മുംബൈ: പത്ത് ദിവസത്തെ നഷ്ടത്തിനൊടുവിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിലാണ്. ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും നേട്ടമുണ്ടായത്.
വ്യാപാരം തുടങ്ങിയ ഉടൻ സെൻസെക്സിൽ 605 പോയിന്റ് നേട്ടമുണ്ടായി. 73,595.78 പോയിന്റിലാണ് ബോംബെ സൂചികയുടെ വ്യാപാരം. നിഫ്റ്റിയിൽ 200 പോയിന്റ് നേട്ടത്തോടെ 22,000ത്തിന് മുകളിലാണ് വ്യാപാരം. ടാറ്റ സ്റ്റീൽ, മഹീന്ദ്ര&മഹീന്ദ്ര, എച്ച്.സി.എൽ ടെക്നോളജി, ടെക് മഹീന്ദ്ര, അദാനി പോർട്ട്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, എൻ.ടി.പി.സി , ഇൻഫോസിസ്, ടി.സി.എസ്, ഭാരതി എയർടെൽ എന്നീ കമ്പനികൾ നേട്ടത്തിലാണ്.
തീരുവയിൽ ഇളവുണ്ടാകുമെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി സൂചന നൽകിയിരുന്നു. ഇത് വിപണികളിലെ കനത്ത വിൽപന സമ്മർദത്തെ പിടിച്ചുനിർത്തി. ഇതുമൂലം ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. ഏഷ്യൻ വിപണികൾ കരുത്താർജിച്ചതോടെ ഇന്ത്യൻ വിപണിയിലും നേട്ടമുണ്ടാക്കുകയായിരുന്നു.
അതേസമയം, നേട്ടത്തോടെയാണ് ഇന്ന് രൂപ വ്യാപാരം തുടങ്ങിയത്. 0.1 ശതമാനം നേട്ടത്തോടെയാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഡോളർ ഇൻഡക്സ് മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക് വീണു. യു.എസ് സമ്പദ്വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകുമെന്ന പ്രവചനങ്ങൾ ഡോളറിനെ ബാധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.