ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ 'കന്ദ എക്സ്പ്രസ്' ട്രെയിൻ സർവിസുകൾ ആരംഭിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് ഈ പ്രത്യേക ചരക്ക് തീവണ്ടി മാർഗം സവാള എത്തിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ കൂടുതൽ വിലക്കയറ്റം അനുഭവപ്പെടുന്ന വിപണികളിൽ ലഭ്യത വർധിപ്പിക്കാനും വില നിയന്ത്രിക്കാനുമാണ് ഈ നീക്കം.
ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ശനിയാഴ്ച സവാളയുടെ ശരാശരി ചില്ലറ വിൽപന വില കിലോക്ക് 42 രൂപയായി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 45 ശതമാനവും ഒരു മാസം മുമ്പത്തേക്കാൾ 19 ശതമാനത്തിലധികവും കൂടുതലാണ്. പ്രധാന നഗരങ്ങളിൽ വില കുത്തനെ കൂട്ടിയിട്ടുണ്ട്. ഡൽഹിയിൽ കഴിഞ്ഞ വർഷം 35 രൂപയായിരുന്ന സവാള വില ഇപ്പോൾ 65 രൂപയിലെത്തി; ചെന്നൈയിൽ കഴിഞ്ഞ വർഷത്തെ 33 രൂപയിൽ നിന്ന് വില 58 രൂപയായി ഉയർന്നു. കേരളത്തിൽ കിലോക്ക് 52 രൂപ വരെയാണ് റീട്ടെയിൽ വില ഈടാക്കുന്നത്.
വരും മാസങ്ങളിൽ ആവശ്യമായ സവാള സർക്കാറിന്‍റെയും കർഷകരുടെയും പക്കൽ ആവശ്യത്തിന് ശേഖരമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ സവാള ഉൽപ്പാദന സംസ്ഥാനമായ മഹാരാഷ്ട്രയിൽ കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞതും മൺസൂൺ വൈകിയതും കാരണം ഖരീഫ് സവാള ഉൽപ്പാദനത്തിൽ 5 മുതൽ 7 ശതമാനം വരെ കുറവുണ്ടായതാണ് വില ഉയരാൻ കാരണം. കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ അനുസരിച്ച് 2025-26 വിളവർഷത്തിൽ മൊത്തം സവാള ഉൽപ്പാദനം 30.73 ദശലക്ഷം ടണ്ണായിരിക്കും (കഴിഞ്ഞ വർഷം ഇത് 30.76 ദശലക്ഷം ടണ്ണായിരുന്നു). മഹാരാഷ്ട്രയിലെ ഏറ്റവും വലിയ സവാള വിപണിയായ ലാസൽഗാവിൽ ജൂൺ മുതൽ മൊത്തവ്യാപാര വില ഇരട്ടിയായി ഉയർന്നിട്ടുണ്ട്; ക്വിന്റലിന് 2,000 രൂപയായിരുന്നത് ഇപ്പോൾ 3,800 രൂപയായി.
ദേശീയ ശരാശരിയേക്കാൾ ഉയർന്ന വിലയുള്ള വിപണികളിൽ കൃത്യമായ അളവിൽ ബഫർ സ്റ്റോക്ക് വിപണിയിലിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിലക്കയറ്റം തടയുന്നതിനായി 2024 ഒക്ടോബറിലും കേന്ദ്ര സർക്കാർ നാസിക്കിൽ നിന്ന് സമാനമായ രീതിയിൽ കന്ദ എക്സ്പ്രസ് സർവീസ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.