രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ‍? ജിയോ പ്ലാറ്റ്‌ഫോംസിന് 37,700 കോടി രൂപയുടെ സെബി അനുമതി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനക്ക് ഒരുങ്ങി ജിയോ പ്ലാറ്റ്‌ഫോംസ്. 37,700 കോടി രൂപയുടെ ഐ.പി.ഒക്ക് (IPO)  സെബിയിൽ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങിലേക്ക് റിലയൻസ് ഗ്രൂപ്പിന്റെ ജിയോ പ്ലാറ്റ്‌ഫോംസ് കൂടുതൽ അടുത്തു.

ആഗസ്റ്റ് 28നാണ് റെഗുലേറ്ററുടെ ഒബ്സർവേഷൻ ലെറ്റർ ലഭിച്ചത്. ഏകദേശം 3.8 ബില്യൺ ഡോളർ വരുന്ന ഈ ഇഷ്യു യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആയി ഇത് മാറും. ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, 2024ൽ 27,870 കോടി രൂപ സമാഹരിച്ച ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പേരിലാണ് നിലവിലുള്ള റെക്കോർഡ്. 2022ൽ 20,557 കോടി രൂപ സമാഹരിച്ച എൽ.ഐ.സി (LIC) ലിസ്റ്റിങ്ങാണ് തൊട്ടുപിന്നിലുള്ളത്.

 ജിയോ പ്ലാറ്റ്‌ഫോംസ് 27 കോടി പുതിയ ഓഹരികൾ വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള നിക്ഷേപകർ ആരും ഓഹരികൾ വിറ്റ് പണം പിൻവലിക്കുന്നില്ല. സമാഹരിക്കുന്ന മുഴുവൻ തുകയും കമ്പനിയിൽ തന്നെ നിലനിർത്തും. ഏകദേശം 27,500 കോടി രൂപയാണ് ഗ്രൂപ്പിന്‍റെ ടെലികോം അനുബന്ധ സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോമിന്‍റെ വായ്പകൾ തിരിച്ചടയ്ക്കാനായി മാറ്റിവെച്ചിരിക്കുന്നത്. ബാക്കി തുക പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ജിയോ പ്ലാറ്റ്‌ഫോംസിന്‍റെ 66.43% ഓഹരികളും കൈവശം വെച്ചിരിക്കുകയാണ്.

2020ൽ 43,574 കോടി രൂപ മുടക്കി ജാദു ഹോൾഡിങ്സ് വഴി മെറ്റാ ഏകദേശം 9.98% ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. അതേ വർഷം തന്നെ 33,737 കോടി രൂപ നിക്ഷേപിച്ച് ഗൂഗിൾ 7.73% ഓഹരികളും സ്വന്തമാക്കി. കമ്പനിയുടെ മൂല്യനിർണയത്തെക്കുറിച്ചുള്ള കണക്കുകൾ ഇനിയും പൂർണമായിട്ടില്ല. ജിയോ പ്ലാറ്റ്‌ഫോംസിന് ഏകദേശം 137 ബില്യൺ ഡോളർ മൂല്യം വന്നേക്കാമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ വർഷം ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ജിയോയ്ക്ക് 53.3 കോടിയിലധികം മൊബൈൽ വരിക്കാരുണ്ട്. ജിയോ, ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എന്റർപ്രൈസ് നെറ്റ്‍വർക്കിങ് രംഗങ്ങളിലേക്കും ശക്തമായ ചുവടുവെപ്പുകൾ നടത്തിവരികയാണ്. ജൂൺ പാദത്തിൽ ജിയോയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 9.2% വർധിച്ച് 7,764 കോടി രൂപയായും, പ്രവർത്തന വരുമാനം 11.8% ഉയർന്ന് 39,173 കോടി രൂപയായും എത്തിയിരുന്നു. നിലവിൽ ഐ.പി.ഒ.യുടെ പ്രൈസ് ബാൻഡും ലിസ്റ്റിങ് തീയതികളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - JIO IPO selling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.