മൂവാറ്റുപുഴ: കൈതച്ചക്ക വില കുത്തനെ ഇടിഞ്ഞു. ഏപ്രിൽ ആദ്യം 60 രൂപവരെ വിലയുണ്ടായിരുന്നത് 20 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. ഉൽപാദനം വർധിച്ചതും വേനൽമഴയുമാണ് മൂന്നുവർഷമായി മികച്ച വില ലഭിച്ചിരുന്ന കൈതച്ചക്കയുടെ വില ഇടിയാൻ കാരണം. കഴിഞ്ഞ മാസത്തെക്കാൾ 75 ശതമാനത്തിന് താഴെയാണ് വില. ഏപ്രിൽ ആദ്യവാരം സ്പെഷൽ ഗ്രേഡ് വാഴക്കുളം പൈനാപ്പിളിന് വിപണിയിൽ 60 രൂപയും പഴുത്തതിന് 54 രൂപയും വില ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സ്പെഷൽ ഗ്രേഡിന് 20 രൂപയും പച്ചക്ക് 18 രൂപയും പഴുത്തതിന് 20 രൂപയുമായി കുറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിലും 62, 60, 65 എന്നിങ്ങനെയായിരുന്നു സ്പെഷൽ ഗ്രേഡ്, പച്ച, പഴം എന്നിവയുടെ വില. വരും ദിവസങ്ങളിൽ വില വീണ്ടും കുറയും എന്നാണ് കർഷകരും വ്യാപാരികളും പറയുന്നത്. വേനൽമഴ പെയ്തതും കൂടുതൽ പേർ കൃഷിയിറക്കിയതിനാൽ ഉൽപാദനം വർധിപ്പിച്ചതുമാണ് വിലയിടിവിന് കാരണം. ഇതിനുപുറമെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴയും വില തീരെ കുറയാൻ കാരണമായി. മാങ്ങ സീസൺ ആരംഭിച്ചതും വിനയായിട്ടുണ്ട്.
കടുത്ത വേനലിൽ കഴിഞ്ഞവർഷം ഉൽപാദനത്തിൽ 30 ശതമാനം കുറവ് ഉണ്ടായിരുന്നെങ്കിൽ ഇക്കൊല്ലം 25 ശതമാനത്തിലധിക ഉൽപാദനം ഉണ്ടായിട്ടുെണ്ടന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറഞ്ഞു. കോവിഡ് കാലത്തും ഇതിനുശേഷം ഒരു വർഷവും പൈനാപ്പിൾ കർഷകർ തകർന്നുപോയ സമയമായിരുന്നു. അന്ന് തോട്ടത്തിൽ കിടന്ന് ചീഞ്ഞുനശിക്കുകയായിരുന്നു. എന്നാൽ, മൂന്നുവർഷത്തോളമായി വിലയിൽ ഇടിവ് ഉണ്ടായിരുന്നില്ല. വർഷം മുഴുവൻ നല്ല വിലയും ലഭിച്ചു. ഇതോടെ കൂടുതൽ പേർ പൈനാപ്പിൾ കൃഷിയിലേക്കിറങ്ങി. പൈനാപ്പിൾ മാർക്കറ്റിൽ മൊത്ത വിലയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ചില്ലറ വിൽപനയിൽ വലിയ കുറവ് അനുഭവപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.