ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടത്തിൽ വിപണി

കൊച്ചി: നിക്ഷേപകരെ കോരിത്തരിപ്പിച്ച്‌ ഓഹരി സൂചികകൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്‌ക്ക്‌ കുതിച്ചു. ഏതാനും മാസങ്ങളായി വിൽപ്പനയ്‌ക്ക്‌ മാത്രം ഉത്സാഹിച്ച വിദേശ ധനകാര്യസ്ഥാപനങ്ങൾ നിക്ഷപകരായി മാറിയത്‌ കുതിച്ചു ചാട്ടത്തിന്‌ വേഗത സമ്മാനിച്ചു.

ബോംബെ ഓഹരി സൂചിക 1690 പോയിൻറ്റും നിഫ്‌റ്റി 517 പോയിൻറ്റും പോയവാരം ഉയർന്നു. മുൻ നിര ഇൻഡക്‌സുകൾ മൂന്ന്‌ ശതമാനം വർധിച്ചു. ഏകദേശം രണ്ട്‌ മാസത്തോളം 15,450‐15,962 റേഞ്ചിൽ ചാഞ്ചാടിയ നിഫ്‌റ്റി സൂചിക പിന്നിട്ടവാരത്തിൻറ ആദ്യ ദിനത്തിൽ തന്നെ കുതിപ്പിന്‍റെ സൂചനകൾ പുറത്തുവിട്ടു.

തുടർന്നുള്ള ദിവസങ്ങളിൽ വിപണി കൂടുതൽ കരുത്ത്‌ കാണിച്ചതോടെ പുതിയ റെക്കോർഡിലേയ്‌ക്ക്‌ ചുവടുവെച്ച നിഫ്‌റ്റി 16,000 ലെ നിർണായക കടമ്പയും കടന്ന്‌ മുന്നേറിയത്‌ പ്രദേശിക നിക്ഷേപകരെയും വാങ്ങലുകാരാക്കി. ബി.എസ്‌.ഇ ലാർജ്‌ ക്യാപ്‌ ഇൻഡക്‌സും സ്‌മോൾ ക്യാപ്‌ ഇൻഡക്‌സും ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. 3.5 ശതമാനം പ്രതിവാര നേട്ടത്തിൽ നിഫ്റ്റി ബാങ്ക് ഇൻഡക്‌സ്‌മറ്റ് സൂചികകളെ മറികടന്നു. നിഫ്റ്റി ഐ.ടി, എനർജി സൂചികകൾ 2.5 ശതമാനം വീതം മുന്നേറി. അതേ സമയം നിഫ്റ്റി മീഡിയ സൂചിക നാല്‌ ശതമാനം ഇടിഞ്ഞു.

ഇന്ത്യൻ മാർക്കറ്റിൽ ബുൾ തരംഗം ഉടലെടുത്തതോടെ ഊഹക്കച്ചവടക്കാർ ബാധ്യതകൾ പണമാക്കാൻ തിരക്കിട്ട്‌ ഷോട്ട്‌ കവറിങിന്‌ ഇറങ്ങിയത്‌ കുതിപ്പ്‌ ശക്തമാക്കി. വിദേശ ഫണ്ടുകൾ പോയവാരം 2616 കോടി രൂപയും ആഭ്യന്തര ഫണ്ടുകൾ 897 കോടി രൂപയും നിക്ഷേപിച്ചു. ബോംബെ സെൻസെക്‌സ്‌ മുൻവാരത്തിലെ 52,586 പോയിൻറ്റിൽ നിന്ന്‌ 52,901 ലേയ്‌ക്ക്‌ താഴ്‌ന്നാണ്‌

ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ കരുത്ത്‌ കാണിച്ച്‌ സെൻസെക്‌സ്‌ മുന്നേറിയതിനൊപ്പം ബ്ലുചിപ്പ്‌ ഓഹരികളിലെ വാങ്ങൽ താൽപര്യം വർധിച്ചു. ഇതിനിടയിൽ സൂചിക അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 54,717 വരെ സഞ്ചരിച്ച ശേഷം വാരാന്ത്യം 54,277 പോയിൻറ്റിലാണ്‌.

ഈവാരം 55,060 ൽ പ്രതിരോധവും 53,148 ൽ താങ്ങുമുണ്ട്‌. 15,763 ഇടപാടുകൾക്ക്‌ തുടക്കം കുറിച്ച നിഫ്‌റ്റി ഓപ്പണിങ്‌ ദിനത്തിൽ അൽപ്പം ചാഞ്ചാടിയെങ്കിലും പിന്നീട്‌ വർധിച്ച വീര്യത്തിലായിരുന്നു. മുൻ റെക്കോർഡുകൾ തകർത്ത്‌ എക്കാലത്തെയും ഉയർന്ന നിലവാരമായ 16,349 പോയിൻറ്റ്‌ വരെ സൂചിക കയറി. വാരാന്ത്യക്ലോസിങിൽ 16,238 പോയിൻറ്റിൽ നിലകൊള്ളുന്ന നിഫ്‌റ്റിക്ക്‌ ഈ വാരം ആദ്യ പ്രതിരോധം 16,446 പോയിന്‍റലാണ്‌. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന്‌ നീക്കം നടന്നാൽ സാങ്കേതിക തിരുത്തലുണ്ടായാൽ സൂചികയ്‌ക്ക്‌ 15,930 ൽ താങ്ങ്‌ നിലവിലുണ്ട്‌.

ഓപ്പറേറ്റർമാർ മത്സരിച്ച്‌ ഓഹരികൾ വാങ്ങി കൂട്ടിയതോടെ മുൻ നിര ഓഹരികളായ ഐ.സി.ഐ.സി ഐ ബാങ്ക്‌, എസ്‌.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്‌, എച്ച്.ഡി.എഫ്.സി, ഐ.ടി.സി, ഇൻഫോസീസ്‌, എച്ച്‌ സി എൽ, എയർ ടെൽ, സൺ ഫാർമ്മ, ഡോ: റെഡീസ്‌, മാരുതി, എം ആൻറ്‌എം തുടങ്ങിയവയുടെ നിരക്ക്‌ ഉയർന്നു. വിദേശ ധനകാര്യസ്ഥാനപങ്ങൾ നിക്ഷപത്തിന്‌ താൽപര്യം കാണിച്ചതോടെ വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഉയർന്നു. മുൻവാരത്തിലെ 74.33 ൽ നിന്ന്‌ മൂല്യം 74.18 ലേയ്‌ക്ക്‌ ശക്തിപ്രാപിച്ചു. അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണ വിലയിൽ വൻ ഇടിവ്‌.

രണ്ട്‌ മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിൽ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ച ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ ട്രോയ്‌ ഔൺസിന്‌ 1814 ഡോളറിൽ നിന്ന്‌ 1830 ലേയ്‌ക്ക്‌ ഒരിക്കൽ കൂടി സഞ്ചരിച്ചു, ഈ അവസരത്തിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദം വിപണിയെ വാരാന്ത്യം ഉഴുതുമറിച്ചു. വെളളിയാഴ്‌ച്ച ഔൺസിന്‌ 1804 ഡോളറിൽ നിന്ന്‌ 1758 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിങിൽമഞ്ഞലോഹം 1763 ഡോളറിലാണ്‌.

Tags:    
News Summary - Indian Stock Market Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT