പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്രൂഡ് ഓയിൽ വില അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ
പശ്ചിമേഷ്യൻ മേഖലയിലുണ്ടായ സംഘർഷങ്ങൾ വിപണിയെ ബാധിച്ചതോടെ വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 115 ഡോളറിന് മുകളിലെത്തിയപ്പോൾ, ഡബ്ല്യു.ടി.ഐ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 100 ഡോളറിന് മുകളിൽ തുടർന്നു.
ഈ ആഴ്ച സൗദി അറേബ്യയുടെ ഊർജ മേഖലക്ക് നേരെ ഹൂതി വിമതർ ആക്രമണം നടത്തിയതിനെ തുടർന്ന് ഓയിൽ വ്യാപാരികൾ ജാഗ്രതയിലാണ്. സൗദി അരാംകോയുടെ ഷെയ്ബ എണ്ണപ്പാടത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് കമ്പനി കൂടുതൽ ജാഗ്രത പാലിച്ചു വരികയാണ്. പേർഷ്യൻ ഉൾക്കടലിലുള്ള ധഹ്റാനിലെ ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാൻ അരാംകോ ഉത്തരവിട്ടതായാണ് റിപ്പോർട്ട്.
അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷങ്ങൾ രൂക്ഷമാകുന്നത് എണ്ണവില കൂടുതൽ ഉയർത്താൻ കാരണമാകുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി മാർച്ച് മാസത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 120 ഡോളർ എന്ന നിരക്കിലേക്ക് അടുത്തിരുന്നു.
ഈ ആഴ്ചയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ:
തുടർച്ചയായ നാലാം ആഴ്ചയാണ് ക്രൂഡ് ഓയിൽ വില കുതിക്കുന്നത്. ഈ ആഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ ഏറ്റവും കുറഞ്ഞ നിരക്കായ 105 ഡോളറിലേക്ക് താഴ്ന്നിരുന്നെങ്കിലും, നിലവിൽ 4.5% വർധിച്ച് ബാരലിന് 115 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതുപോലെ, കഴിഞ്ഞ ആഴ്ച 8% വർദ്ധനവ് രേഖപ്പെടുത്തിയ ഡബ്ല്യു.ടി.ഐ ക്രൂഡ് ഓയിൽ വില ഈ ആഴ്ച 2.2% വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.