​പൊന്നിനേക്കാൾ നിക്ഷേപകർ സ്നേഹിച്ച പെന്നി സ്റ്റോക്ക്; പറന്നത് 35.99 രൂപയിൽനിന്ന് 1036 ലേക്ക്

മുംബൈ: ഓഹരി വിപണിയിൽ നിക്ഷേപകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതാണ് പെന്നി സ്റ്റോക്കുകൾ. തുച്ഛമായ വിലയിൽ വ്യാപാരം ചെയ്യപ്പെടുന്ന ചെറുകിട കമ്പനികളുടെ ഓഹരികളെയാണ് പെന്നി സ്റ്റോക്ക് എന്നു വിളിക്കുന്നത്. വില വളരെ കുറവായതിനാലാണ് സാധാരണക്കാരായ നിക്ഷേപകർ പെന്നി സ്റ്റോക്കുകൾ വാങ്ങിക്കൂട്ടുന്നത്. കുറഞ്ഞ വിലയുള്ള ഓഹരികൾ വളർന്ന് വലുതായി വൻ ലാഭം സമ്മാനിക്കുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. അങ്ങനെയല്ല സംഭവിക്കാറുള്ളത്. പക്ഷെ, ചില പെന്നി സ്റ്റോക്കുകൾ നിക്ഷേപകരുടെ ജീവിതം തന്നെ മാറ്റിമറിക്കും. അങ്ങനെയൊരു പെന്നി സ്റ്റോക്ക് ഇപ്പോൾ ഓഹരി വിപണിയിലെ ചൂടേറിയ ചർച്ചയാണ്.

സ്വാൻ ഡിഫൻസ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് എന്ന ഓഹരിയാണ് നിക്ഷേപകർക്ക് സ്വർണത്തേക്കാളും വെള്ളിയേക്കാളും ലാഭം നൽകിയത്. അതായത് ഈ വർഷം മാത്രം ഓഹരി വിലയിൽ 2700 ശതമാനത്തിലേറെ വളർച്ച കൈവരിച്ചു. രാജ്യത്തെ കപ്പൽ നിർമാണ രംഗത്തുണ്ടായ ഉണർവാണ് ഓഹരിക്ക് പുതിയ ഊർജം നൽകിയത്. 

ജനുവരി 20ന് വെറും 35.99 രൂപയായിരുന്നു ഈ ഓഹരിയുടെ വില. എന്നാൽ, ബുധനാഴ്ചയോടെ ഓഹരി വില 1036 രൂപയെന്ന സർവകാല റെക്കോഡിലേക്ക് കുതിച്ചുയർന്നു. അതായത് 35,990 രൂപ നൽകി 1000 ഓഹരികൾ വാങ്ങിയിരുന്നവർക്ക് 10,36000 രൂപയാണ് റിട്ടേൺ ലഭിച്ചത്. 2020 നവംബറിൽ 2.70 രൂപയായിരുന്നു ഈ ഓഹരിയുടെ വില. മൂന്ന് വർഷങ്ങൾക്ക് ശേഷവും 2023 ജൂലായ് വരെ 2.30 രൂപയിലാണ് വ്യാപാരം ചെയ്യപ്പെട്ടു. പക്ഷെ, പിന്നീട് ഓഹരി വില റോക്കറ്റ് പോലെ പറക്കുകയായിരുന്നു. ഇതിനിടെ കമ്പനിയുടെ വിപണി മൂലധനം 5400 കോടി രൂപയായും വർധിച്ചു.

നിരവധി വർഷങ്ങളായി നഷ്​ടത്തിൽ ഓടുന്ന നാവിക, വാണിജ്യ കപ്പൽ നിർമാണ കമ്പനിയാണ് സ്വാൻ ഡിഫൻസ്. കെമിക്കൽ ഉത്പന്നങ്ങൾ കൊണ്ടുപോകാൻ അന്താരാഷ്ട്ര നാവിക സംഘടനയുടെ ടൈപ് 2 വിഭാഗത്തിൽപെടുന്ന ആറ് കപ്പലുകൾ നിർമിക്കാൻ യൂറോപ്യൻ കപ്പൽ നിർമാതാക്കളായ റെഡെറീറ്റ് സ്റ്റെണേഴ്സൺ എ.എസ് സഹായം തേടിയതോടെയാണ് സ്വാൻ ഡിഫൻസ് നിക്ഷേപകരുടെ ശ്രദ്ധയിൽപെട്ടത്. 220 ദശലക്ഷം ഡോളർ അതായത് 1,951 കോടി രൂപയുടെതാണ് നിർമാണ കരാർ.

ഗുജറാത്തിൽ ഭീമൻ കപ്പലുകൾ നിർമിക്കാൻ ശേഷിയുള്ള പിപാവാവ് ഷിപ്‍യാർഡിന്റെ ഉടമസ്ഥരായ സ്വാൻ ഡിഫൻസ് നേരത്തെ അനിൽ അംബാനിയുടെ കടക്കെണിയിലായ റിലയൻസ് നാവൽ എൻജിനിയറിങ് എന്ന കമ്പനിയെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ നഷ്ടം 53 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷത്തിലേക്ക് കുറഞ്ഞു.

ഈ വർഷം സെപ്റ്റംബറിൽ നെതർലൻഡിലെ റോയൽ ഐ.എച്ച്.സി, ഗുജറാത്ത് മാരിടൈം ബോർഡ്, മസഗോൺ ഡോക് ഷിപ്ബിൽഡേർസ് തുടങ്ങിയ സ്ഥാപനങ്ങളുമായി സ്വാൻ ഡിഫൻസ് വിവിധ നിക്ഷേപ കരാറിലേർപ്പെട്ടിരുന്നു. കപ്പൽ നിർമാണത്തിന് അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ ഗുജറാത്ത് മാരിടൈം ബോർഡ് 4250 കോടി രൂപയാണ് നിക്ഷേപിക്കുക. സ്വകാര്യ നിക്ഷേപ കമ്പനികളിൽനിന്ന് 1000 കോടി സമാഹരിക്കാനും സ്വാൻ ഡിഫൻസിന് പദ്ധതിയുണ്ട്.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യേണ്ടതാണ്)

Tags:    
News Summary - penny stock gives multibagger return to investors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT