റെക്കോഡ് വിലയിടിവിൽ രൂപ, ജീവിതച്ചെലവ് വർധിക്കും

രൂപയുടെ മൂല്യം കുറഞ്ഞ് ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം ഒരു ഡോളറിന് 90ന് മുകളിലെത്തി. രൂപയുടെ മൂല്യവും നമ്മുടെ ശമ്പളവും തമ്മിൽ എന്താണ് ബന്ധം​!. രൂപയുടെ മൂല്യം കുറയുമ്പോൾ നിങ്ങളറിയാതെ നിങ്ങളുടെ ശമ്പളം കുറയുകയാണ്. കൈയിൽ കിട്ടുന്ന ശമ്പളത്തിൽ മാറ്റമുണ്ടായില്ലെങ്കിലും അത് കൊണ്ട് മുമ്പ് വാങ്ങിയിരുന്ന അത്രയും സാധനങ്ങൾ ഇപ്പോൾ വാങ്ങാൻ കഴിയില്ല.

ഫലത്തിൽ ശമ്പളം കുറയുന്ന പോലെ തന്നെ. എങ്ങനെയാണ് രൂപയു​ടെ മൂല്യം കുറയുമ്പോൾ വിലക്കയറ്റമുണ്ടാകുന്നത്? ഉദാഹരണത്തിന് ഒരു ബാരൽ ക്രൂഡോയിലിന് ഇപ്പോൾ വില 60 ഡോളറാണ്. ഇപ്പോഴത്തെ വിനിമയ നിരക്ക് അനുസരിച്ച് ഒരു ഡോളർ 90 രൂപക്ക് തുല്യവും. അതായത് ഒരു ബാരൽ ക്രൂഡോയിലിന് 5400 രൂപ കൊടുക്കണം. ​ഡോളറിനെതിരെ രൂപയുടെ മൂല്യം 80 ആയിരുന്നപ്പോൾ അടിസ്ഥാന വിലയിൽ മാറ്റമില്ലെങ്കിൽ 4800 രൂപ നൽകിയാൽ മതിയാകുമായിരുന്നു.

ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും ഇത് ബാധകമാണ്. ഇന്ത്യ ഏറ്റവും കൂടുതൽ തുകക്ക് ഇറക്കുമതി ചെയ്യുന്നത് ക്രൂഡോയിലാണ്. മാത്രമല്ല, ക്രൂഡോയിൽ വില വർധിക്കുമ്പോൾ പെട്രോളിനും ഡീസലിനും ഉൾപ്പെടെ വില വർധിക്കും. ​ചരക്കുനീക്കത്തിന്റെ ചെലവ് കൂടും. അത് നിത്യോപയോഗ സാധനങ്ങളുടെ വില വർധനക്ക് കാരണമാകും. അതായത് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ മാത്രമല്ല, അനുബന്ധമായി നിരവധി വസ്തുക്കളുടെ വില വർധിക്കും. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ഫീസിനും മറ്റു ചെലവുകൾക്കും കൂടുതൽ രൂപ ചെലവഴിക്കേണ്ടിവരും.

എന്ത് കൊണ്ട് രൂപയുടെ മൂല്യം കുറയുന്നു

കയറ്റുമതിയേക്കാൾ ഇറക്കുമതി വർധിക്കുമ്പോൾ രൂപ​യുടെ ഡിമാൻഡ് കുറയുകയും ഡോളർ കരുത്താർജ്ജിക്കുകയും ചെയ്യുന്നു. ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ പണം പിൻവലിക്കപ്പെടുന്നതും രൂപയുടെ മൂല്യം കുറയാൻ കാരണമായി. ഈ വർഷം ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1.48 ലക്ഷം കോടിയുടെ ഓഹരി വിൽപന നടത്തി. ഇതോടൊപ്പം പ്രത്യക്ഷ വിദേശ നിക്ഷേപം, വിദേശ വ്യാപാരം എന്നിവയിലൂടെയുള്ള ഡോളർ വരവും കുറഞ്ഞു.

2025ൽ 5.5 ശതമാനത്തിന്റെ ഇടിവ് സംഭവിച്ച് ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി രൂപ മാറി. അതേസമയം, ശക്തമായ ഡോളർ വിൽപനയിലൂടെ രൂപയുടെ മൂല്യം പിടിച്ചുനിർത്തേണ്ട എന്നാണ് റിസർവ് ബാങ്കിന്റെ തീരുമാനം. രൂപയുടെ മൂല്യം സംരക്ഷിക്കാൻ വിദേശനാണ്യ കരുതൽ ശേഖരം ഈ ഘട്ടത്തിൽ കൂടുതലായി ചെലവഴിക്കുന്നത് ബുദ്ധിയല്ലെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ.

രൂപയുടെ മൂല്യത്തിൽ പ്രത്യേക ടാർഗറ്റോ ബാൻഡോ നിശ്ചയിക്കുന്നില്ലെന്നും വിപണിയുടെ സ്വാഭാവിക പ്രവർത്തനത്തിന് വിട്ടുനൽകുകയാണ് എന്നുമാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞ ദിവസം പറഞ്ഞത്. അസാധാരണ ചാഞ്ചാട്ടവും ഊഹക്കച്ചവടവും നിയന്ത്രിക്കാൻ മാത്രമേ ഇടപെടൂ എന്ന് അദ്ദേഹം വ്യക്തമാക്കി. 11 മാസം ഇന്ത്യക്കാവശ്യമായ എല്ലാ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യ കരുതൽ ശേഖരം ഉണ്ടെന്നാണ് ആർ.ബി.ഐ അവകാശവാദം.

മൂല്യം കുറയുന്നതിന്റെ മെച്ചം ലഭിക്കുന്നവർ

രൂപയുടെ മൂല്യം കുറയുന്നതിന്റെ മെച്ചം ലഭിക്കുന്നവരുമുണ്ട്. ഏറ്റവും പ്രധാനം കയറ്റുമതിക്കാരാണ്. കയറ്റി അയക്കുന്ന ഒരു ഉൽപന്നത്തിന് 100 ഡോളർ ആണ് വിലയെങ്കിൽ ഇപ്പോൾ ഏകദേശം 9000 രൂപ ലഭിക്കും. രൂപയുടെ മൂല്യം ഡോളറിന് 80 ആയിരുന്നപ്പോൾ 8000 രൂപയേ ലഭിച്ചിരുന്നുള്ളൂ. ഇനിയും ഇടിഞ്ഞ് 100ൽ എത്തിയാൽ 10000 രൂപ ലഭിക്കും. ഇന്ത്യൻ ഐ.ടി കമ്പനികൾക്കും രൂപയുടെ മൂല്യം കുറയുന്നത് അനുഗ്രഹമാണ്. കാരണം അവർക്ക് വരുമാനം ലഭിക്കുന്നത് ഡോളറിലാണ്. മറ്റൊരു വിഭാഗം പ്രവാസി ഇന്ത്യക്കാരാണ്. അവരുടെ വരുമാനം നാട്ടിലയക്കുമ്പോൾ മികച്ച വിനിമയ നിരക്ക് ലഭിക്കും. അതേസമയം, നാട്ടിൽ കുടുംബത്തിന്റെ ജീവിതച്ചെലവും വർധിക്കുമെന്ന മറുവശവുമുണ്ട്.

വാൽക്കഷണം

രൂപയുടെ മൂല്യശോഷണത്തിനെതിരെ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് നടത്തിയ പ്രസംഗം സമൂഹ മാധ്യമത്തിൽ വൈറലാണ്. നേപ്പാളിന്റെയും പാകിസ്താന്റെ ശ്രീലങ്കയുടെയും കറൻസി പിടിച്ചുനിൽക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ കഴിയാത്തത് കേന്ദ്ര സർക്കാറിന്റെ കഴിവുകേടാണെന്നും മോദി പ്രസംഗത്തിൽ പറയുന്നു. കോൺഗ്രസ് നേതാക്കൾ പാർലമെന്റിലും പുറത്തും ഇത് ഉയർത്തിക്കാണിക്കുന്നുണ്ട്.

Tags:    
News Summary - currency value decline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.