ചുവപ്പണിഞ്ഞ്​ വിപണി; ആശങ്കയിൽ നിക്ഷേപകർ

കൊച്ചി: ആഗോള ഓഹരി ഇൻഡക്‌സുകൾ വാരാന്ത്യം ചുവപ്പ്‌ അണിഞ്ഞതോടെ നിക്ഷേപ മേഖല വീണ്ടും ആശങ്കയിൽ. ആമസോൺ ഓഹരിക്ക്‌ അമേരിക്കൻ മാർക്കറ്റിൽ നേരിട്ട തിരിച്ചടി യുറോപ്യൻ വിപണികളെയും തളർത്തി. പാശ്‌ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ ഏഷ്യൻ മാർക്കറ്റുകളെയും പിടിച്ച്‌ ഉലയ്‌ക്കാം. ജപ്പാൻ, ഹോങ്‌ങ്കോങ്‌, ചൈന, കൊറിയൻ വിപണികൾ വാരാന്ത്യം തളർച്ചയിലാണ്‌.

ഇന്ത്യൻ ഇൻഡക്‌സുകൾ തുടർച്ചയായ രണ്ടാം വാരവും നഷ്‌ടത്തിലാണ്‌. ബോംബെ സെൻസെക്‌സ്‌ 388 പോയിൻറ്റും നിഫ്‌റ്റി 93 പോയിൻറ്റും കുറഞ്ഞു. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയിലാണ്‌ ഇന്ത്യൻ മാർക്കറ്റ്‌.ജൂലൈയിൽ സെൻസെക്‌സും നിഫ്‌റ്റിയും നേട്ടം നിലനിർത്തിയത്‌ നിക്ഷേപകർക്ക്‌ ആത്‌മവിശ്വസം പകരും. കഴിഞ്ഞവാരം ആഭ്യന്തര ഫണ്ടുകൾ 8206 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ വാങ്ങി. അതേ സമയം വിദേശ ഫണ്ടുകൾ ജൂലൈ 23,193.39 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. കഴിഞ്ഞവാരത്തിൽ മാത്രം അവർ 10,825.21 കോടിയുടെ വിൽപ്പന നടത്തി.

അടിഒഴുക്കിലെ ഈ മാറ്റത്തെ തടയാൻ ആഭ്യന്തര ഫണ്ടുകൾ എല്ലാ ശ്രമവും നടത്തുന്നുണ്ട്‌. കടന്ന്‌ പോയ മാസം അവർ 18,393.92 കോടി രൂപ നിക്ഷേപിച്ചു. കോർപ്പറേറ്റ്‌ മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ പല അവസരത്തിലും നിക്ഷേപകരെ ആകർഷിച്ചു. എന്നാൽ റെക്കോർഡ്‌ പ്രകടനങ്ങൾക്കുള്ള കരുത്ത്‌ പോയവാരം വിപണിക്ക്‌ ലഭിച്ചില്ല.

സൂചികക്ക്‌ നേരിടുന്ന ദുർബലാവസ്ഥ കണ്ട്‌ ഒരു വിഭാഗം ഓപ്പറേറ്റർമാർ ലാഭമെടുപ്പിന്‌ ഉത്സാഹിച്ചു. മുൻ നിര ഓഹരികളായ ടാറ്റാ സ്‌റ്റീൽ, സൺഫാർമ്മ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എസ്‌.ബി.ഐ, ബജാജ്‌ ഫിനാൻസ്‌, ഇൻഫോസിസ്‌, എയർ ടെൽ തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ശക്തമായിരുന്നു.

അതേ സമയം ഡോ: റെഡീസ്‌, ഐ.ടി.സി, എച്ച്​.ഡി.എഫ്.സി ബാങ്ക്‌, എച്ച്.ഡിഎഫ്.സി, ആർ.ഐ.എൽ, മാരുതി, എം ആൻറ്‌ എം തുടങ്ങിയവ വിൽപ്പന സമ്മർദ്ദത്തെ അഭിമുഖീകരിച്ചു. ബോംബെ സെൻസെക്‌സ്‌ 52,975 ൽ നിന്ന്‌ അൽപ്പം മികവോടെയാണ്‌ ഇടപാടുകൾക്ക്‌ തുടക്കംകുറിച്ചത്‌. ഒരവസരത്തിൽ സൂചിക 51,802 ലേയ്‌ക്ക്‌ താഴ്‌ന്നതിനിടയിലെ വാങ്ങൽ താൽപര്യം സെൻസെക്‌സിനെ 53,103 ലേയ്‌ക്ക്‌ കൈപിടിച്ച്‌ ഉയർത്തിയെങ്കിലും ഈ റേഞ്ചിൽ അധികം നേരം നിലകൊള്ളാനാവാതെ സെൻസെക്‌സ്‌ വാരാന്ത്യം 52,586 ലേയ്‌ക്ക്‌ താഴ്‌ന്നു.

ഈവാരം 51,891 ലെതാങ്ങ്‌ നിലനിർത്തി 53,192 ലേയ്‌ക്ക്‌ ഉയരാൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ സൂചിക 53,798 നെ ലക്ഷ്യമാക്കാം. അതേ സമയം വിദേശത്തെ തളർച്ച പ്രതിഫലിച്ചാൽ 51,196 പോയിൻറ്റിൽ സപ്പോർട്ടുണ്ട്‌. നിഫ്‌റ്റി സൂചികയ്‌ക്ക്‌ മുന്നിൽ വീണ്ടും 15,900 പോയിൻറ്റ്‌ വൻ മതിലായി. നിഫ്‌റ്റി 15,893 വരെ കയറിയെങ്കിലും ഉയർന്ന റേഞ്ചിലെ വിൽപ്പന സമ്മർദ്ദം ഒരുവേള 15,513 ലേയ്‌ക്ക്‌ ഇടിഞ്ഞു.വാരാന്ത്യ ക്ലോസിങിൽ നിഫ്‌റ്റി 15,763 പോയിൻറ്റിലാണ്‌. ഈവാരം 15,553‐15,933 റേഞ്ചിൽ നിന്ന്‌ പുറത്ത്‌ കടക്കാൻ നിഫ്‌റ്റി ശ്രമം നടത്തും.

വിദേശ നാണയ കരുതൽ ശേഖരത്തിൽ വീണ്ടും ഇടിവ്‌. ജൂലൈ 23 ന് അവസാനിച്ച വാരം 1.581 ബില്യൺ ഡോളർ കുറഞ്ഞ്‌ കരുതൽ ധനം 611.149 ബില്യൺ ഡോളറായി. തൊട്ട്‌ മുൻവാരം കരുതൽ ശേഖരം 612.730 ബില്യൺ ഡോളറായിരുന്നു. ഫോറെക്‌സ്‌ മാർക്കറ്റിൽ ഡോളറിന്‌ മുന്നിൽ രൂപ 74.43 ൽ നിന്ന്‌ 74.33ലേയ്‌ക്ക്‌ ശക്തിപ്രാപിച്ചു.

ആഗോള വിപണിയിൽ സ്വർണം രണ്ട്‌ മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിൽ. ട്രോയ്‌ ഔൺസിന്‌ 1801 ഡോളറിൽ നിന്ന്‌ 1830 ലേയ്‌ക്ക്‌ ഉയർന്നങ്കിലും വാരാന്ത്യം സ്വർണം 1814 ഡോളറിലാണ്‌.

Tags:    
News Summary - Stock Market Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT