ഒക്ടോബറിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ വിറ്റത് 26,598 കോടി രൂപയുടെ ഓഹരികൾ

പശ്‌ചിമേഷ്യയിൽ നിന്നുള്ള പ്രതികൂല വാർത്ത ഇന്ത്യൻ ഓഹരി വിപണിയുടെ ഊർജം ചോർത്തി. ഫലസ്തീന് നേരയെുള്ള ഇസ്രായേൽ ആക്രമണം രൂക്ഷമായതോടെ ഇന്ത്യയിലെ നിക്ഷേപം തിരിച്ചു പിടിക്കാൻ വിദേശ ഓപ്പറേറ്റർമാർ പരക്കം പാഞ്ഞു. തുടർച്ചയായ എട്ടാം വാരത്തിലും അവർ നടത്തിയ വിൽപ്പനയ്‌ക്ക്‌ ഇടയിൽ മുൻ നിര രണ്ടാം നിര ഓഹരി വിലകളിൽ വൻ ഇടിവുണ്ടായ. നിഫ്‌റ്റി 495 പോയിൻറ്റും സെൻസെക്‌സ്‌ 1614 പോയിൻറ്റും കഴിഞ്ഞ വാരം ഇടിഞ്ഞു. ഇൻഡക്‌സുകൾക്ക്‌ രണ്ടര ശതമാനം തകർച്ച.

ഒക്‌ടോബറിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ 26,598 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞ വാരം നാല്‌ ദിവസങ്ങളിലായി അവർ 13,440 കോടി രൂപയുടെ വിൽപ്പന നടത്തി. അതേസമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഈമാസം 23,437.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ വാരം അവർ 10,553 കോടി രൂപ നിക്ഷേപിച്ചു. ഫോറെക്‌സ്‌ മാർക്കറ്റിൽ യു എസ്‌ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 83.11 ൽ നിന്നും 83.24 ലേയ്‌ക്ക്‌ ദുർബലമായി.

ബി.എസ്.ഇ സ്മോൾ ക്യാപ് സൂചിക 3.4 ശതമാനവും മിഡ് ക്യാപ് സൂചിക 2.4 ശതമാനവും ലാർജ് ക്യാപ് സൂചിക 2.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മീഡിയ സൂചിക 5.3 ശതമാനം, മെറ്റൽ ഇൻഡക്‌സ്‌ നാല്‌ ശതമാനവും ഇൻഫർമേഷൻ ടെക്നോളജി, ഓയിൽ ആൻറ്‌ ഗ്യാസ്, റിയാലിറ്റി സൂചികകൾ മൂന്ന്‌ ശതമാനം കുറഞ്ഞു.

മുൻ നിര ഓഹരികളായ ടി.സി.എസ്, ആർ.ഐ.എൽ, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എച്ച്.ഡി.എഫ്.സി ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, ഇൻഫോസിസ്‌, വിപ്രോ, ടെക്‌ മഹീന്ദ്ര, എയർടെൽ, ടാറ്റാ മോട്ടേഴ്‌സ്‌, മാരുതി, എം ആൻറ എം, സൺ ഫാർമ്മ, എൽ ആൻറ്‌ റ്റി എന്നിവയ്‌ക്ക്‌ തിരിച്ചടി.

നിഫ്‌റ്റി സൂചിക 19,542 പോയിൻറ്റിൽ നിന്നുള്ള തകർച്ചയിൽ 18,849 പോയിൻറ്‌ വരെ ഇടിഞ്ഞു. ഏതാണ്ട്‌ 700 പോയിൻറ്റിന്‌ അടുത്ത്‌ സൂചിക തകർന്നടിഞ്ഞത്‌ നിക്ഷേപകർ ഞെട്ടലോടെയാണ്‌ വീക്ഷിച്ചത്‌. തുടർച്ചയായി ആറ്‌ ദിവസങ്ങളിൽ വിപണി വിൽപ്പനക്കാരുടെ നിയന്ത്രണത്തിൽ നീങ്ങിയ ശേഷം വെള്ളിയാഴ്ച തിരിച്ചു വരവ്‌ നടത്തി. മാർക്കറ്റ്‌ ക്ലോസിങിൽ നിഫ്‌റ്റി 19,047 പോയിൻറ്റിലാണ്‌. വിപണിയുടെ സാങ്കേതിക വശങ്ങളിലേയ്‌ക്ക്‌ തിരിഞ്ഞാൽ ഡെയ്‌ലി ചാർട്ടിൽ 19,443-19,840 ൽ പ്രതിരോധവും 18,749 ൽ താങ്ങും നിലവിലുണ്ട്‌. ഇൻഡിക്കേറ്റുകൾ പലതും ഓവർ സോൾഡായതിനാൽ തിരിച്ചു വരവിന്‌ ശ്രമം നടത്താം.

സെൻസെക്‌സ്‌ 65,424 ൽ നിന്നും 64,000 വും തകർത്ത്‌ 63,092 വരെ ഇടിഞ്ഞു. എന്നാൽ വാരാന്ത്യത്തിൽ കാഴ്‌ച്ചവെച്ച തിരിച്ചു വരവ്‌ സെൻസെക്‌സിനെ 63,782 പോയിന്റിൽ എത്തിച്ചു. ഈ വാരം വിപണിക്ക്‌ 65,522 - 65,648 പോയിന്റിൽ പ്രതിരോധവും 65,289 - 65,182 ൽ താങ്ങും പ്രതീക്ഷിക്കാം. പാരാബോളിക്ക്‌ എസ്‌ ഏ ആർ, സൂപ്പർ ട്രൻറ്‌ തുടങ്ങിയവ സെൽ സിഗ്‌നൽ നൽക്കുമ്പോൾ എം.ഏ.സി.ഡി ദുർബലാവസ്ഥയിലേയ്‌ക്ക്‌ വിരൽ ചൂണ്ടുന്നു.

വിപണി ദീപാവലി മുഹൂർത്ത വ്യാപാരത്തിനുള്ള തയ്യാറെടുപ്പിലാണ്‌. ഈ അവസരത്തിൽ വിപണിയിൽ ഒരു തിരിച്ച്‌ വരവിന്‌ സാധ്യതയുണ്ട്‌. മുഹൂർത്ത് ട്രേഡിംഗ് ഒരു മണികൂറായിരിക്കും ഓഹരി ഇടപാടുകൾ നടക്കുക. പിന്നിട്ട രണ്ട്‌ വർഷങ്ങളിലും മുഹൂർത്ത വ്യാപാരത്തിൽ ഇൻഡക്‌സുകൾ നേട്ടത്തിലായിരുന്നു.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT