സ്വർണവില വീണ്ടും താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 1200 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയിൽ എത്തിയിരുന്നെങ്കിലും തുടർ ദിവസങ്ങളിൽ വില ഇടിയുകയാണ്. ഇന്നലെ 560 രൂപയും ഇന്ന് 640 രൂപയും പവന് കുറഞ്ഞു. ഇതോടെ 75000 ത്തിന് താഴേക്ക് സ്വർണവില എത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,000 രൂപ നൽകേണ്ടി വരും.
ശനിയാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. നാല് ദിവസങ്ങളിലായി 1400 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. റെക്കോർഡ് വിലയായ 75,760 രൂപവരെ എത്തിയ ശേഷമാണ് വില ഇടിയുന്നത്. വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 9,295 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 7,630 രൂപ, 14 കാരറ്റിന് 5,940 രൂപ എന്നിങ്ങനെയാണ് വില. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 123 രൂപയാണ്.
ആഗോളവിപണിയിൽ തിങ്കളാഴ്ച സ്വർണവില കുറഞ്ഞിരുന്നു. സ്പോട്ട് ഗോൾഡ് വില 0.7 ശതമാനം ഇടിഞ്ഞ് 3,376.67 ഡോളറായി കുറഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വിലയിലും ഇടിവുണ്ടായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് 3,439.70 ഡോളറായി ഇടിഞ്ഞിട്ടുണ്ട്.
യുക്രെയ്ൻ-റഷ്യ സംഘർഷം ലഘൂകരിക്കാനുള്ള സാധ്യത തന്നെയാണ് സ്വർണവില ഇടിയുന്നതിനുള്ള പ്രധാന കാരണം. അടുത്തയാഴ്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്ലാഡമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ യുദ്ധം തീർക്കാനുള്ള ഫോർമുലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗസ്റ്റ് 15ന് അലാസ്കയിൽവെച്ചാണ് പുടിൻ-ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്. ഇതിനൊപ്പം അടുത്തയാഴ്ച യു.എസ് ഉപഭോക്തൃ വിലനിലവാര സൂചികയുടെ കണക്കുകൾ പുറത്ത് വരും. അതിന് അനുസരിച്ചാവും തീരുവയിൽ ഡോണൾഡ് ട്രംപ് തീരുമാനമെടുക്കുക. ഇതും വരും ദിവസങ്ങളിലെ സ്വർണവിലയെ സ്വാധീനിക്കും.
ആഗസ്റ്റിലെ സ്വർണവില
- ആഗസ്റ്റ് 1 - പവന് 160 രൂപ കുറഞ്ഞ് 74,320 രൂപ
- ആഗസ്റ്റ് 2 - മാറ്റമില്ല. പവന് 74,320 രൂപ
- ആഗസ്റ്റ് 3 - മാറ്റമില്ല. പവന് 74,320 രൂപ
- ആഗസ്റ്റ് 4 - മാറ്റമില്ല. പവന് 74,320 രൂപ
- ആഗസ്റ്റ് 5 - 640 രൂപ കൂടി പവൻ വില 74,960 രൂപ
- ആഗസ്റ്റ് 6 - പവന് 80 രൂപ വർധിച്ച് 75,040 രൂപ
- ആഗസ്റ്റ് 7 - പവന് 160 രൂപ വർധിച്ച് 75,200 രൂപ
- ആഗസ്റ്റ് 8 - പവന് 560 രൂപ വർധിച്ച് 75,760 രൂപ
- ആഗസ്റ്റ് 9 - പവന് 200 രൂപ കുറഞ്ഞ് 75,560 രൂപ
- ആഗസ്റ്റ് 10 - മാറ്റമില്ല. പവൻ വില 75,560 രൂപ
- ആഗസ്റ്റ് 11 - പവന് 560 രൂപ കുറഞ്ഞ് 75,000 രൂപ
- ആഗസ്റ്റ് 12 - പവന് 640 രൂപ കുറഞ്ഞ് 74,360 രൂപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.