ലോണെടുത്തത് വെറും പത്ത് ലക്ഷം; വാങ്ങിയത് 60 ലക്ഷത്തിന്റെ ഫ്ലാറ്റ്

മുംബൈ: വീട് എല്ലാവരുടെയും സ്വപ്നമാണ്. സുരക്ഷിതവും സുന്ദരവുമായ വീടിന്റെ നിർമാണം ജീവിതത്തി​ലെ സുപ്രധാന കാൽവെപ്പുകൂടിയാണ്. അച്ചടക്കത്തോടെ സൂക്ഷ്മതയോടെ പണം സൂക്ഷിച്ചുവെക്കുന്നവർക്ക് അധിക ബാധ്യതയില്ലാതെ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയും. എത്ര സമ്പാദിക്കുന്നു എന്നതിലല്ല, എത്ര സ്മാർട്ടായി കൃത്യമായ ലക്ഷ്യത്തോടെ പണം സൂക്ഷിക്കുന്നുവെന്നതിലാണ് മിടുക്ക്.

അങ്ങനെ സമ്പാദ്യം വളരെ സൂക്ഷിച്ചുവെച്ച് അധികം ബാധ്യതയില്ലാതെ അടിപൊളി ഫ്ലാറ്റ് സ്വന്തമാക്കി വൈറലായിരിക്കുകയാണ് ഒരു വീട്ടു​​ജോലിക്കാരി. മൂന്ന് മുറി ഫ്ലാറ്റിന് പുറമെ, രണ്ട് നില വീടും ഒരു കടയും സ്വന്തമായുള്ള അവരുടെ സ്മാർട്ട് സേവിങ്ങാണ് സമൂഹ മാധ്യമങ്ങളിലെ തീപിടിച്ച ചർച്ച.

ഗുജറാത്തിലെ സൂറത്തിലുള്ള കണ്ടന്റ് ക്രിയറ്ററായ നളിനി ഉനഗറാണ് സ്വന്തം വീട്ടുജോലിക്കാരിയുടെ സ്മാർട്ട് സേവിങ്ങിനെ കുറിച്ച് അത്ഭുതവും ആശ്ചര്യവും തുളുമ്പുന്ന കുറിപ്പ് പങ്കുവെച്ചത്. അവരുടെ കുറിപ്പ് ഇങ്ങനെയായിരുന്നു ‘‘എന്റെ വീട്ടുജോലിക്കാരി ഇന്ന് വളരെ സന്തോഷത്തോടെയാണ് വന്നത്. അന്വേഷിച്ചപ്പോൾ, വെറും പത്ത് ലക്ഷം രൂപ മാത്രം ലോണെടുത്ത് സൂറത്ത് നഗരത്തിൽ 60 ലക്ഷം രൂപ വിലയുള്ള മൂന്ന് ബി.എച്ച്.കെ ഫ്ലാറ്റ് വാങ്ങിയെന്ന് അവർ പറഞ്ഞു. ഫർണിച്ചറുകൾക്ക് നാല് ലക്ഷം രൂപ മുടക്കി. സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി. അവർക്ക് രണ്ട് നില വീടും വെലഞ്ച ഗ്രാമത്തിൽ ഒരു കടയുമുണ്ട്. ഇവ രണ്ടും നിലവിൽ വാടകക്ക് നൽകിയിരിക്കുകയാണെന്നും അവർ പറഞ്ഞത് കേട്ടപ്പോൾ ഞാൻ സ്തംബ്ധയായി പോയി’’.

അനാവശ്യമായ കാര്യങ്ങൾക്ക് പണം പാഴാക്കാതെ സമർത്ഥമായി സമ്പാദിക്കുന്നതിന്റെ മാന്ത്രികതയാണിതെന്നും ‘എക്സ്’ലെ കുറിപ്പിന് ലഭിച്ച മറുപടിയിൽ നളിനി പറഞ്ഞു.

വീട്ടുജോലിക്കാരിയെ അഭിനന്ദിച്ചും അത്ഭുതം പങ്കുവെച്ചും കുറിപ്പിന് വൻ പ്രതികരണമാണ് ലഭിച്ചത്. 60 ലക്ഷം രൂപക്ക് സൂറത്ത് നഗരത്തിൽ മൂന്ന് മുറികളുള്ള ഫ്ലാറ്റ് വാങ്ങിയെന്നത് ഒരു കഥ പോലെ തോന്നുന്നു എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.

മിണ്ടാട്ടം മുട്ടിയതെന്തിനാണ്. മറ്റൊരാൾക്ക് പുരോഗതിയുണ്ടാകുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടതെന്ന മറ്റൊരാളുടെ ചോദ്യത്തിന്, തീർച്ചയായും, താൻ വീട്ടുജോലിക്കാരിയുടെ കാര്യത്തിൽ സന്തോഷവതിയാണെന്നായിരുന്നു നളിനിയുടെ മറുപടി. എന്നാൽ ഒരു സമൂഹമെന്ന നിലയിൽ, ഇത്തരം ജോലികളിലുള്ളവർ ദരിദ്രരാണെന്ന മാനസികാവസ്ഥ നമ്മൾ വളർത്തിയെടുത്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. വാസ്തവത്തിൽ, അവർ പണത്തിന്റെ കാര്യത്തിൽ വളരെ മിടുക്കരാണ്. നമ്മൾ കഫേകൾ, ഫോണുകൾ, വിലകൂടിയ വസ്തുക്കൾ, യാത്രകൾ എന്നിവക്ക് ചെലവഴിക്കുമ്പോൾ, അവർ ബുദ്ധിപൂർവ്വം പണം സമ്പാദിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്നും നളിനി കൂട്ടിച്ചേർത്തു. 

Tags:    
News Summary - House Help Buys Rs 60 Lakh Flat; Took Only Rs 10 Lakh Loan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.