ഷവോമി ഇന്ത്യയുടെ 5551.27 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

ബംഗളൂരു: ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട് ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ ബംഗളൂരു ആസ്ഥാനമായിട്ടുള്ള 'ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി'ന്‍റെ 5551.27 കോടി രൂപ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചൈന ആസ്ഥാനമായിട്ടുള്ള ഷവോമി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഷവോമി ഇന്ത്യയുടെ നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന തുകയാണ് വിദേശ നാണയ വിനിമയ ചട്ടം (ഫെമ) പ്രകാരം ഇ.ഡി പിടിച്ചെടുത്തത്.

2014 മുതൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഷവോമി ഇന്ത്യ 2015 മുതൽ ചൈനയിലെ മാതൃകമ്പനിയുടെ നിർദേശ പ്രകാരം റോയൽറ്റിയുടെ പേരിൽ വിദേശത്തേക്ക് അനധികൃതമായി പണം അയച്ചിട്ടുണ്ടെന്ന് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തി. ഷവോമി ഗ്രൂപ് ഉള്‍പ്പെടെ മൂന്നു വിദേശ കമ്പനികളിലേക്കാണ് പണം അയച്ചത്.

ഷവോമിയുമായി ബന്ധമില്ലാത്ത അമേരിക്ക ആസ്ഥാനമായുള്ളതാണ് മറ്റു രണ്ടു കമ്പനികള്‍. റോയൽറ്റിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പല സമയങ്ങളിലായി 5551.27 കോടി രൂപ ഇത്തരത്തിൽ വിദേശത്തേക്ക് അയച്ചത് ഫെമയിലെ സെക്ഷൻ നാലിന്‍റെ ലംഘനമാണെന്നും ഇ.ഡി അറിയിച്ചു. ഇത്തരത്തിൽ അയച്ച തുക ഷവോമി ഗ്രൂപ്പിന്‍റെ നേട്ടത്തിന് വേണ്ടിയാണെന്നും പണം വിദേശത്തേക്ക് അയക്കുമ്പോള്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കമ്പനി നൽകിയതെന്നും കണ്ടെത്തി.

വിദേശത്തേക്ക് അനധികൃതമായി പണം അയച്ചതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഏപ്രില്‍ ആദ്യം കമ്പനിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് മനു കുമാര്‍ ജെയിനെ ഇ.ഡി ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെ റീജനല്‍ ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു.

ഇന്ത്യയില്‍ ഷവോമിക്ക് പ്രതിവര്‍ഷം 34,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുണ്ട്. മൊബൈല്‍ ഫോണുകള്‍ നിര്‍മിച്ചുനല്‍കുന്നതിന് ഇന്ത്യയിലെ കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സാങ്കേതിക സഹായം നല്‍കുന്നില്ല. നേരത്തേ കമ്പനിയിൽ റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പിൽനിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം നടത്തിയത്.

Tags:    
News Summary - Xiaomi's ₹ 5,551 Crore Assets Seized Over Forex Violations: Probe Agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.