ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ചൈനക്കെതിരെ വൻ നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിപ്റ്റോകറൻസി വിപണി കൂപ്പുകുത്തി. ഏറ്റവും വലിയ ക്രിപ്റ്റോകറൻസികളായ ബിറ്റ്കോയിനും ഇഥേറിയം തുടങ്ങിയവയാണ് വിലയിൽ വൻ തകർച്ച നേരിട്ടത്. ബിറ്റ്കോയിൻ 7.60 ശതമാനവും ഇഥേറിയം 12.24 ശതമാനവും ഇടിഞ്ഞു.
ചൈനയിൽനിന്നുള്ള സോഫ്റ്റ് വെയർ ഇറക്കുമതിക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രിപ്റ്റോകറൻസികൾ നിക്ഷേപകർ കൂട്ടമായി വിറ്റഴിച്ചത്. വിവിധ ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹന നിർമാണത്തിന്റെ അടിസ്ഥാന ഘടകമായ അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ നീക്കം.
ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽനിന്നാണ് ബിറ്റ്കോയിൻ വില തകർന്നത്. 1,12,592 ഡോളറാണ് (99.91 ലക്ഷം രൂപ) ബിറ്റ്കോയിന്റെ വില. 9.5 ബില്ല്യൻ അതായത് 84,284 കോടി രൂപയാണ് ബിറ്റ്കോയിൻ നിക്ഷേപത്തിൽനിന്ന് ഒഴുകിപ്പോയത്. വിപണി മൂലധനം 8.12 ശതമാനം കുറഞ്ഞ് 2.23 ലക്ഷം കോടി ഡോളറിലെത്തി.
രണ്ടാമത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ഇഥേറിയം വില 3845 ഡോളറായി കുറഞ്ഞതായി കോയിൻമാർക്കറ്റ്കാപ് ഡാറ്റ വ്യക്തമാക്കുന്നു. അതുപോലെ, ബിനാൻസ് കോയിൻ 6.6 ശതമാനം ഇടിഞ്ഞ് 1094 ഡോളറും എക്സ്ആർപി 22.85 ശതമാനം ഇടിഞ്ഞ് 2.33 ഡോളറുമായി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.