വടക്കഞ്ചേരി: റബർ വില വീണ്ടും കൂപ്പുകുത്തി. നാലാം ഗ്രേഡ് റബർ ഷീറ്റ് 190 രൂപയിലേക്ക് വില താഴ്ന്നു. മാർച്ച് അവസാനം വില 207 രൂപ വരെയായി ഉയർന്നിരുന്നതാണ്. ക്രമേണ വില ഉയരും എന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. വിഷു, ഈസ്റ്റർ ഉത്സവങ്ങളോട് അനുബന്ധിച്ച് കർഷകരുടെ കൈയിൽ ശേഷിച്ച റബർ ഷീറ്റ് വിൽപനക്ക് എത്തിയതോടെയാണ് വില ദിവസേന ഒന്നും രണ്ടും രൂപ ക്രമത്തിൽ താഴ്ന്നുതുടങ്ങിയത്. റബർ ഷീറ്റ് വിലകുറഞ്ഞതിന് ആനുപാതകമായി ഒട്ടുപാലിന്റെ വിലയും 110 രൂപയിലേക്ക് താഴ്ന്നു. വേനൽ ശക്തമായി മാർച്ച് പകുതിയോടെ റബർ ടാപ്പിങ് നിലക്കുന്നതോടെ സാധാരണഗതിയിൽ വില ഉയരാറുള്ളതാണ്.
ഇക്കുറി നേരെ വിപരീതഫലമാണ് വിലനിലവാരത്തിൽ ഉണ്ടായത്. 200ൽ താഴേക്ക് വില ചുരുങ്ങാൻ തുടങ്ങിയതോടെ റബർ ഷീറ്റുകൾ സംഭരിച്ചുവെച്ച കർഷകർ ശേഷിച്ച റബറും വിറ്റുതുടങ്ങി. കാലവർഷം ആരംഭിക്കുന്നതിന് മുമ്പായി റബർ മരങ്ങളിൽ മഴമറ സ്ഥാപിച്ച് മഴക്കാലത്ത് ടാപ്പിങ് ആരംഭിക്കുന്നതിനായി പ്ലാസ്റ്റിക്, പശ തുടങ്ങിയവ വാങ്ങേണ്ട സ്ഥിതിയും ഇപ്പോൾ കർഷകർക്കുണ്ട്. ജൂൺ രണ്ടാം വാരത്തോടെ പ്ലാസ്റ്റിക് ഷെയ്ഡ് ഇട്ട് ടാപ്പിങ് ആരംഭിക്കുന്നതോടെ റബർ വിപണിയിൽ എത്തുകയും വില വീണ്ടും താഴുമെന്നുമുള്ള ആശങ്ക കർഷകർക്കുണ്ട്.
റബർ വില 200ൽ താഴെ നിൽക്കുന്നത് തുടർന്നാൽ മഴക്കാലത്ത് ടാപ്പിങ്ങിന് കർഷകർ തയാറാവാതെ ഇരിക്കുന്ന സ്ഥിതിയും ഉണ്ടാകും. വില കുറഞ്ഞുനിൽക്കുന്നത് റബർ ഉൽപാദനത്തെ ബാധിക്കാൻ ഇടയുണ്ട്. റബർ ഉൽപാദനം വർധിപ്പിക്കാനായി മഴക്കാല ടാപ്പിങ് ആരംഭിക്കുന്നതിന് മഴമറ സ്ഥാപിക്കാൻ റബർ ബോർഡ് ഹെക്ടറിന് 4000 രൂപ സബ്സിഡി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഴമറ സ്ഥാപിക്കാൻ കൂടുതൽ കർഷകർ മുന്നോട്ടുവന്നിട്ടില്ലെന്ന് റബർ ഉൽപാദകസംഘം ഭാരവാഹികൾ പറയുന്നു. 250 രൂപയെങ്കിലും താങ്ങുവില ലഭിക്കണമെന്ന് കർഷകരുടെ ആവശ്യം സർക്കാർ നടപ്പാക്കിയിട്ടില്ല. രണ്ടാം പിണറായി സർക്കാർ താങ്ങുവിലയിൽ വർധന വരുത്താത്തത് റബർ മേഖലയിൽ കനത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.