ക്രൂഡ് ഓയിൽ: ആറുമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ചെറിയ ഇടിവ്
ന്യൂഡൽഹി: സൗദി അറേബ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ആറുമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ എണ്ണവിലയിൽ 1 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 115 ഡോളറിലും ഡബ്ല്യു.ടി.ഐ ബാരലിന് 101.5 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ഇടിവ് സംഭവിച്ചെങ്കിലും വില ഉയർന്ന നിലയിൽ തന്നെയാണ് തുടരുന്നത്.
ഹൂതികളുടെ ആക്രമണങ്ങൾ ഊർജ കയറ്റുമതിക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഭീഷണിയാകുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കൂടാതെ, ഉയരുന്ന ഊർജ വിലയ്ക്കിടയിൽ പണപ്പെരുപ്പം നേരിടാൻ ലക്ഷ്യമിട്ടുള്ള യു.എസ് ഫെഡറൽ റിസർവിന്റെ പോളിസി യോഗവും വരാനിരിക്കുകയാണ്.
വെള്ളിയാഴ്ച സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ ആക്രമണം ഊർജ വിതരണത്തെക്കുറിച്ച് ആശങ്ക ഉയർത്തിയതിനെ തുടർന്ന് എണ്ണവില ഏകദേശം 3 ഡോളറോളം ഉയർന്നിരുന്നു. ഇതിന് ശേഷമാണ് ചെറിയ ഇടിവുണ്ടായത്. കഴിഞ്ഞ ആഴ്ചയിൽ ബ്രെന്റ് 6 ശതമാനവും ഡബ്ല്യു.ടി.ഐ 2.3 ശതമാനവും നേട്ടമുണ്ടാക്കി, ആറുമാസത്തെ ഏറ്റവും ഉയർന്ന നിരക്കിനോട് അടുത്തെത്തിയിരുന്നു.
വാരാന്ത്യത്തിലും സുരക്ഷാ സാഹചര്യം സംഘർഷഭരിതമായി തുടന്നു. ശനിയാഴ്ച സൗദിയിലെ വിമാനത്താവളത്തിനും എണ്ണകേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. അതേസമയം ഞായറാഴ്ച കൂടുതൽ മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി സൗദി അറേബ്യ അറിയിച്ചു. മുൻപുണ്ടായ ഹൂതി ആക്രമണത്തിൽ തകരാർ സംഭവിച്ച രാജ്യത്തെ പ്രധാന വിമാനത്താവളം ഞായറാഴ്ച ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. എന്നാൽ ഈ കേന്ദ്രത്തെ തുടർന്നും ലക്ഷ്യമിടുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.