സ്വർണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ; വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ്

​മുംബൈ: വില ഓരോ ദിവസവും​ റോക്കറ്റ് പോലെ കുതിക്കുന്നതിനിടെ സ്വർണം വാങ്ങുന്നത് ജ്വല്ലറികൾ താൽകാലികമായി നിർത്തിവെക്കുന്നു. സ്വർണാഭരണങ്ങൾ വാങ്ങാനുള്ള ഉപഭോക്താക്കളുടെ താൽപര്യം കുറഞ്ഞതാണ് ജ്വല്ലറികളെ നിരാശപ്പെടുത്തിയത്. അത്യാവശ്യങ്ങൾക്ക് പുതിയ സ്വർണാഭരണത്തിന് പകരം ഉപഭോക്താക്കൾ പഴയത് മാറ്റി​വാങ്ങുകയാണ്. ജനുവരിയിൽ സ്വർണത്തിന്റെ വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ് ​രേഖപ്പെടുത്തി. വിലയിൽ 30 ശതമാനത്തിലേറെ കുതിപ്പുണ്ടായതോടെയാണ് വിൽപനയിൽ ഇടിവ് നേരിട്ടതെന്ന് സ്വർണ വ്യാപാര കമ്പനിയായ ജെ.​ജെ ​ഗോൾഡ് ഹൗസ് എം.ഡി ഹർഷദ് അജ്മീറ പറഞ്ഞു.

ആഭരണങ്ങൾക്ക് പകരം നിക്ഷേപത്തിന് വേണ്ടി സ്വർണം വാങ്ങുന്നതിലേക്ക് വിപണി മാറിയെന്നാണ് നിലവിലെ ട്രെൻഡ് കാണിക്കുന്നത്. സ്വർണ നാണയം, സ്വർണ ബാർ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ വിഭാഗങ്ങളിലാണ് നിക്ഷേപം ഒഴുകുന്നത്. ഉയർന്ന വിലയിലും ക്രമാനുഗതമായി സ്വന്തമാക്കാൻ കഴിയുന്നതിനാലാണ് പരമ്പരാഗതമായി വലിയ അളവിൽ സ്വർണം വാങ്ങുന്നതിൽനിന്ന് ഉപഭോക്താക്കളുടെ താൽപര്യം ഡിജിറ്റൽ ഗോൾഡിലേക്കും ഇ.ടി.എഫുകളിലേക്ക് മാറിയതെന്ന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അക്ഷ കംബോജ് പറഞ്ഞു.

ആഗാള രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവസാനിക്കാത്തതും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ താരിഫുകൾ പ്രഖ്യാപിക്കുന്നതുമാണ് വീണ്ടും സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയത്. ആഗോള വിപണിയിൽ മുൻനിര കറൻസികളെ അപേക്ഷിച്ച് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് കുറക്കുമെന്ന സൂചനകളും നിക്ഷേപകരെ ആകർഷിച്ചു. മാത്രമല്ല, ഏഷ്യയിലെയും യൂറോപ്പിലെയും പുതിയ നിക്ഷേപകർ സുരക്ഷിത ആസ്തിയായ സ്വർണം വാങ്ങിക്കൂട്ടുകയാണെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി. ആഗോള വിപണിയിൽ ആദ്യമായി സ്വർണ വില കഴിഞ്ഞ ദിവസം ഔൺസിന് 5000 ഡോളറി​ന് മുകളിലേക്ക് കടന്നിരുന്നു.   

Tags:    
News Summary - jewellers halt bullion orders as sales fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT