ന്യൂഡൽഹി: വഞ്ചനാപരമായ മെയിലുകൾക്കും ഔദ്യോഗിക പോർട്ടലായി ആൾമാറാട്ടം നടത്തുന്ന വ്യാജ വെബ്‌സൈറ്റുകൾക്കുമെതിരെ പൊതുജനങ്ങൾക്ക് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. നികുതി റീഫണ്ട് വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ ഇ-മെയിലുകളെയും ഇ-പാൻ കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നിർദേശങ്ങളെയും കുറിച്ച് ജാഗ്രത പാലിക്കാൻ വകുപ്പ് നികുതിദായകരോട് അഭ്യർഥിച്ചു.
സമൂഹ മാധ്യമമായ ‘എക്സി’ൽ ആണ് മുന്നറിയിപ്പു നൽകിയത്. പിൻ നമ്പറുകൾ, പാസ്‌വേഡുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ഇ-മെയിൽ വഴി ഒരിക്കലും പൊതുജനങ്ങളിൽ നിന്ന് തങ്ങൾ ആവശ്യപ്പെടാറില്ലെന്നും വകുപ്പ് വ്യക്തമാക്കി.
സെൻസിറ്റീവ് സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിശാലമായ ‘ഫിഷിങ്’ ശ്രമത്തിന്റെ ഭാഗമാണ് ഈ തട്ടിപ്പുകൾ. വിശ്വസനീയമായ സ്ഥാപനമായി വേഷംമാറി ഉപയോക്താക്കളെ രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ കബളിപ്പിക്കുന്നതാണ് ‘ഫിഷിങ്’. അത്തരം ഇ-മെയിലുകൾ പലപ്പോഴും നിയമാനുസൃതമെന്ന് തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്ക് സ്വീകർത്താക്കളെ നയിക്കുകയും വ്യക്തിഗത ഡാറ്റ നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യും.
‘ഇ-പാൻ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യുക’, ‘സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡ്’ പോലുള്ള വരികൾ സമീപകാല വ്യാജ ഇ-മെയിലുകളിലുൾപ്പെടുന്നു. ഔദ്യോഗികമാണെന്ന് തോന്നിപ്പിക്കുന്ന ലോഗോകളോടു കൂടിയ ഇത്തരം മെസേജുകൾക്കൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ വ്യാജ വെബ്സൈറ്റുകളിൽ എത്തിച്ചേരുമെന്നും കബളിപ്പിക്കപ്പെടുമെന്നും അറിയിച്ചു.
സംശയാസ്പദമായ ഇ- മെയ്‍ലുകൾ തുറക്കരുതെന്നും അവക്ക് മറുപടി അയക്കരുതെന്നും അവയിൽ ദുരുദ്ദേശത്തോടെയുള്ള കോഡുകൾ അടങ്ങിയിരിക്കാമെന്നും അത് കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളെ ബാധിക്കുമെന്നും ആദായ നികുതി വകുപ്പ് മുന്നറിയിപ്പു നൽകി. അപ്ഡേറ്റ് ചെയ്ത ആന്റി വൈറസ്, ആന്റി സ്പൈവെയർ, ഫയർവെൽ സോഫ്റ്റ്വെർ എന്നിവ ഉപയോഗിച്ച് നികുതി ദായകർ തങ്ങളുടെ ഉപകരണങ്ങൾ സുരക്ഷിതമാക്കണമെന്നും പറഞ്ഞു.
സംശയാസ്പദമായ ഇ-മെയ്കളോ വ്യാജ വെബ്സൈറ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ webmanager@incometax.gov.in അല്ലെങ്കിൽ incident@certt-in.org.in എന്ന തിലേക്ക് ഫോർവേഡ് ചെയ്യണമെന്നും പൊതുജനങ്ങളോട് ആദായ നികുതി വകുപ്പ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.