കൊച്ചി: ബജറ്റിന് പിന്നാലെ വൻ മുന്നേറ്റം കാഴ്ചവെച്ച ഇന്ത്യൻ ഓഹരി വിപണിയിൽ വാരാന്ത്യത്തിലുണ്ടായത് തിരിച്ചടി. ബജറ്റ് സൃഷ്‌ടിച്ച ആവേശത്തിൽ മാസാരംഭത്തിൽ തുടങ്ങിയ മുന്നേറ്റത്തിന്‍റെ കരുത്തിൽ പുതിയ ഉയരങ്ങൾ മുൻ നിര ഇൻഡക്‌സുകൾ കൈപിടിയിൽ ഒതുക്കിയെങ്കിലും പോയവാരം വ്യാപാരം നടന്ന അഞ്ചിൽ നാല് ദിവസും സൂചികകൾ തളർന്നു.
ബോംബെ സൂചിക 654 പോയിൻറ്റും നിഫ്‌റ്റി 181 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്. മുൻ നിര ഇൻഡക്‌സുകൾക്ക് ഒരു ശതമാനം ഇടിവ് നേരിട്ടു. ഫെബ്രുവരി സീരീസ് സെറ്റിൽമെൻറ്റിന് ഒരുങ്ങുകയാണ് ഡെറിവേറ്റീവ് മാർക്കറ്റ്. നാല് ദിവസം മാത്രം ശേഷിക്കുന്നതിനാൽ പൊസിഷനുകളിൽ മാറ്റം വരുത്താൻ മുന്നിലുള്ള മുന്ന് ദിവസങ്ങളിൽ ഓപ്പറേറ്റർമാർ മത്സരിക്കാൻഇടയുള്ളത് സുചികയിലെ ചാഞ്ചാട്ടം ശക്തമാക്കാം.
മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിന് കഴിഞ്ഞ ദിവസങ്ങളിൽ ഇടപാടുകാർ ഉത്സാഹിച്ചത് മൂലം പല ഓഹരികളുടെ വിലയിലും കുറവ് ദൃശ്യമായി. സെൻസെക്‌സ് ഓപ്പണിങ് ദിനത്തിൽ 52,482 വരെ ഉയർന്നങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വിപണി തിരുത്തലിന്‍റെ പാദയിലേയ്‌ക്ക് നീങ്ങിയത് വാങ്ങലുകാരെ പ്രതിസന്ധിയിലാക്കി.
വിദേശ ഫണ്ടുകൾ നിഷേപകരായി വിപണിയിലുണ്ടെങ്കിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ക്യാഷ് മാർക്കറ്റിൽ പ്രതിദിനം ആയിരം കോടി രൂപയുടെ വിൽപ്പന നടത്തിയത് സൂചികയെ സമ്മർദ്ദത്തിലാക്കി. ഒരു വേള ബോംബെ സെൻസെക്‌സ് 50,624 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ 50,889 പോയിൻറ്റിലാണ് വിപണി. ഈവാരം 50,181 ലെ സപ്പോർട്ട് നിലനിർത്തി സൂചിക ഉയരാൻ ശ്രമിക്കാമെങ്കിലും വിൽപ്പന സമ്മർദ്ദം രുക്ഷമായാൽ തിരുത്തൽ 49,500 റേഞ്ച് വരെ തുടരാം.
നിഫ്‌റ്റി സൂചിക 15,163 പോയിൻറ്റിൽ നിന്ന് 15,230ലേയ്‌ക്ക് തുടക്കത്തിൽ മികവ് കാണിച്ചതിനിടയിൽ ഊഹക്കച്ചവടക്കാർ വിൽപ്പനയിലേയ്‌ക്ക് ചുവടു മാറ്റിയത് നിഫ്‌റ്റിയെ 14,898 വരെ തളർത്തിയെങ്കിലും വാരാന്ത്യക്ലോസിങിൽ സൂചിക 14,981 പോയിൻറ്റിലാണ്. വ്യാഴാഴ്‌ച്ച ഫെബ്രുവരി സീരീസ് സെറ്റിൽമെൻറ് നടക്കും. മുൻ നിര ഓഹരികളായ ഇൻഫോസിസ്, ടി. സി.എസ്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി, ഐ ബാങ്ക്, ഡോ. റെഡ്ഡീസ്, സൺ ഫാർമ്മ, എം ആൻറ് എം, മാരുതി, ഐ.ടി.സി ഓഹരി വിലകൾ താഴ്ന്നപ്പോൾ ഒ.എൻ.ജി.സി, ആർ.ഐ എൽ, എസ്.ബി.ഐ എന്നിവ പ്രതിവാര നേട്ടത്തിലാണ്.
വിനിമയ വിപണിയിൽ അമേരിക്കൻ ഡോളറിന് മുന്നിൽ രൂപ മികവ് നിലനിർത്തി. രൂപയുടെ മൂല്യം 72.58 ൽ നിന്ന് വാരാന്ത്യം 72.56 ലേയ്‌ക്ക് നീങ്ങി. അന്താരാഷ്‌ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില അഞ്ചാം വാരത്തിലും ഉയർന്നു. ന്യൂയോർക്കിൽ എണ്ണ വില ബാരലിന് 59.60 ഡോളറിൽ നിന്ന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 60.96 വരെ കയറിയ ശേഷം വാരാവസാനം ബാരലിന് 58.93 ഡോളറാണ്. സ്വർണ വില വീണ്ടും ചാഞ്ചാടി, രാജ്യാന്തര മാർക്കറ്റിൽ മഞ്ഞലോഹം ട്രോയ് ഔൺസിന് 1823 ഡോളറിൽ നിന്ന് 1760 ഡോളർ വരെ ഇടിഞ്ഞു. നിരക്ക് ഇടിഞ്ഞ അവസരത്തിൽ ഓപ്പറേറ്റർമാർ ഷോട്ട് കവറിന് ഉത്സാഹിച്ചത് സ്വർണത്തെ വ്യാപാരാന്ത്യം 1783 ഡോളറിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.