മുഹൂർത്ത വ്യാപാരത്തിലെ നേട്ടത്തിൽ പ്രതീക്ഷയർപ്പിച്ച്​ വിപണി

കൊച്ചി: ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ തിളങ്ങിയത്‌ തുടർച്ചയായ മൂന്നാം വാരത്തിലും നേട്ടത്തിന്‌ അവസരം ഒരുക്കുമെന്ന നിറഞ്ഞ പ്രതീക്ഷയിലാണ്‌ നിക്ഷേപകർ. ഒരു മണികൂർ നീണ്ട മുഹൂർത്ത കച്ചവടത്തിൽ നിക്ഷേപകർ കാണിച്ച ഉത്സാഹം സംവത്‌ 2077 ലും നേട്ടങ്ങൾ വാരികൂട്ടാൻ അവസരം സൃഷ്‌ടിക്കാം. ബോംബെ സെൻസെക്‌സ്‌ സർവകാല റെക്കോർഡായ 43,823 വരെയും നിഫ്‌റ്റി സൂചിക എക്കലത്തെയും ഉയർന്ന നിലവാരമായ 12,808 വരെയും മുഹൂർത്ത വ്യാപാരത്തിൽ ഉയർന്നു. മൂഹൂർത്ത വ്യാപാരത്തിൽ ക്ലോസിങ്‌ ഇല്ലാത്തതിനാൽ ചെവാഴ്‌ച്ച ബി.എസ്‌.ഇ 43,637 ലും എൻ.എസ്‌.ഇയിൽ 12,770 ലും ഇടപാടുകൾക്ക്‌ തുടക്കം കുറിക്കും.

ബോംബെ സെൻസെക്‌സ്‌ 195 പോയിൻറ്റും നിഫ്‌റ്റി 50 പോയിൻറ്റും ഉയർന്നു. പിന്നിട്ട പതിനൊന്ന്‌ വർഷങ്ങളിലെ മുഹൂർത്ത കച്ചവടങ്ങൾ വിലയിരുത്തിയാൽ ഏഴ്‌ തവണ സൂചികകൾ മുന്നേറിയപ്പോൾ നാല്‌ തവണ വിപണിക്ക്‌ ഈ ശുഭമുഹൂർത്തത്തിൽ കാലിടറിയ ചരിത്രമുണ്ട്‌. സംവത്‌ 2076 ൽ ഇന്ത്യൻ മാർക്കറ്റിൽ 90 ശതമാനം ഓഹരികളും മികവ്‌ കാഴ്‌ച്ചവെച്ചു. പുതു വർഷമായ 2077 ൽ ബാങ്ക്‌, ഓട്ടോമൊബൈൽ, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, ക്യാപിറ്റൽ ഗുഡ്സ്, സിമൻറ്, സ്‌റ്റീൽ, ഐ.ടി, എഫ്‌.എം.സി.ജി വിഭാഗങ്ങളും ശ്രദ്ധിക്കപ്പെടാം.

പിന്നിട്ട പത്ത്‌ പ്രവർത്തി ദിനങ്ങളിൽ ഒമ്പതിലും നേട്ടം നിലനിർത്തി ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും. കഴിഞ്ഞവാരം അഞ്ചിൽ നാല്‌ ദിവസവും വിപണി മികവിലായിരുന്നു. ബോംബെ സൂചിക മൂന്നര ശതമാനത്തിൽ അധികം ഉയർന്ന്‌ 1549 പോയിൻറ്റ്‌ പ്രതിവാര നേട്ടത്തിലാണ്‌. നിഫ്‌റ്റി ഈ കാലയളവിൽ 456 പോയിൻറ്റ്‌ വർധിച്ചു.

സെൻസെക്‌സ്‌ 41,893 പോയിൻറ്റിൽ നിന്ന്‌ കുതിച്ചു മുൻവാരം ഇതേ കോളത്തിൽ രണ്ടാം പ്രതിരോധമായി സൂചിപ്പിച്ച 43,681 ലെ തടസം മറികടന്ന്‌ 43,708 വരെ ഉയർന്നു. എന്നാൽ ഈ അവസരത്തിലെ ലാഭമെടുപ്പിൽ അൽപ്പം തളർന്ന്‌ 43,443 ൽ വെള്ളിയാഴ്‌ച്ച വ്യാപാരം അവസാനിച്ചു. ഈ വാരം 44,013 ൽ ആദ്യ പ്രതിരോധമുണ്ട്‌. വിദേശ നിക്ഷേപം പ്രവഹിച്ചാൽ 44,583 വരെ സൂചിക സഞ്ചരിക്കാം. വീണ്ടും സാങ്കേതിക തിരുത്തലുകൾക്ക്‌ മുതിർന്നാൽ 42,568 ൽസപ്പോർട്ടുണ്ട്‌.

പ്രതീക്ഷയ്‌ക്ക്‌ ഒത്ത്‌ നിഫ്‌റ്റി സുചികയും റെക്കോർഡ്‌ പ്രകടനം കാഴ്ച്ചവെച്ചു. 12,263 പോയിൻറ്റിൽ നിന്ന്‌ 12,769 വരെ ഉയർന്ന നിഫ്‌റ്റി സൂചിക വെള്ളിയാഴ്‌ച്ച 12,719 പോയിൻറ്റിൽ ഇടപാടുകൾ അവസാനിച്ചു. ബുൾ റാലി തുടരുന്നതിനാൽ സാങ്കേതികമായി 12,870‐13,000ലേയ്‌ക്ക്‌ സൂചിക ഉയരുമെന്ന നിഗമനത്തിലാണ്‌ നിക്ഷേപകർ. അതേ സമയം ഉയർന്ന റേഞ്ചിൽ പ്രോഫിറ്റ്‌ ബുക്കിങിന്‌ ഫണ്ടുകൾ രംഗത്ത്‌ ഇറങ്ങിയാൽ സൂചികയ്‌ക്ക്‌ 12,467 ൽ താങ്ങ്‌ പ്രതീക്ഷിക്കാം.

മുൻ നിര ഓഹരികളായ ആർ.ഐ.എൽ, എസ്‌.ബി.ഐ, കോൾ ഇന്താ, ഹിൻഡാൽക്കോ, ഒ.എൻജി.സി, ഇൻഫോസിസ്‌, റെഡീസ്‌ ലാബ്‌, സിപ്ല, ടാറ്റാസ്‌റ്റീൽ തുടങ്ങിയവ മികവ്‌ കാഴ്‌ച്ചവെച്ചു. വിദേശ ധനകാര്യസ്ഥാപനങ്ങളുടെ ശക്തമായ പിൻതുണയിലാണ്‌ ഇന്ത്യൻ മാർക്കറ്റ്‌. ഇതിനിടയിൽ വിദേശ നാണയ കരുതൽ ശേഖരം വീണ്ടും റെക്കോർഡ്‌ പുതുക്കി.

നവംബർ ആറിന്‌ അവസാനിച്ച വാരം രാജ്യത്തിൻറ്റ വിദേശ നാണയ ശേഖരം 7.7 ബില്യൺ ഡോളർ ഉയർന്ന് 568.4 ബില്യൺ ഡോളറിലെത്തിയതായി ആർ.ബി.ഐ വ്യക്തമാക്കി. ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയ്‌ക്ക്‌ വീണ്ടും തിരിച്ചടി, ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 73.7ൽ നിന്ന്‌ 74.59 ലേയ്ക്ക്‌ ഇടിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT