മുംബൈ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം വൻ മുന്നേറ്റം നടത്തിയതോടെ ഓഹരി വിപണിക്ക് കുതിപ്പ്. സുപ്രധാന ഓഹരി സൂചികയായ സെൻസെക്സ് 84.11 പോയന്റ് ഉയർന്ന് 84,562.78 ലും നിഫ്റ്റി 30 .90 പോയന്റ് വർധിച്ച് 25,910.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത നഷ്ടത്തിൽനിന്നാണ് വിപണി ഉച്ചക്ക് ശേഷം നേട്ടത്തിലേക്ക് തിരിച്ചുവന്നത്. സെൻസെക്സ് ഏറ്റവും താഴ്ന്ന നിലയിൽനിന്ന് 500 പോയന്റിലേറെയാണ് ഉയർന്നത്. അവസാന കണക്കുകൾ പ്രകാരം എൻ.ഡി.എക്ക് 207 സീറ്റുകളും മഹാഗഡ്ബന്ധന് 31 സീറ്റുകളുമാണ് ലഭിച്ചത്.
യു.എസ് വിപണിയിലുണ്ടായ കൂട്ടവിൽപനയുടെ ചുവടുപിടിച്ച് നഷ്ടത്തിലാണ് നിഫ്റ്റിയും സെൻസെക്സും വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 84,029.32 പോയന്റിലേക്കും നിഫ്റ്റി 25,740.80 പോയന്റിലേക്കും ഇടിഞ്ഞ ശേഷമായിരുന്നു തിരിച്ചുവരവ്. തെരഞ്ഞെടുപ്പിൽ എൻ.ഡി.എ തൂത്തുവാരിയെന്ന വ്യക്തമായ സൂചനകൾ ലഭിച്ചതോടെ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതു തുടർച്ചയായ അഞ്ചാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സ് സി.വി (3.20 ശതമാനം), എറ്റേണൽ (2.15 ശതമാനം), ബി.ഇ.എൽ (1.60 ശതമാനം) തുടങ്ങിയ ഓഹരികളാണ് ഏറ്റവും കൂടുതൽ കുതിച്ചുയർന്നത്. അതേസമയം, ഇൻഫോസിസും ഈശർ മോട്ടോർസും ടാറ്റ സ്റ്റീലും ശക്തമായ വിൽപന സമ്മർദം നേരിട്ടു. മൂന്ന് ശതമാനം വരെ ഈ ഓഹരികളുടെ വില ഇടിഞ്ഞു.
ബിഹാറിൽ എൻ.ഡി.എ വിജയം നിക്ഷേപകർ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതായി ഓഹരി വിദഗ്ധർ പറഞ്ഞു. വരാനിരിക്കുന്ന റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗവും അടുത്ത മാസം യു.എസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് കുറക്കുമോയെന്നുമാണ് ഓഹരി വിപണി ഉറ്റുനോക്കുന്നത്. യു.എസുമായുള്ള വ്യാപാര കരാർ വിപണിയിൽ മുന്നേറ്റമുണ്ടാക്കുമെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും വിപണിയുടെ പ്രതികരണം താൽകാലികം മാത്രമായിരിക്കുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവിസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു. കമ്പനികളുടെ വരുമാന വളർച്ചയായിരിക്കും വിപണിയുടെ ദീർഘകാല ട്രെൻഡ് നിർണയിക്കുക. സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിക്കുമെന്നും കമ്പനികൾ കൂടുതൽ ലാഭം നേടുമെന്നുമുള്ള സൂചനകൾ ആത്മവിശ്വാസം പകരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഓഹരി വിപണിയുടെ മോശം പ്രകടനം ഈ വർഷം ഇനിയും നീളാൻ സാധ്യതയില്ല. അഞ്ച് വർഷത്തിനിടെ ലോകത്ത് ഏറ്റവും മുന്നേറ്റം നടത്തിയ സൂചികകളിലൊന്നാണ് നിഫ്റ്റി. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനികളുടെ വരുമാനം ഇടിഞ്ഞതും ഓഹരികളുടെ വില അമിതമായി ഉയർന്നതുമാണ് ഈ വർഷം വിപണിയുടെ പ്രകടനത്തെ ബാധിച്ചത്. നിലവിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുകയും വരുന്ന ദിവസങ്ങളിൽ വിപണി മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യു.എസ് വിപണിയിൽ എൻവിഡിയ അടക്കമുള്ള എ.ഐ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാത്രമല്ല, മൂന്ന് സുപ്രധാന ഓഹരി സൂചികകളും ഒരു മാസത്തിനിടെ ആദ്യമായി ഏറ്റവും ശക്തമായ വിൽപന സമ്മർദം നേരിട്ടു. ഡോജോൺസ് 1.65 ശതമാനവും എസ്&പി 500 1.66 ശതമാനവും നസ്ദാഖ് 2.29 ശതമാനവും ഇടിഞ്ഞു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കാൻ സാധ്യതയില്ലെന്ന സൂചനയും പണപ്പെരുപ്പം രൂക്ഷമായി തുടരുന്നതുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയത്. അതിനിടെ, ആഭ്യന്തര വിപണിയിൽ വിദേശ നിക്ഷേപകരുടെ ഓഹരി വിൽപന തുടരുകയാണ്. കഴിഞ്ഞ ദിവസം 383.68 രൂപയുടെ ഓഹരികളാണ് വിദേശികൾ വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.