-2026 വർഷത്തിൽ തന്നെ ലഭിക്കേണ്ടിയിരുന്നതുകൊണ്ട് ആ വർഷത്തെ വരുമാനമായാണ് നികുതി നൽകേണ്ടത്. തുക പിന്നീട് അക്കൗണ്ടിൽ ലഭിക്കുമ്പോൾ വീണ്ടും അതിന് നികുതി നൽകേണ്ടതില്ല. 2025-2026 വർഷത്തെ വരുമാനത്തിൽ ഈ തുക ഉൾപ്പെടുത്താതെയാണ് നിങ്ങൾ ഇതിനകം ഐ.ടി.ആർ ഫൈൽ ചെയ്തിട്ടുള്ളതെങ്കിൽ പൂർണ്ണമായും നിയമവിധേയമാകുന്നതിനായി 2026 ഡിസംബർ 31നകം റിവൈസ്ഡ് ഐ.ടി.ആർ ഫയൽ ചെയ്യണം.
ഇനി ഈ പെൻഷൻ ഒരു കുടുംബ പെൻഷനാണെങ്കിൽ (അതായത് മരിച്ചയാളുടെ കുടുംബാംഗത്തിന് ലഭിക്കുന്നത്), കുടുംബാംഗങ്ങളും മുൻ തൊഴിലുടമയും തമ്മിൽ തൊഴിൽദാതാവ്-തൊഴിലാളി ബന്ധം ഇല്ലാത്തതിനാൽ ഇത് "മറ്റു സ്രോതസുകളിൽ നിന്നുള്ള വരുമാനം" (Income from other Sources) എന്ന തലത്തിന് കീഴിലാണ് നികുതിക്ക് വിധേയമാകുന്നത്.
ആദായനികുതി നിയമം, 1961 പ്രകാരം "ബിസിനസ് അല്ലെങ്കിൽ തൊഴിലിൽ നിന്നുള്ള ലാഭവും നേട്ടങ്ങളും", "മറ്റു സ്രോതസുകളിൽ നിന്നുള്ള വരുമാനം" എന്നീ തലങ്ങളിൽ വരുന്ന വരുമാനം അക്രൂവൽ അടിസ്ഥാനത്തിലോ (Accrual basis) അല്ലെങ്കിൽ പണം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലോ (Receipt basis) നികുതിക്ക് വിധേയമാക്കാൻ നികുതിദായർക്ക് ഓപ്ഷനുണ്ട്. അതിനാൽ മുൻകാലങ്ങളിൽ ഏത് അടിസ്ഥാനത്തിലാണോ ഇത് നികുതിക്കായി കാണിച്ചിരുന്നത്, അതേ അടിസ്ഥാനത്തിൽ തന്നെയായിരിക്കും ഇതും നികുതിക്ക് വിധേയമാകുക. മുൻകാലങ്ങളിൽ തുക ലഭിച്ച വർഷമാണ് നിങ്ങൾ ഇത് വരുമാനത്തിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ അടുത്ത വർഷത്തെ വരുമാനമായി ഉൾപ്പെടുത്താം. അല്ലെങ്കിൽ അത് ഏത് വർഷത്തെയാണോ ആ വർഷത്തെ വരുമാനമായി തന്നെ നികുതി നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.