നിഫ്​റ്റിയും സെൻസെക്​സും പ്രതിവാര നഷ്​ടത്തിൽ; തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ

കൊച്ചി: ബോംബെ സെൻസെക്‌സ്‌ ഒരിക്കൽ കൂടി റെക്കോർഡ്‌ പ്രകടനത്തിലുടെ വിപണിയെ ആവേശം കൊള്ളിച്ചെങ്കിലും നിഫ്‌റ്റിക്ക്‌ റെക്കോർഡ്‌ പുതുക്കാനുള്ള അവസരം ഒരു പോയിൻറ്റ്‌ വ്യത്യാസ്​ത്തിൽ നഷ്‌ടപ്പെട്ടത്‌ ഓപ്പറേറ്റർമാരെ ആശങ്കയിലാക്കി. സെൻസെക്‌സ്‌ 98 പോയിൻറ്റും നിഫ്‌റ്റി 32 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്‌. തുടർച്ചയായ രണ്ടാം വാരമാണ്‌ സൂചിക തളരുന്നത്‌.

പ്രതീക്ഷിച്ച പോലെ തന്നെ വാരത്തിന്‍റെ തുടക്കത്തിൽ ദൃശ്യമായ ഉണർവ്‌ സെൻസെക്‌സിനെ 52,484 പോയിൻറ്റിൽ നിന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 53,129 ലേയ്‌ക്ക്‌ ഉയർത്തി. തൊട്ട്‌ മുൻവാരം രേഖപ്പെടുത്തിയ 53,126 ലെ റെക്കോർഡാണ്‌ ഈ അവസരത്തിൽ തിരുത്തിയത്‌. എന്നാൽ ഉയർന്ന റേഞ്ചിൽ അധിക നേരം പിടിച്ചു നിൽക്കാനാവാതെ സെൻസെക്‌സ്‌ ഒരവസരത്തിൽ 52,228 ലേയ്‌ക്ക്‌ ഇടിഞ്ഞശേഷം വ്യാപാരാന്ത്യം 52,386 പോയിൻറ്റിലാണ്‌. കോർപ്പറേറ്റ്‌ മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടിന്‌ തിളക്കം മങ്ങിയത്‌ വിപണിയെ നിരാശപ്പെടുത്തി.

ഈ വാരം വിപണി 52,033 സപ്പേർട്ട്‌ നിലനിർത്തി 52,934 ലേയ്‌ക്ക്‌ ഉയരാൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ ലക്ഷ്യം 53,484 പോയിൻറ്റായി മാറും, അതേ സമയം ആദ്യ സപ്പോർട്ട്‌ കാത്ത്‌ സൂക്ഷിക്കാൻ വിപണി ക്ലേശിച്ചാൽ സ്വാഭാവികമായും 51,680 ലെ താങ്ങിൽ പരീക്ഷണങ്ങൾക്ക്‌ സെൻസെക്‌സ്‌ നിർബന്ധിതമാവും.

നിഫ്‌റ്റി സൂചിക വൻ ആവേശതോടെയാണ്‌ പിന്നിട്ടവാരം ഇടപാടുകൾ ആരംഭിച്ചത്‌. 15,722 ൽനിന്ന്‌ 15,914 വരെ നിഫ്‌റ്റി കയറിയെങ്കിലും 15,915ലെ സർവകാല റെക്കോർഡ്‌ തകർക്കാനുള്ള കരുത്ത്‌ കേവലം ഒരു പോയിൻറ്റിന്‌ നഷ്‌ടമായത്‌ ഒരു വിഭാഗം ഇടപാടുകാരെ വിൽപ്പനയിലേയ്‌ക്ക്‌ തിരിയാൻ പ്രേരിപ്പിച്ചു.

ഇതോടെ ഉയർന്ന തലത്തിൽ നിന്ന്‌ സൂചിക 15,632 ലേയ്‌ക്ക്‌ ഇടിഞ്ഞതിനിടയിൽ ഓപ്പറേറ്റർമാർ വാങ്ങലിന്​ കാണിച്ച ഉത്സാഹം നിഫ്‌റ്റിയെ 15,689 ലേയ്‌ക്ക്‌ കൈപിടിച്ച്‌ ഉയർത്തി. ഈവാരം 15,576‐15,858 റേഞ്ചിൽ കൺസോളിഡേഷന്‌ സുചിക ശ്രമിക്കാം. പിന്നിട്ടവാരം റിയാലിറ്റി, മെറ്റൽ, ടെലികോം, ഹെൽത്ത് കെയർ വിഭാഗങ്ങളിൽ വാങ്ങൽ താൽപര്യം ദൃശ്യമായി. അതേ സമയം ഊർജ്ജം, ബാങ്കിങ്‌, ഓയിൽ, ഗ്യാസ്, ടെക്‌നോളജി വിഭാഗം ഓഹരികളിൽ ഇടപാടുകാർ ലാഭമെടുപ്പിന്‌ ഉത്സാഹിച്ചു.

മുൻ നിര ഓഹരികളായ ബജാജ്‌ ഫൈനാൻസ്‌, ഇൻഡസ്‌ ബാങ്ക്‌, ടാറ്റാ സ്‌റ്റീൽ, എയർ ടെൽ, എച്ച്.ഡി.എഫ് .സി ബാങ്ക്‌, എച്ച് .ഡി.എഫ്.സി, എൽ ആൻറ്‌ ടി തുടങ്ങിയവ നിക്ഷേപ താൽപര്യത്തിൽ തിളങ്ങിയപ്പോൾ ഡോ: റെഡീസ്‌, സൺ ഫാർമ്മ,ആർ.ഐ.എൽ, ടി.സി.എസ്‌, മാരുതി, ബജാജ്‌ ഓട്ടോ എന്നിവയുടെ നിരക്ക്‌ കുറഞ്ഞു.

വിദേശ ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരവും വിൽപ്പനയ്‌ക്ക്‌ മുൻ തൂക്കം നൽകി. അവർ മൊത്തം 2561 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 1181 കോടി രൂപയുടെ വിൽപ്പനയും 1274 കോടി രൂപയുടെ നിക്ഷേപവും നടത്തി. വിദേശ നാണയ കരുതൽ ശേഖരം സർവകാല റെക്കോർഡിലേയ്‌ക്ക്‌ ഉയർന്നു. ജൂലൈ രണ്ടിന്‌ അവസാനിച്ച വാരം വിദേശനാണ്യ കരുതൽധനം 1.013 ബില്യൺ ഡോളർ വർദ്ധിച്ച് 610.012 ബില്യൺ ഡോളറിലെത്തി. ജൂൺ അവസാനവാരം ഇത്‌ 608.999 ബില്യൺ ഡോളറായിരുന്നു.

Tags:    
News Summary - Stock Market Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT