ഇ.പി.എഫ്.ഒ വേതന പരിധി 25,000 രൂപയായി ഉയർത്താനുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനം താൽക്കാലികമായി നിർത്തിവെച്ചു. പുതിയ ലേബർ കോഡുകൾ നടപ്പിലാക്കുന്നതിലൂടെ കമ്പനികൾ ഇതിനകം തന്നെ ഉയർന്ന കംപ്ലയൻസ് കോസ്റ്റുകൾ അഭിമുഖീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കമ്പനികൾക്ക് അധിക സാമ്പത്തിക ബാധ്യത വരാതിരിക്കാനാണ് നടപടി നിർത്തി വെച്ചത്. ഓഹരി ഉടമകളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം മാത്രമേ വേതന പരിധി ഉയർത്തുകയുള്ളൂ സർക്കാർ വൃത്തം വ്യക്താക്കിയിട്ടുണ്ട്.
നിലവിൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് പെൻഷൻ സ്കീംഎന്നിവക്ക് കീഴിൽ നിർബന്ധിത വിഹിതം നൽകുന്നതിനുള്ള വേതന പരിധി മാസത്തിൽ 15,000 രൂപയാണ്. 2014 മുതൽ ഈ പരിധിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 15,000 രൂപ വരെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 12 ശതമാനം ഇ.പി.എഫിലേക്ക് സംഭാവന ചെയ്യണം. തൊഴിലുടമകളും 12 ശതമാനം വിഹിതം നൽകുന്നു. ഇതിൽ ഒരു ഭാഗം എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കും ബാക്കി ഇ..പി.എഫ് അക്കൗണ്ടിലേക്കും പോകുന്നു. അതായത്, നിലവിൽ ജീവനക്കാരും തൊഴിലുടമയും നൽകേണ്ട പരമാവധി നിർബന്ധിത ഇ.പി.എഫ് വിഹിതം 1,800 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
വേതന പരിധി 25,000 രൂപയായി ഉയർത്തിയിരുന്നെങ്കിൽ, ജീവനക്കാരും തൊഴിലുടമയും നൽകേണ്ട പരമാവധി നിർബന്ധിത ഇ.പി.എഫ് വിഹിതം 3,000 രൂപയായി വർധിക്കുമായിരുന്നു. ഈ നിർദ്ദേശം വഴി കൂടുതൽ തൊഴിലാളികളെ നിർബന്ധിത ഇ.പി.എഫ്.ഒ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാൻ സാധിക്കുമായിരുന്നു.
വേതന പരിധി 10,000 രൂപ വർധിപ്പിക്കുന്നത് വഴി ഒരു കോടിയിലധികം തൊഴിലാളികൾക്ക് ഇ.പി.എഫ്, ഇ.പി.എസ് പരിരക്ഷ നിർബന്ധമാക്കാൻ കഴിയുമെന്ന് തൊഴിൽ മന്ത്രാലയത്തിന്‍റെ ആഭ്യന്തര വിലയിരുത്തൽ. നഗരങ്ങളിലെ പല ലോ-മിഡ് സ്കിൽഡ് തൊഴിലാളികൾക്കും ഇപ്പോൾ 15,000 രൂപയിൽ കൂടുതൽ ശമ്പളം ലഭിക്കുന്നതിനാൽ, ഇ.പി.എഫ് എൻറോൾമെന്‍റ് നിർബന്ധമാക്കണമെന്ന് തൊഴിലാളി യൂനിയനുകൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
കമ്പനികളുടെ മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാൻ പറ്റിയ സമയമല്ല ഇതെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. പുതിയ ലേബർ കോഡുകൾ നടപ്പിലാക്കിയതോടെ കമ്പനികളുടെ നിയമപരമായ ബാധ്യതകൾ 15 മുതൽ 20 ശതമാനം വരെ വർധിച്ചതായി വ്യവസായ പ്രമുഖർ പറയുന്നു. ഐ.ടി മേഖലയിൽ മാത്രം പുതിയ നിയമങ്ങൾ കാരണം കമ്പനികൾക്ക് 1,000 കോടി രൂപയിലധികം അധിക ചെലവ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യവസായ മേഖലയുമായും മറ്റ് ഓഹരി ഉടമകളുമായും കൂടുതൽ കൂടിയാലോചനകൾ നടത്തുന്നതുവരെ വേതന പരിധി പരിഷ്കരണം മാറ്റിവെക്കാൻ സർക്കാർ തീരുമാനിച്ചത്.
ഈ നിർദ്ദേശം സർക്കാർ പൂർണമായും ഉപേക്ഷിച്ചിട്ടില്ല. ഓഹരി ഉടമകളുമായുള്ള കൂടിയാലോചനകൾ പൂർത്തിയായ ശേഷം മാത്രമേ വേതന പരിധി പരിഷ്കരിക്കുകയുള്ളൂ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഇതിനായി ഒരു സമയപരിധി നിശ്ചയിച്ചിട്ടില്ല. നിലവിൽ 27-28 ലക്ഷം കോടി രൂപയുടെ നിധി കൈകാര്യം ചെയ്യുന്ന ഇ.പി.എഫ്.ഒക്ക് 8 കോടിയോളം സജീവ അംഗങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ സംഘടനകളിൽ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.