വിപണിയിൽ കരടികൾ പിടിമുറുക്കുന്നു

കൊച്ചി: ഓഹരി വിപണി നിയന്ത്രണം കൈപിടിയിൽ ഒതുക്കിയ ആവേശത്തിലാണ്‌ കരടികൂട്ടങ്ങൾ. ഒരു മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം രംഗത്ത്‌ ആധിപത്യം തിരിച്ചു പിടിക്കാനുള്ള വിൽപ്പനക്കാരുടെ നീക്കം തടയാൻ എല്ലാ അടവുകളുമായി ബുൾ ഇടപാടുകാർ ഈവാരം വിപണിയിൽ അണിനിരക്കും.

തുടർച്ചയായ രണ്ടാം വാരത്തിലും പ്രമുഖ ഇൻഡക്‌സുകൾ തളർന്നതിനിടയിൽ പുതിയ നിക്ഷേപത്തിനുള്ള അവസരം കണ്ടത്താനാവുമെന്ന വിശ്വാസത്തിലാണ്‌ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ. പിന്നിട്ടവാരം ബോംബെ സെൻസെക്‌സ്‌ 1790 പോയിൻറ്റും നിഫ്‌റ്റി 452 പോയിൻറ്റും ഇടിഞ്ഞു.

വാരത്തിൻറ്റ തുടക്കം മുതൽ വിപണി അൽപ്പം സമ്മർദ്ദത്തിലായിരുന്നു. ഡെറിവേറ്റീവ്‌ മാർക്കറ്റിൽ ഫെബ്രുവരി സീരീസ്‌ സെറ്റിൽമെൻറ്‌ മുന്നിൽ കണ്ട്‌ ഓപ്പറേറ്റർമാർ കവറിങിന്‌ ഇറങ്ങിയത്‌ വാരാരംഭ ദിനങ്ങളിൽ വിപണിയെ തളർത്തിയെങ്കിലും വാരമദ്ധ്യം വിദേശ ഫണ്ടുകൾ കനത്ത നിഷേപത്തിന്‌ ഉത്സാഹിച്ചു.

ബുധനാഴ്‌ച്ച ഒറ്റ ദിവസം അവർ 28,739 കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടി, ഈ വർഷം ആദ്യമായാണ്‌ ഇത്ര ഉയർന്ന അളവിൽ അവർ നിക്ഷേപം നടത്തുന്നത്‌. എന്നാൽ മാർച്ച്‌ സീരീസിൻറ്റ ആദ്യ ദിനത്തിൽ 8300 കോടി രൂപയുടെ വിൽപ്പനയ്‌ക്ക്‌ അവർ കാണിച്ച തിടുക്കം ഇന്ത്യൻ മാർക്കറ്റിനെ അക്ഷരാർത്ഥത്തിൽ ഉഴുതുമറിച്ചു. വെളളിയാഴ്‌ച്ച സെൻസെക്‌സ്‌ 2000 പോയിൻറ്റിലധികവും നിഫ്‌റ്റി 600 പോയിൻറ്റിൽ കൂടുതലും ചാഞ്ചാടിയത്‌ ബാധ്യതകൾ വിറ്റുമാറാൻ ഒരു വിഭാഗം ഇടപാടുകാരെ പ്രേരിപ്പിച്ചു.

ബോംബെ സെൻസെക്‌സ്‌ മുൻവാരത്തിലെ 50,889 ൽ നിന്ന്‌ ഒരവസരത്തിൽ 51,286 വരെ ഉയർന്നതിനിടയിൽ അലയടിച്ച വിൽപ്പന സമ്മർദ്ദത്തിൽ സൂചിക അരലക്ഷം പോയിൻറ്റിലെ നിർണായക താങ്ങ്‌ തകർത്തുവെന്ന്‌ മാത്രമല്ല ഒരുവേള 48,890 വരെ ഇടിഞ്ഞു. എന്നാൽ വ്യാപാരാന്ത്യം തകർച്ചയിൽ നിന്ന്‌ അൽപ്പം കരകയറി 49,099 പോയിൻറ്റിലാണ്‌.

വെളളിയാഴ്‌ച്ചത്തെ വിൽപ്പന സമ്മർദ്ദം തിങ്കളാഴ്‌ച്ചയും ആവർത്തിച്ചാൽ സൂചികയ്‌ക്ക്‌ താങ്ങ്‌ ലഭിക്കുക 48,981 പോയിൻറ്റിലാവും. അതേ സമയം താഴ്‌ന്ന റേഞ്ച്‌ പുതിയ നിക്ഷേപങ്ങൾക്ക്‌ അവസരമാക്കി മാറ്റാൻ ഓപ്പറേറ്റർമാർ രംഗത്ത്‌ ഇറങ്ങിയാൽ 50,693 ലേയ്‌ക്കും തുടർന്ന്‌ 52,287 ലേയ്‌ക്കും മാർച്ചിൽ സെൻസെക്‌സ്‌ ചുവടുവെക്കാം. ഡെയ്‌ലി ചാർട്ടിൽ വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ പാരാബോളിക്ക്‌ എസ്‌ ഏ ആർ സെല്ലിങ്‌ മൂഡിലേയ്‌ക്ക്‌ പ്രവേശിച്ചു.

നിഫ്‌റ്റി സൂചിക പിന്നിട്ടവാരം മൂന്ന്‌ ശതമാനം തളർന്നു, 15,176 ൽ നീങ്ങിയ വേളയിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദത്തിൽ 14,467 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 14,529 പോയിൻറ്റിൽ ക്ലോസിങ്‌ നടന്നു.

വിനിമയ വിപണിയിൽ ഇന്ത്യൻ രൂപയ്‌ക്ക്‌ കനത്ത തിരിച്ചടി. ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 72.56 ൽ നിന്ന്‌ 73.91 ലേയ്‌ക്ക്‌ ഇടിഞ്ഞു. പോയവാരം 135 പൈസയുടെ മൂല്യ തകർച്ചയാണ്‌ സംഭവിച്ചത്‌. അതേ സമയം രൂപയുടെ സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ഈ വാരം മൂല്യം മെച്ചപ്പെടാൻ ഇടയുണ്ട്‌.

ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ഇടിഞ്ഞു. ബാരലിന്‌ 58.93 ൽ നിന്ന്‌ 63.72 ഡോളർ വരെ കയറിയ ശേഷം വാരാവസാനം വില 61.53 ഡോളറിലാണ്‌. രാജ്യാന്തര മാർക്കറ്റിൽ സ്വർണത്തിന്‌ തിരിച്ചടിനേരിട്ടു. ന്യൂയോർക്കിൽ ട്രോയ്‌ ഔൺസിന്‌ 1783 ഡോളറിൽ നിന്ന്‌ 1717 ഡോളറിലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1735 ഡോളറിലാണ്‌. യു എസ്‌ ഡോളർ സൂചിക കരുത്ത്‌ നേടിയതാണ്‌ ഫണ്ടുകളെ സ്വർണത്തിൽ വിൽപ്പനകാരാക്കിയത്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT