ചാഞ്ചാട്ടമുണ്ടായേക്കും; കരുതലോടെ വിപണിയിൽ നിക്ഷേപിക്കുക

കൊച്ചി: ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം വാരത്തിലും നേട്ടം നിലനിർത്തിയതിനൊപ്പം പുതിയ ഉയരങ്ങൾ കീഴടക്കിയത്‌ നിഷേപകരെ ആവേശം കൊള്ളിച്ചു. സെൻസെക്‌സ്‌ 452 പോയിൻറ്റും നിഫ്‌റ്റി 119 പോയിൻറ്റും നാല്‌ പ്രവർത്തി ദിനങ്ങളിൽ നേട്ടമുണ്ടാക്കി. വെള്ളിയാഴ്‌ച്ച വിപണി അവധിയായിരുന്നു. ആറ്‌ ആഴ്‌ച്ചകൾ തുടർച്ചയായി പുതിയ ഉയരങ്ങൾ കീഴടക്കിയാണ്‌ നിഫ്‌റ്റി സൂചിക ചരിത്രം സൃഷ്‌ടിച്ചത്‌.

ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളുടെ ശക്തമായ പിന്തുണ മുന്നേറ്റത്തിന്‌ വേഗത പകർന്നു. അതേ സമയം വിദേശ ഓപ്പറേറ്റർമാർ പല അവസരത്തിലും വിൽപ്പനയ്‌ക്ക്‌ മുൻ തൂക്കം നൽകി. മാസത്തിന്‍റെ ആദ്യ ദിനങ്ങളിൽ വാങ്ങലുകാരായിരുന്നു വിദേശ ഫണ്ടുകൾ പക്ഷേ കഴിഞ്ഞ വാരം ബാധ്യതകൾ കുറക്കാൻ ഉത്സാഹിച്ചു. രാജ്യാന്തര ഓഹരി വിപണികളിലെ തളർച്ച തന്നെയാണ്‌ അവരെ വിൽപ്പനക്കാരാക്കിയത്‌.

അമേരിക്കൻ മാർക്കറ്റ്‌ കഴിഞ്ഞവാരം വിൽപ്പനക്കാരുടെ പിടിയിലായിരുന്നു. സാമ്പത്തിക മേഖലയ്‌ക്ക്‌ അനുകൂലമായ റിപ്പോർട്ടുകൾ പുറത്തുവരുമെന്ന പ്രതീക്ഷയ്‌ക്ക്‌ ഇടയിൽ അടുത്ത വാരം യു.എസ്‌ ഫെഡ്‌ റിസർവ്‌ വായ്‌പ അവലോകനത്തിനായി ചേരും. ഇത്‌ ഡോളറിന്‌ നേട്ടം പകരുമെന്ന വിശ്വാസത്തിലാണ്‌ ഒരു വിഭാഗം. ഇതിനിടയിൽ യുറോപ്യൻ കേന്ദ്ര ബാങ്ക്‌ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. ബോംബെ സെൻസെക്‌സ്‌ 58,000 പോയിന്‍റിന്​ മുകളിൽ തുടരുകയാണ്‌. സെപ്‌റ്റംബർ ആദ്യ വാരം 2000 പോയിന്‍റെ തകർപ്പൻ മുന്നേറ്റം കാഴ്‌ച്ചവെച്ച സെൻസെക്‌സിന്‌ പക്ഷേ കഴിഞ്ഞ വാരം അത്തരം ഒരു പ്രകടനത്തിലുള്ള കരുത്ത്‌ ലഭ്യമായില്ല.

58,129 പോയിന്‍റിൽ നിന്ന്‌ മുന്നേറിയ സൂചിക മുൻ റെക്കോർഡായ 58,194 ലെ തടസം മറികടന്ന്‌ സർവകാല റെക്കോർഡായ 58,553 പോയിന്‍റ്​ വരെ ചുവടുവെച്ച ശേഷം വാരാവസാനം 58,305 പോയിന്‍റിലാണ്‌. ഈവാരം 58,045 ലെ ആദ്യ സപ്പോർട്ട്‌ നിലനിർത്തി 58,559 ലേയ്‌ക്ക്‌ ഉയരാൻ ശ്രമം നടത്താം, ഈ നീക്കം വിജയിച്ചാൽ അടുത്തപ്രതിരോധമായ 58,813 നെ ലക്ഷ്യമാക്കി വാരത്തിന്‍റെ രണ്ടാം പകുതിയിൽ സൂചിക സഞ്ചരിക്കും.

അതേ സമയം ആദ്യ സപ്പോർട്ടിൽ കാലിടറിയാൽ സെൻസെക്‌സ്‌ 57,785‐57,300 റേഞ്ചിലേയ്‌ക്ക്‌ സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. നിഫ്‌റ്റിക്ക്‌ 17,500 ലേയ്‌ക്ക്‌ ഉയരാനുള്ള ഊർജം കണ്ടത്താനായില്ല. 17,323ൽ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ച സൂചിക ഒരുവേള 17,340 ലെ റെക്കോർഡ്‌ തകർത്ത്‌ 17,436 പോയിന്‍റ്​ വരെ കയറിയ പുതിയ റെക്കോർഡ്‌ സ്ഥാപിച്ചങ്കിലും വ്യാപാരാന്ത്യം നിഫ്‌റ്റി 17,369 പോയിന്‍റിലാണ്‌.

വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിവാര ക്ലോസിങാണിത്‌. ഈവാരം നിഫ്‌റ്റി ഉണർവ്‌ നിലനിർത്താൻ ശ്രമിച്ചാൽ 17,440 ൽ ആദ്യ തടസമുണ്ട്‌, ഇത്‌ മറികടന്നാൽ 17,511 ൽ വീണ്ടും പ്രതിരോധം നേരിടാം. അതേ സമയം വാങ്ങലുകാരായി തുടരുന്ന ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ലാഭമെടുപ്പിന്‌ നീക്കം തുടങ്ങിയാൽ 17,293‐17,217 റേഞ്ചിൽ താങ്ങുണ്ട്‌. ഇത്‌ നഷ്‌ടപ്പെട്ടാൽ വിപണി 17,000 ൽ പിടിച്ചു നിൽക്കാൻ ശ്രമം നടത്താം.

നിക്ഷപകരിൽ നിന്നുള്ള താൽപര്യത്തിൽ മുൻ നിര ഓഹരികളായ എസ്‌.ബി.ഐ, എച്ച്.ഡി.എഫ്.സി, ഡോ:റെഡീസ്‌, എച്ച്‌.യു.എൽ, ടാറ്റാ സ്‌റ്റീൽ, ഇൻഫോസിസ്‌, എച്ച്‌.സി.എൽ, എയർടെൽ, ഐ.ടി.സി, മാരുതി തുടങ്ങിയവയുടെനിരക്ക്‌ ഉയർന്നപ്പോൾ ഐ.സി.ഐ.സി.ഐ ബാങ്ക്‌, എച്ച്.ഡി.എഫ്.സി ബാങ്ക്‌, സൺ ഫാർമ്മ, ബജാജ്‌ ഓട്ടോ, എം ആൻറ്‌ എം, എൽ ആൻഡ്​ ടി, ടി.സി.എസ്‌ എന്നിവയ്‌ക്ക്‌ തളർച്ച നേരിട്ടു.

വിദേശ നിക്ഷേപകർ പണം തിരിച്ചു പിടിക്കാൻ രംഗത്ത്‌ ഇറങ്ങിയത്‌ വിനിമയ വിപണിയിൽ രൂപയ്‌ക്ക്‌ ഭീഷണിയായി. യു എസ്ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 72.90 ൽ നിന്ന്‌ 73.84 ലേയ്‌ക്ക്‌ ദുർബലമായെങ്കിലും വാരാവസാനം അൽപ്പം മെച്ചപ്പെട്ട്‌ 73.52 ലാണ്‌. പോയവാരം വിദേശ ഓപ്പറ്റേറ്റർമാർ 1537 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 1115 കോടി രൂപ നിക്ഷേപിച്ചു. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സിൽ ചാഞ്ചാട്ടം. വാരാരംഭത്തിലെ 14.63 റേഞ്ചിൽ നിന്ന്‌15.27 ലേയ്‌ക്ക്‌ ഉയർന്ന ശേഷം ക്ലോസിങിൽ 14.08 ലാണ്‌. സൂചിക 20 ലേയ്‌ക്ക്‌ മുന്നേറിയാൽ ഓഹരി സൂചികയിലെ ചാഞ്ചാട്ടം ശക്തമാക്കാൻ ഇടയുള്ളതിനാൽ നിക്ഷേപകർ കരുതലോടെ വിപണിയെ സമീപിക്കുക.

Tags:    
News Summary - Stock Market Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT