കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8,980 രൂപയും പവന് 71,840 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചിരുന്നു. ഒരാഴ്ചയായി താഴോട്ട് പോയ സ്വർണവില കഴിഞ്ഞ ദിവസമാണ് വർധിച്ചത്. വ്യാപാര യുദ്ധം തണുക്കുന്നുവെന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇടിയുന്നതിനുള്ള കാരണമായി.
സ്പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,315.84 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വിലയും കുറയുകയാണ്. 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഡോളർ ഇൻഡക്സ് 0.20 ശതമാനം ഉയർന്നു. നേരത്തെ കാറുകളുടെ ഇറക്കുമതിയിൽ ഉൾപ്പടെ ചില ഇളവുകൾ ട്രംപ് പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക തകർച്ചയും ട്രംപിന്റെ നയങ്ങൾ മൂലമുണ്ടായ പ്രതിസന്ധിയുമാണ് സ്വർണവില ഉയരാനുള്ള പ്രധാനകാരണം. റെക്കോഡുകൾ ഭേദിച്ചാണ് സ്വർണവില വൻ കുതിപ്പ് നടത്തിയത്.
അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ നേരിയ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 42 പോയിന്റ് ഇടിഞ്ഞ് 24,293 പോയിന്റിലെത്തി. ബോംബെ സൂചിക സെൻസെക്സ് 155 പോയിന്റ് ഇടിഞ്ഞ് 80,133 പോയിന്റിലെത്തി. യു.എസ്, ഏഷ്യൻ വിപണികൾ കഴിഞ്ഞ ദിവസം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.